വാഷിംഗ്ടണ്‍: ഇസ്രഈലും യു.എ.ഇയും തമ്മിലുള്ള സൗഹൃദത്തിന് ധാരണയായതിനു പിന്നാലെ മറ്റൊരു അറബ് രാജ്യവും ഇസ്രഈലുമായി അടുക്കാനൊരുങ്ങുന്നു എന്ന് സൂചന. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകനും മരുമകനുമായ ജാരെദ് കുഷ്‌നറാണ് മാധ്യമങ്ങളോട് ഇക്കാര്യം സൂചിപ്പിച്ചത്.
‘വരും ദിവസങ്ങളില്‍ മറ്റൊരു രാജ്യവും ഇസ്രഈലുമായി കരാറിലാവാനുള്ള നല്ല സാധ്യതയുണ്ട്,’ ജാരേദ് കുഷ്‌നര്‍ മാധ്യമങ്ങളോട് പറഞ്ഞു.
യു.എ.ഇ- ഇസ്രഈല്‍ ധാരണയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ ഒമാനും ബഹ്‌റിനും ഇസ്രഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനൊരുങ്ങുന്നെന്നാണ് പേരു വെളിപ്പെടുത്താത്ത യു.എസിലെ ഒരു ഉദ്യോഗസ്ഥന്‍ അല്‍ ഖുദ്‌സ് പത്രത്തോട് പ്രതികരിച്ചിരിക്കുന്നത്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇവയില്‍ ഒരു രാജ്യത്തിന്റെ പേരും പരാമര്‍ശിച്ചിട്ടില്ല. അതേ സമയം ഇതിന്റെ സൂചന ട്രംപ് നല്‍കിയിരുന്നു.
‘ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ എനിക്ക് പറയാന്‍ കഴിയില്ല,’ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്. യു.എ.ഇ-ഇസ്രഈല്‍ ധാരണയ്ക്ക് പിന്നാലെ അടുത്ത മൂന്നാഴ്ചക്കുള്ളില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ വൈറ്റ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍, സുരക്ഷ, ടെലി കമ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ വിവിധ കരാറുകളില്‍ ഒപ്പു വെക്കും.