കൊച്ചി: പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം കൂടുന്നു. ചികിത്സ തേടിയവരുടെ എണ്ണം 68 ആയി. പറവൂര്‍, തൃശൂര്‍, കളമശ്ശേരി എന്നിവിടങ്ങളിലാണ് ഭക്ഷ്യവിഷബാധയേറ്റവര്‍ ചികിത്സതേടിയത്.
പറവൂരിലെ താലൂക്ക് ആശുപത്രിയില്‍ 28 പേരാണ് ചികിത്സയിലുള്ളത്. 20 പേരെ സ്വകാര്യ ആശുപത്രിയിലേക്കും ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കും മാറ്റി. തൃശൂരില്‍ 12 പേരും കോഴിക്കോട് നാല് പേരും ചികിത്സ തേടിയിട്ടുണ്ട്.
തിങ്കളാഴ്ച പറവൂര്‍ ടൗണിലുള്ള മജിലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നഗരസഭയുടെ ആരോഗ്യവിഭാഗം ഹോട്ടല്‍ പൂട്ടിച്ചിരുന്നു. രാവിലെ ആറ് മണിയോടെയാണ് ഇവിടുന്ന് ഭക്ഷണം കഴിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ഓരോ മണിക്കൂറിലും എണ്ണം ഉയരുകയായിരുന്നു.
ഹോട്ടലിലെ ഏത് ഭക്ഷണത്തില്‍ നിന്നാണ് വിഷബാധ സംഭവിച്ചയേറ്റന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. മാംസത്തില്‍ നിന്നാണോ മയോണൈസില്‍ നിന്നാണോ വിഷബാധ സംഭവിച്ചതെന്നതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടിവരും. അതുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.