ഗംഭീർ പണി തുടങ്ങി, കാലങ്ങൾക്ക് ശേഷം സൂപ്പർതാരം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു; റിപ്പോർട്ട്
Cricket
ഗംഭീർ പണി തുടങ്ങി, കാലങ്ങൾക്ക് ശേഷം സൂപ്പർതാരം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th July 2024, 10:02 am

രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സിംബാബ്‌വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരക്ക് ശേഷം നടക്കുന്ന ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിലായിരിക്കും ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകകുപ്പായമാണിയുക.

ഇപ്പോഴിതാ ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ശ്രേയസ് അയ്യര്‍ തിരിച്ചുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചീഫ് സെലക്ടര്‍ അജിത്ത് അഗാര്‍ക്കറുമായി ഗംഭീര്‍ കൂടിക്കാഴ്ച്ച നടത്തുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2024ല്‍ ബി.സി.സി.ഐ ഉത്തരവ് ലംഘിച്ചുകൊണ്ട് രഞ്ജി ട്രോഫി കളിക്കാതിരുന്നതിന് പിന്നാലെ ശ്രേയസിനെ ബി.സി.സി.ഐയുടെ സെന്‍ട്രല്‍ കരാറില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനുശേഷം ശ്രേയസ് ഇന്ത്യന്‍ ടീമിനുവേണ്ടി കളിച്ചിരുന്നില്ല.

2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീട നേട്ടത്തിലെത്തിക്കാന്‍ അയ്യറിന് സാധിച്ചിരുന്നു. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ താരം ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ താരത്തിന് ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോവുകയായിരുന്നു.

2023 ഐ.സി.സി ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇന്ത്യക്കായി അയ്യര്‍ നടത്തിയത്. ലോകകപ്പില്‍ ഇന്ത്യക്കായി 11 മത്സരങ്ങളില്‍ നിന്നും 530 റണ്‍സാണ് താരം അടിച്ചെടുത്തത്.

അതേസമയം രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നീ പ്രധാന താരങ്ങള്‍ക്കെല്ലാം ശ്രീലങ്കക്കെതിരെയുള്ള പരമ്പരയില്‍ വിശ്രമം അനുവദിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു. രോഹിത്തിന് പകരം കെ.എല്‍ രാഹുല്‍ ആയിരിക്കും ഇന്ത്യന്‍ ടീമിനെ നയിക്കുക എന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

 

Content Highlight: Reports Says Shreyas Iyer Back to Indian Team against Sri Lankan Series