മാനസികമായി തളര്‍ന്നെന്ന് ബി.സി.സി.ഐയോട് പറഞ്ഞ ഇഷാന്‍ ദുബായില്‍ പാര്‍ട്ടിയില്‍, ഭാവി തന്നെ അവതാളത്തില്‍; റിപ്പോര്‍ട്ട്
Sports News
മാനസികമായി തളര്‍ന്നെന്ന് ബി.സി.സി.ഐയോട് പറഞ്ഞ ഇഷാന്‍ ദുബായില്‍ പാര്‍ട്ടിയില്‍, ഭാവി തന്നെ അവതാളത്തില്‍; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th January 2024, 7:26 pm

അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണും ജിതേഷ് ശര്‍മയുമാണ് ഇടം പിടിച്ചത്. ഇഷാന്‍ കിഷന്‍ ടീമിന്റെ ഭാഗമാകാത്തത് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയടക്കമുള്ളവര്‍ ഇഷാനെ ഒഴിവാക്കിയതില്‍ പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോ എന്നടക്കം ചോദിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഈ ഒഴിവാക്കലിന് പിന്നില്‍ കാരണമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം ബി.സി.സി.ഐ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫാമിലി എമര്‍ജന്‍സി കാരണം സ്‌ക്വാഡില്‍ നിന്നും ഒഴിവായ താരം ദുബായില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തത് അപെക്‌സ് ബോര്‍ഡിനെ ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ കെ.എല്‍. രാഹുലിനെയും ഇഷാന്‍ കിഷനെയുമാണ് മാനേജ്‌മെന്റ് ആദ്യം തെരഞ്ഞെടുത്തത്. ടീമിനൊപ്പം ഒരു സ്‌പെഷ്യലിസ്റ്റ് വീക്കറ്റ് കീപ്പര്‍ വേണമെന്നതിനാല്‍ രാഹുല്‍ ഇലവന്റെ ഭാഗമാകുമെന്ന് ഏറെക്കുറെ ഉറപ്പുമായിരുന്നു.

ഇതിന് പിന്നാലെയാണ് ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാകുന്നത്. ഫാമിലി കമ്മിറ്റ്‌മെന്റുകളുണ്ടെന്ന് കാണിച്ചാണ് താരം സ്‌ക്വാഡില്‍ നിന്നും പിന്‍വാങ്ങിയത്. ഇതോടെ പകരക്കാരനായി കെ.എസ്. ഭരത്തിനെ ഉള്‍പ്പെടുത്തുക എന്നത് മാത്രമായിരുന്നു ബി.സി.സി.ഐക്ക് മുമ്പിലുണ്ടായിരുന്ന വഴി.

നിരന്തരമായ വര്‍ക് ഷെഡ്യൂളുകള്‍ കാരണം ഇഷാന്‍ കിഷന്‍ സെലക്ടര്‍മാരോട് ഇടവേള ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരത്തെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇഷാന്‍ സ്‌ക്വാഡില്‍ നിന്നും പിന്‍വാങ്ങിയത്.

 

എന്നാല്‍ വീട്ടിലേക്ക് മടങ്ങുന്നതിന് പകരം താരം ദുബായില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

‘ടീമിനൊപ്പമുള്ള സ്ഥിരമായ യാത്രകള്‍ കാരണം മാനസികമായി തളര്‍ന്നുവെന്നും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്നുമാണ് അവന്‍ മാനേജ്‌മെന്റിനോട് പറഞ്ഞത്. എന്നാല്‍ അവന്‍ വീട്ടിലേക്ക് മടങ്ങാതെ ദുബായിലേക്ക് പറക്കുകയും പാര്‍ട്ടികളില്‍ പങ്കെടുക്കുകയുമായിരുന്നു,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത് താരത്തിന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഫ്ഗാനിസ്ഥാനെതിരായ പരമ്പരക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണില്‍ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ കളിക്കും. ഇതിനുള്ള സ്‌ക്വാഡ് ടീം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഇഷാന്‍ സ്‌ക്വാഡിലുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

 

Content highlight: Reports say that Ishan Kishan told BCCI that he was suffering from mental breakdown but was seen attending a party in Dubai.