കഴിഞ്ഞ സമ്മറില്‍ പി.എസ്.ജിയില്‍ നിന്നും തന്നെ പുറത്താക്കാന്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ടീമിനോടാവശ്യപ്പെട്ട കാര്യം നെയ്മറിന് ബോധ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍. നെയ്മറിനെ പുറത്താക്കാന്‍ ടീം മാനേജ്‌മെന്റില്‍ എംബാപ്പെ പല ചരടുവലികളും നടത്തിയെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
എല്‍ എക്വിപ്പെ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ടീമിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ലൂയിസ് കാംപോസ് നെയ്മറിനെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഓഫര്‍ ചെയ്തിരുന്നു. എന്നാല്‍ സിറ്റിയുടെ കപ്പിത്താന്‍ പെപ് ഗ്വാര്‍ഡിയോളക്ക് ഈ നീക്കത്തില്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് നെയ്മര്‍ പാര്‍ക് ഡെസ് പ്രിന്‍സസില്‍ തന്നെ തുടര്‍ന്നത്.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, തന്നെ പുറത്താക്കാന്‍ എംബാപ്പെ ക്ലബ്ബിനുള്ളില്‍ സമ്മര്‍ദം ചെലുത്തിയെന്ന കാര്യം നെയ്മറിന് വ്യക്തമായിട്ടുണ്ട്.
വെക്കേഷന് ശേഷം ടീമിലെത്തിയ നെയ്മര്‍ എംബാപ്പെയുമായി അടുപ്പം പുലര്‍ത്തുന്നില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
സ്റ്റാര്‍ സ്റ്റഡ്ഡഡ് ടീമില്‍ തനിക്ക് പ്രാധാന്യം നഷ്ടപ്പെടുമോ എന്ന എംബാപ്പെയുടെ ഈഗോയാണ് പി.എസ്.ജിയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2021ല്‍ മെസി കൂടി പി.എസ്.ജിയില്‍ എത്തിയതോടെ എംബാപ്പെയുടെ ഈഗോയും വളര്‍ന്നു.
കളിക്കളത്തില്‍ മികച്ച പ്രകടനം തുടരുമ്പോഴും സഹതാരങ്ങളുമായി മികച്ച ബന്ധം പുലര്‍ത്താന്‍ എംബാപ്പെക്ക് സാധിക്കുന്നില്ല. ലഭിക്കുന്ന എല്ലാ അവസരങ്ങളിലും ഗ്ലബ്ബിലെ തന്റെ പ്രത്േക അധികാരം ഉപയോഗിക്കാന്‍ എംബാപ്പെ ശ്രമിക്കാറുണ്ട്.
അതേസമയം, എംബാപ്പെ പി.എസ്.ജിയുമായുള്ള കരാര്‍ പുതുക്കിയിട്ടുണ്ട്. വെറുതെ പുതുക്കുകയായിരുന്നില്ല, മറിച്ച് പല നിബന്ധനകളും മുന്നോട്ട് വെച്ച ശേഷമാണ് താരം കരാര്‍ പുതുക്കാന്‍ സമ്മതിച്ചത്.
എംബാപ്പെ മുന്നോട്ട് വെച്ച പ്രധാന നിബന്ധനകളിലൊന്ന് സ്പോര്‍ടിങ് ഡിസിഷനുള്ള അധികാരം വേണമെന്നുള്ളതാണ്. ഇതുപ്രകാരം നിരവധി താരങ്ങള്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ പുറത്തായേക്കാം.
നെയ്മറുടെ പേരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നുവെന്നാണ് നിരവധി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇരുവരും തമ്മില്‍ ഉടലെടുത്ത അസ്വാരസ്യങ്ങളാണ് നെയ്മറിന് പി.എസ്.ജിയില്‍ നിന്നും പുറത്തേക്കുള്ള വഴി തുറക്കാന്‍ കാരണമാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍, നെയ്മറിന് പുറമെ ആന്‍ഡര്‍ ഹരേര, മൗറോ ഇക്കാര്‍ഡി, ജൂലിയന്‍ ഡ്രാക്സ്ലര്‍എന്നിവരടക്കമുള്ളവരെ ഓഫ് ലോഡ് ചെയ്യാനും എംബാപ്പെ പ്രത്യേക തീരുമാനങ്ങള്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ ഈ മൂന്ന് താരങ്ങളും ലോണ്‍ അടിസ്ഥാനത്തില്‍ മറ്റ് ക്ലബ്ബുകളില്‍ കളിക്കുകയാണ്. ഹരേര അത്ലറ്റിക് ക്ലബ്ബിനൊപ്പവും ഇക്കാര്‍ഡി ഗലറ്റാസരേക്കൊപ്പവും ഡ്രാക്സര്‍ ബെന്‍ഫിക്കക്ക് വേണ്ടിയുമാണ് ഇപ്പോള്‍ കളിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം എംബാപ്പെയാണ് ഈ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍.
എന്നാല്‍ ലോണ്‍ കാലാവധി കഴിഞ്ഞ് ഇവര്‍ മടങ്ങി വരുന്നതിനാല്‍ വരാനിരിക്കുന്ന ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഇവരുടെ പെര്‍മെനന്റ് എക്സിറ്റ് ഉറപ്പാക്കാന്‍ എംബാപ്പെക്ക് ആകുമോ എന്ന കാര്യം ഇനി കണ്ടറിയണം.
Content Highlight: Reports says Neymar convinced Kylian Mbappe asked PSG to sell him