വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റം നിയമപരമല്ല: ഹൈക്കോടതി
Kerala
വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റം നിയമപരമല്ല: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th December 2012, 12:02 am

കൊച്ചി: വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റം നിയമപരമല്ലെന്ന് ഹൈകോടതി. മുസ്ലിം യുവാവ് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഹിന്ദുമതത്തിലേക്ക് മാറിയ ശേഷം കാമുകിയായ ഹിന്ദു യുവതിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്നുള്ള ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കുമ്പോഴാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഈ നിരീക്ഷണം. []

പ്രണയത്തെ മതവുമായി കൂട്ടിക്കുഴക്കരുതെന്ന് ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ചൂണ്ടിക്കാട്ടി.

വിശ്വഹിന്ദു പരിഷത്ത് നല്‍കിയ മതം മാറ്റ സര്‍ട്ടിഫിക്കറ്റും എറണാകുളം കലൂരിലെ ക്ഷേത്രത്തില്‍ നിന്ന് നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റും യുവാവ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തന്റെ ഭാര്യയെ വീട്ടുകാര്‍ തടഞ്ഞുവെച്ചുവെന്ന് കാണിച്ച് കൊല്ലം അഞ്ചല്‍ സ്വദേശിയായ ഷൈജു നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനക്കെത്തിയത്.

കോടതി നിര്‍ദേശപ്രകാരം യുവതിയെ കോടതിയില്‍ ഹാജരാക്കി. നവംബര്‍ 14ന് തങ്ങളുടെ വിവാഹം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ നടന്നതായി യുവതി കോടതിയെ അറിയിച്ചു. വിവാഹത്തിന് മുമ്പ് ഷൈജു മതം മാറിയതായും ഇതിന് വി.എച്ച്.പി നേതൃത്വം വഹിച്ചതായും യുവതി വ്യക്തമാക്കി.

എന്നാല്‍, യുവാവിന്റെ മതം മാറ്റം യുവതിയുടെ പിതാവ് അംഗീകരിക്കാന്‍ തയാറായില്ല. ഇരുവീട്ടുകാരും തമ്മില്‍ സാമ്പത്തികമായി വലിയ അന്തരങ്ങളുള്ളതായും പിതാവ് ചൂണ്ടിക്കാട്ടി.

യുവതീ-യുവാക്കള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സംഘടനയുടെ നേതൃത്വത്തില്‍ നടന്ന മതം മാറ്റവും വിവാഹവും അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

വിവാഹത്തിന് വേണ്ടിയാണ് മതംമാറ്റം നടന്നത്. ഇത് അംഗീകരിക്കാനാവില്ല. ഇരുവരും സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിക്കണമെന്ന നിര്‍ദേശത്തോടെ കോടതി ഹരജി തീര്‍പ്പാക്കി.

ഇപ്രകാരം വിവാഹിതരാകുന്നതുവരെ യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം അയക്കാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.