ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതില്‍ പ്രതികരിച്ച് ഇസ്രഈല്‍. ഇസ്രഈല്‍ പ്രധാനമന്ത്രിയുടെയും സുരക്ഷാ മന്ത്രിയുടെയുമെല്ലാം അഭിനന്ദനങ്ങള്‍ വന്നതോടെയാണ് പ്രതികരണങ്ങള്‍ ശ്രദ്ധേയമാവുന്നത്.
ഇസ്രഈല്‍ ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വീര്‍ ട്വിറ്ററില്‍ യെസ് എന്ന് പോസ്റ്റ് ചെയ്തതോടെ അമേരിക്കയോടുള്ള ഇസ്രഈലിന്റെ താത്പര്യം വീണ്ടും വ്യക്തമാവുന്നത്.
യെസ് എന്ന പോസ്റ്റും ഇസ്രഈലിന്റെയും അമേരിക്കയുടെയും പതാകയുടെ ഇമോജിയുമാണ് പോസ്റ്റിന്റെ അടിക്കുറിപ്പായി ഇസ്രഈല്‍ മന്ത്രി പങ്കുവെച്ചിരിക്കുന്നത്.
പിന്നാലെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തില്‍ എക്‌സ് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. തിരിച്ചുവരവിന് ട്രംപിനും പ്രഥമ വനിതയായ മെലാനിയ ട്രംപിനും അഭിനന്ദനമറിയിച്ചുകൊണ്ടാണ് നെതന്യാഹുവിന്റെ പ്രതികരണം.
ഇസ്രഈലും അമേരിക്കയും തമ്മിലുള്ള മഹത്തായ സഖ്യത്തിന്റെ പ്രതിബദ്ധത രൂപപ്പെടുത്തുന്ന വിജയമാണിതെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ട്രംപ് ഭരണത്തില്‍ തിരിച്ചെത്തിയതില്‍ ആഘോഷിക്കുന്ന രാജ്യം കൂടിയാണ് ഇസ്രഈലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇസ്രഈലില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ ട്രംപിനെ അനുകൂലിച്ചും റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയത്തിലെത്തുമെന്നുമായിരുന്നു റിസള്‍ട്ടുകള്‍.
അമേരിക്കയുടെ 47ാമത് പ്രസിഡന്റായാണ് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. സ്വിങ് സ്റ്റേറ്റുകളില്‍ ഏഴിടത്തും ആധിപത്യം ഉറപ്പിച്ചാണ് ട്രംപ് വിജയത്തിലേക്കെത്തിയത്. അമേരിക്കന്‍ ചരിത്രത്തില്‍ 127 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരിക്കല്‍ തെരഞ്ഞെടുപ്പില്‍ തോറ്റ പ്രസിഡന്റ് വീണ്ടും അധികാരത്തില്‍ എത്തുന്നത്.
സെനറ്റിലും ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം മറികടക്കുകയുണ്ടായി. ഇലക്ടറല്‍ വോട്ടുകള്‍ക്ക് പുറമെ പോപ്പുലര്‍ വോട്ടുകളിലും ട്രംപ് തന്നെയായിരുന്നു മുന്നില്‍.
Content Highlight: Report says Israel is the country that celebrates Trump’s victory the most