നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കാന്‍ കേന്ദ്രം; പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ടയായേക്കും
national news
നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കാന്‍ കേന്ദ്രം; പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ടയായേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st August 2023, 7:37 pm

ന്യൂദല്‍ഹി: രാജ്യത്ത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താനാണ് നീക്കം. ബില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സോഴ്‌സുകളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്. അഞ്ച് ദിവസം ക്രിയാത്മക ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രഹ്ലാദ് ജോഷി പറഞ്ഞു. എന്നാല്‍ എന്ത് തരത്തിലുള്ള ചര്‍ച്ചകളാണ് ഈ സമ്മേളനത്തില്‍ ഉണ്ടാകുക എന്ന് മന്ത്രി വ്യക്തമാക്കിയില്ല.

ഈ സമയത്തിനുള്ളില്‍ കേന്ദ്രം ബില്‍ കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ ചട്ടം അനുസരിച്ച് ഓരോ നിയമസഭയിലേയും ലോക്‌സഭയിലേയും കാലാവധി പൂര്‍ത്തീകിച്ച ശേഷമാകും തെരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ ബില്ല് യാഥാര്‍ത്ഥ്യമായാല്‍ നിലവിലുള്ള നിയമസഭകളെ ഇത് അട്ടിമറിക്കും എന്നാണ് പ്രതിപക്ഷ ആരോപണം.

ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. ഇതിനിടയിലാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നത്. പ്രതിപക്ഷവുമായി ആലോചിക്കാതെയാണ് സമ്മേളനം തീരുമാനിച്ചത്.

ഡിസംബറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രം നീക്കം നടത്തുന്നുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി അടക്കമുള്ളവര്‍ നേരത്തെ ആരോപിച്ചിരുന്നത്. ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ സെപ്റ്റംബറിലെങ്കിലും ലോക്‌സഭ പിരിച്ചുവിടേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണോ പ്രത്യേക പാര്‍ലമെന്റ് വിളിച്ചതെന്ന അഭ്യൂഹങ്ങളുമുണ്ട്.

Content Highlight: Reported that the central government is moving to bring an election bill in the country