Sports News
നാട്ടുകാരെ ഓടിവരണേ.... റെയ്ന വീണ്ടും വരുന്നേ...
സ്പോര്‍ട്സ് ഡെസ്‌ക്
2022 Sep 02, 05:26 pm
Friday, 2nd September 2022, 10:56 pm

സുരേഷ് റെയ്ന ആരാധകര്‍ക്ക് സന്തോഷിക്കാവുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വരാനിരിക്കുന്ന ഐ.പി.എല്ലില്‍ താന്‍ കളിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് മിസ്റ്റര്‍ ഐ.പി.എല്‍ സുരേഷ് റെയ്‌ന.

വൈറ്റ്-ബോള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ സുരേഷ് റെയ്‌ന. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാള്‍ കൂടിയാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖമായിരുന്ന റെയ്‌ന ആരാധകരുടെ ചിന്ന തല കൂടിയായിരുന്നു. സി.എസ്.കെക്കായി എല്ലാ സീസണിലും മികച്ച പ്രകടനം കാഴ്ചവെച്ച റെയ്‌ന ടീമിന്റെ കിരീട നേട്ടങ്ങളിലും പങ്കാളിയായിരുന്നു.

പല മത്സരങ്ങളിലും നിര്‍ണായക പങ്കുവഹിച്ച താരത്തെ കഴിഞ്ഞ സീസണില്‍ ഒരു ടീം പോലും സ്വന്തമാക്കിയിരുന്നില്ല. തങ്ങളുടെ ചിന്ന തലയെ ടീമിലെടുക്കാത്തതില്‍ സി.എസ്.കെ ആരാധകര്‍ പോലും മാനേജ്‌മെന്റിനോട് കലിപ്പിലായിരുന്നു.

അടുത്ത സീസണില്‍ താരം ഐ.പി.എല്ലില്‍ കളിക്കുമോ എന്ന സംശയത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ സംശയങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഐ.പി.എല്ലിന്റെ 16ാം സീസണില്‍ താന്‍ കളിക്കുമെന്നാണ് റെയ്‌ന പറയുന്നത്.

വരാനിരിക്കുന്ന ഐ.പി.എല്ലിനായുള്ള മുന്നൊരുക്കങ്ങള്‍ താരം ഇപ്പോഴെ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

തന്റെ ജോലി കഠിനാധ്വാനമാണെന്നും ഐ.പി.എല്‍ പോലുള്ള ഒരു ലീഗിനായി സ്വയം ഫിറ്റ്നെസ് നിലനിര്‍ത്തണമെന്നും ദൈനിക് ജാഗരണിന് നല്‍കിയ അഭിമുഖത്തില്‍ റെയ്‌ന പറഞ്ഞു.

205 ഐ.പി.എല്‍ മത്സരത്തില്‍ 203 സിക്സുകളും 506 ഫോറുകളും ഉള്‍പ്പടെ 5,528 റണ്‍സ് താരം സ്വന്തമാക്കിയിട്ടുണ്ട്, 39 അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടുന്നു.

നിലവില്‍ ഐ.പി.എല്ലിലെ ഉയര്‍ന്ന റണ്‍ വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണ് സുരേഷ് റെയ്ന. സി.എസ്.കെക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂടിയ താരം എന്ന റെക്കോര്‍ഡും ഈ 35കാരന് സ്വന്തമാണ്.

2022ല്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി-20ലോകകപ്പില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ പങ്കിനെ കുറിച്ചും റെയ്ന സംസാരിച്ചു.

ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരങ്ങളില്‍ ദിനേഷ് കാര്‍ത്തിക്കിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിന് കഴിഞ്ഞിരുന്നു. വരാനിരിക്കുന്ന ലോകകപ്പിലും താരം ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.

ഇന്ത്യക്ക് വേണ്ടി ഇനിയും റണ്‍സുകള്‍ സ്‌കോര്‍ ചെയ്യാന്‍ കാര്‍ത്തിക്കിനെ സുരേഷ് റെയ്ന പിന്തുണക്കുകയും ചെയ്തു.

 

Content Highlight: Reports says Suresh Raina will return to IPL 2023