Football
തിരിച്ചടികളിൽ നിന്നും റൊണാൾഡോയെയും സംഘത്തെയും രക്ഷിക്കാൻ ബ്രസീലിൽ നിന്നും ഗോളടിവീരൻ എത്തുന്നു? റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 25, 07:50 am
Sunday, 25th August 2024, 1:20 pm

സൗദി വമ്പന്‍മാരായ അല്‍ നസര്‍ ബ്രസീലിയന്‍ യുവതാരം വെസ്ലി ഗാസോവയെ സൈന്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയുടെ റിപ്പോര്‍ട്ട് പ്രകാരം വെസ്ലി ഗാസോവയുമായി അല്‍ നസര്‍ കരാറിലെത്തിയെന്നാണ് പറയുന്നത്. അല്‍ നസര്‍ 20 മില്യണ്‍ തുകയുടെ  ഓഫറാണ് ബ്രസീലിയന്‍ താരത്തിന് മുന്നില്‍ വെച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബ്രസീലിയന്‍ ക്ലബ്ബായ കൊറിന്ത്യന്‍സിന്റെ താരമാണ് വെസ്ലി. ക്ലബ്ബിന്റെ യൂത്ത് ടീമിലെ മിന്നും പ്രകടനങ്ങളാണ് വെസ്ലിയെ കൊറിന്ത്യന്‍സിന്റെ മെയിന്‍ ടീമിലെത്തിച്ചത്. ബ്രസീലിയന്‍ ക്ലബ്ബിനൊപ്പമുള്ള തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ അധികം വൈകാതെ തന്നെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ വെസ്ലിയുടെ പേര് ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങി.

കൊറിന്ത്യന്‍സിന് വേണ്ടി 84 മത്സരങ്ങളിലാണ് വെസ്ലി ബൂട്ട് കെട്ടിയിട്ടുള്ളത്. ഈ സീസണില്‍ 46 മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളും താരം നേടി.

അതേസമയം അല്‍ നസറിന്റെ സെനഗല്‍ സൂപ്പര്‍താരം സാദിയോ മാനെ ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. സൗദി ക്ലബ്ബായ അല്‍ ഇത്തിഹാദിലേക്കാണ് സാദിയോ മാനെ പോകുന്നതെന്നാണ് ദി അല്‍ നസര്‍ സോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ സാഹചര്യത്തില്‍ ബ്രസീലിയന്‍ താരത്തിന്റെ ട്രാന്‍സ്ഫര്‍ നടക്കുകയാണെങ്കില്‍ അല്‍ നസറിന് വലിയ ആശ്വാസമായിരിക്കും നല്‍കുക.

സൗദി പ്രോ ലീഗിന്റെ പുതിയ സീസണില്‍ അത്ര മികച്ച തുടക്കമായിരുന്നില്ല അല്‍ നസറിന് ലഭിച്ചത്. ആദ്യ മത്സരത്തില്‍ അല്‍ റെയ്ദിനെതിരെ സമനിലയില്‍ കുടുങ്ങുകയായിരുന്നു സൗദി വമ്പന്മാര്‍. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.

ഇതിന് മുമ്പ് നടന്ന സൗദി സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ അല്‍ ഹിലാലിനോടും അല്‍ നസര്‍ തോല്‍വി നേരിട്ടിരുന്നു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു നിലവിലെ സൗദി ചാമ്പ്യന്മാര്‍ അല്‍ നസറിനെ വീഴ്ത്തിയത്.

സൗദി പ്രോ ലീഗില്‍ ഓഗസ്റ്റ് 27ന് അല്‍ ഫെയ്ഹക്കെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയമാണ് വേദി.

 

Content Highlight: Report Says Al Nassr Are Sign Brazil Player Wesley Gassova