സംസ്‌കാരവും പാരമ്പര്യവും മറന്നോ, അമ്മാവന്‍ വസന്തങ്ങള്‍ എണീറ്റില്ലേയെന്ന് മറുപടി; അനശ്വരയുടെ പോസ്റ്റിലെ വിദ്വേഷ കമന്റുകള്‍ക്ക് കിടിലന്‍ മറുപടികള്‍
Film News
സംസ്‌കാരവും പാരമ്പര്യവും മറന്നോ, അമ്മാവന്‍ വസന്തങ്ങള്‍ എണീറ്റില്ലേയെന്ന് മറുപടി; അനശ്വരയുടെ പോസ്റ്റിലെ വിദ്വേഷ കമന്റുകള്‍ക്ക് കിടിലന്‍ മറുപടികള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd October 2022, 10:27 am

അനശ്വര രാജന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സൈബര്‍ അറ്റാക്ക്. അനശ്വര പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തിന്റെ കമന്റ് ബോക്‌സിലാണ് ‘വസ്ത്രത്തിലെ മാന്യത’ പഠിപ്പിക്കാന്‍ ചില അക്കൗണ്ടുകളെത്തിയത്. എന്നാല്‍ ഇവര്‍ക്കുള്ള മറുപടി കമന്റില്‍ തന്നെ വരുന്നുണ്ട്.

സിനിമയില്‍ അവസരം കുറയുന്നുണ്ടല്ലേ?, കുറച്ചുകൂടി ചെറിയ ഡ്രസ്സ് ഇടാമായിരുന്നു, നമ്മുടെ സംസ്‌കാരവും പാരമ്പര്യവും എന്താണെന്ന് ഈ കുട്ടിക്ക് അറിയില്ലേ. ഈ ലോകം ഇതെങ്ങോട്ട്, മോള്‍ടെ വീട്ടില്‍ ചോദിക്കാന്‍ ആരുമില്ലേ. തുണിയുടെ അളവ് കുറഞ്ഞു വരുന്നു കലികാലം, നമ്മുടെ നാടിന് ഒരു സംസ്‌കാരം ഉണ്ട്, ചരിത്രം ഉണ്ട്, പാരമ്പര്യം ഉണ്ട്. ചാന്നാര്‍ ലഹളയും, മാറു മറയ്ക്കല്‍ സമരവും നടന്ന ഈ നാട്ടില്‍ ഇങ്ങനെയൊരു വസ്ത്രത്തില്‍ ഒരു ഫോട്ടോ ഇടാന്‍ തോന്നിയ കുട്ടിയുടെയൊക്കെ മനസ്? പറഞ്ഞിട്ട് കാര്യമില്ല, കലികാലം അല്ലാതെ എന്ത് എന്നിങ്ങനെ പോകുന്നു വിദ്വേഷ കമന്റുകള്‍.

അതേസമയം അനശ്വരയെ പിന്തുണച്ചും വിദ്വേഷ കമന്റുകളെ വിമര്‍ശിച്ചുമുള്ള കമന്റുകളും ഉണ്ട്. തുണിയുടെ അളവ് എടുക്കുന്നവര്‍ വന്നു തുടങ്ങിയോ കമന്റ് ബോക്‌സില്‍, വസന്തങ്ങള്‍ ഒന്നും എണീറ്റില്ലെന്നു തോന്നുന്നു, എന്തോരം കരുതലാണീ അമ്മാവന്മാര്‍ക്ക് എന്നിങ്ങനെയാണ് അനശ്വരയെ പിന്തുണച്ചുകൊണ്ട് വന്ന കമന്റുകള്‍.

രസകരമായി ചില സര്‍ക്കാസ്റ്റിക്ക് കമന്റുകളും ഇക്കൂട്ടത്തില്‍ ശ്രദ്ധ നേടിയിരുന്നു. എന്റെ കണ്ണുകള്‍ക്ക് ഇത് താങ്ങാന്‍ പറ്റുന്നില്ല എന്ത് മോശപ്പെട്ട വസ്ത്രം ആണ് താങ്കള്‍ അണിഞ്ഞിരിക്കുന്നത് നമ്മുടെ മലയാള സംസ്‌കാരം മറന്നോ? പെട്ടെന്ന് തന്നെ ഒരു വെള്ള തുണിയോ രണ്ട് ഓല കീറോ എടുത്ത് മറയ്ക്കുക, ഹൈ കേരള സംസ്‌കാരത്തിന് യോജിച്ച വസ്ത്രമല്ലല്ലോ കുട്ടി ഇതൊന്നും, നരകത്തിലെ വിറക് കൊള്ളി ആവണ്ട എന്നുണ്ടെങ്കില്‍ ആ ഫോട്ടോ അങ്ങട് ഡിലീറ്റ് ഞെക്കുക എന്നിങ്ങനെയാണ് സര്‍ക്കാസ്റ്റിക്ക് കമന്റുകള്‍.

മൈക്കാണ് ഒടുവില്‍ റിലീസ് ചെയ്ത അനശ്വരയുടെ ചിത്രം. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തില്‍ രഞ്ജിത്ത് സജീവാണ് നായകനായത്. ബോളിവുഡ് താരം ജോണ്‍ എബ്രഹാമായിരുന്നു ചിത്രം നിര്‍മിച്ചത്.

Content Highlight: replies to the hateful comments on Anaswara’s post