മാഞ്ചസ്റ്ററിന്റെ നെടുംതൂണായിരുന്നവനെ സൗദിയിലെത്തിക്കാന്‍ നേരിട്ടിറങ്ങി റൊണാള്‍ഡോ: റിപ്പോര്‍ട്ട്
മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയയെ സൗദിയിലെത്തിക്കാന്‍ അല്‍ നസര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അല്‍ നസര്‍ നായകനും മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഡി ഗിയയുടെ സൈനിങ്ങില്‍ പ്രധാന പങ്കുവഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സൗദി പ്രോ ലീഗില്‍ തനിക്കൊപ്പം കളിക്കാന്‍ റൊണാള്‍ഡോ ഡി ഗിയയുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് 90 മിനിട്ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നിരുന്നാലും യുവേഫ ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ ആഗ്രഹിക്കുന്ന ഡി ഗിയ റൊണാള്‍ഡോയുടെ നിര്‍ദേശത്തില്‍ വഴങ്ങിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഈ സമ്മറില്‍ ഡി ഗിയ ഓള്‍ഡ് ട്രാഫോര്‍ഡ് വിട്ടിരുന്നു. എന്നാല്‍ അനുയോജ്യമായ ഒരു ക്ലബ്ബ് കണ്ടെത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. കൂടുതല്‍ മികച്ച ടീമുകളില്‍ നിന്നുള്ള ഓപ്ഷനുകള്‍ക്കായി ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ വരെ കാത്തിരിക്കാനും ഡി ഗിയ തയ്യാറാണ്.
തങ്ങളുടെ ഫസ്റ്റ് ചോയ്‌സ് ഷോട്ട് സ്‌റ്റോപ്പര്‍മാരായ മാനുവല്‍ നൂയറിനും തിബൗട്ട് കോര്‍ട്വായ്ക്കും പരിക്കേറ്റതിനാല്‍ ബയേണ്‍ മ്യൂണിക്കും റയല്‍ മാഡ്രിഡും ഡി ഗിയയെ സൈന്‍ ചെയ്യുന്നത് പരിഗണിച്ചിരുന്നു. എന്നാല്‍ റെഡ് ഡെവിള്‍സ് ജയന്റിന് പകരം മറ്റുതാരങ്ങളെ ഇരുവരും തങ്ങളുടെ പാളയത്തിലെത്തിക്കുകയായിരുന്നു.
ഡി ഗിയക്കായി ഖത്തര്‍ ക്ലബ്ബുകളില്‍ നിന്നടക്കം നിരവധി ഓഫറുകള്‍ വന്നെങ്കിലും യൂറോപ്പില്‍ തുടരാനുള്ള തീരുമാനത്തിന്റെ പുറത്ത് അതെല്ലാം നിഷേധിക്കുകയായിരുന്നു.
ജനുവരിയില്‍ ശരിയായ ക്ലബ്ബ് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ 32ാം വയസില്‍ താരം വിരമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മാഞ്ചസ്റ്ററിനായി 545 മത്സരങ്ങള്‍ കളിച്ച ഡി ഗിയ 190 ക്ലീന്‍ ഷീറ്റുകളാണ് കരിയറില്‍ നേടിയത്. നാല് തവണ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും ഡി ഗിയ നേടിയിരുന്നു. ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് ഡി ഗിയക്ക് പുറമെ നാല് തവണ യുണൈറ്റഡിന്റെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയത്.
പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, രണ്ടു ലീഗ് കപ്പ്, യൂറോപ്പ ലീഗ് എന്നിവ ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിച്ച ഡി ഗിയ രണ്ടു തവണ ഗോള്‍ഡന്‍ ഗ്ലൗവും സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ സീസണില്‍ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് താരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒഴിവാക്കുന്നത്. തന്നെ ഒഴിവാക്കിയ രീതിയില്‍ താരത്തിന് നിരാശയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content Highlight: Reports says Al Nassr tries to sign David De Gea