ഇന്റര്‍ മയാമിയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത മുന്നേറ്റമാണ് സൂപ്പര്‍ താരം ലണല്‍ മെസിക്ക് കീഴില്‍ ഇന്റര്‍ മയാമി നടത്തിക്കൊണ്ടിരിക്കുന്നത്. 2023ല്‍ 14ാം സ്ഥാനത്തായിരുന്നു മയാമി ഫിനിഷ് ചെയ്തത്, ആകെ 15 ടീമുകള്‍ മാത്രമായിരുന്നു ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ ഉണ്ടായിരുന്നത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. എന്നാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ ഒന്നാം സ്ഥാനത്താണ് ഹെറോണ്‍സ് തുടരുന്നത്.
മയാമിക്ക് ഇതുവരെ നേടാന്‍ സാധിക്കാത്ത കിരീടനേട്ടവും മെസിക്ക് കീഴില്‍ ടീം സ്വന്തമാക്കിയിരുന്നു. നാഷ്‌വില്ലിനെതിരെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മയാമി ലീഗ്‌സ് കപ്പ് കിരീടം നേടിയത്. ഗോള്‍ കീപ്പര്‍മാര്‍ അടക്കം ടീമിലെ 11 പേരും കിക്കെടുത്ത മത്സരത്തിനൊടുവിലാണ് മയാമി കപ്പുയര്‍ത്തിയത്.
മയാമിയെ തങ്ങളുടെ ആദ്യ ലീഗ് കിരീടത്തിലേക്ക് നയിക്കുന്ന മെസിയെ സംബന്ധിച്ചുള്ള നിര്‍ണായക അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ടീമില്‍ താരത്തിന്റെ ഭാവിയെ കുറിച്ചുള്ള അപ്‌ഡേറ്റാണ് എല്‍ നാഷണല്‍ പുറത്തുവിട്ടിരിക്കുന്നത്.
2025 ഡിസംബര്‍ വരെയാണ് മെസിക്ക് ഇന്റര്‍ മയാമിയുമായി കരാറുള്ളത്. അതിന് ശേഷം മെസി തന്റെ ബാല്യകാല ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിലേക്ക് മടങ്ങുമെന്നാണ് എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ന്യൂവെല്‍സിലേക്ക് മടങ്ങാന്‍ താന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് മെസി നേരത്തെ പലപ്പോഴായി പറഞ്ഞിരുന്നു.
ഭാവിയില്‍ ന്യൂവെല്‍സില്‍ കളിക്കണമെന്ന് 2016ല്‍ നല്‍കിയ അഭിമുഖത്തില്‍ മെസി പറഞ്ഞിരുന്നു. ദി മിററിനെ ഉദ്ധരിച്ച് സ്പാനിഷ് മാഗസിനായ എല്‍ പ്ലാനെറ്റ അര്‍ബനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ഒരിക്കല്‍ക്കൂടി ന്യൂവെല്‍സില്‍ കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് എനിക്കൊരു ധാരണയില്ല. ഇപ്പോള്‍ എനിക്കൊരു കുടുംബമുണ്ട്. എന്റെ കുട്ടികള്‍ ശാന്തവും സമാധനപരവുമായ ഒരു അന്തരീക്ഷത്തില്‍ വളരണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്, ഇക്കാരണം കൊണ്ടുതന്നെ എന്റെ ഭാവി എന്താകുമെന്ന് എനിക്കറിയില്ല,’ എന്നാണ് മെസിയെ ഉദ്ധരിച്ച് ടി.വൈ.സി സ്‌പോര്‍ട്‌സും റിപ്പോര്‍ട്ട് ചെയ്തത്.
🎇🇦🇷 The special moment Leo Messi returned to Newell’s Old Boys, which was his first professional club! pic.twitter.com/ZlEQrfoh07
1995 മുതല്‍ 2000 വരെയാണ് മെസി ന്യൂവെല്‍സില്‍ തന്റെ കരിയര്‍ ചെലവഴിച്ചത്. മയാമിയുമായുള്ള കരാര്‍ അവസാനിക്കുമ്പോള്‍ 2026 ജനുവരിയില്‍ താരം വീണ്ടും തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്.
അതേസമയം, മയാമിക്കൊപ്പം അടുത്ത മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് മെസി. സെപ്റ്റംബര്‍ 29ന് ചെയ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഷാര്‍ലെറ്റ് എഫ്.സിയാണ് എതിരാളികള്‍.
കളിച്ച 30 മത്സരത്തില്‍ നിന്നും 19 ജയവും ഏഴ് സമനിലയും നാല് തോല്‍വിയുമായി 64 പോയിന്റോടെയാണ് മയാമി ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള സിന്‍സിനാട്ടിയെക്കാള്‍ എട്ട് പോയിന്റ് ലീഡാണ് നിലവില്‍ ടീമിനുള്ളത്.
Content highlight: Reports says Messi will return to Newell’s Old Boys after his contract with Inter Miami end in 2025