കൊണ്ടോട്ടി: മലപ്പുറത്ത് നിറത്തിന്റെ പേരില്‍ അവഹേളനം നേരിട്ടതിനെ തുടര്‍ന്ന് നവവധു ആത്മഹത്യ ചെയ്ത കേസില്‍ പ്രതി അബ്ദുല്‍ വാഹിദിനെ റിമാന്‍ഡ് ചെയ്തു. മലപ്പുറം മജിസ്ട്രറ്റ് കോടതിയാണ് 14 ദിവസത്തേക്ക് അബ്ദുല്‍ വാഹിദിനെ റിമാന്‍ഡ് ചെയ്തത്.
ഇന്നലെ (തിങ്കളാഴ്ച) കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കണ്ണൂരിലെ ഇമിഗ്രെഷന്‍ വിഭാഗം പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയും പിന്നാലെ കൊണ്ടോട്ടി പൊലീസിന് കൈമാറുകയുമായിരുന്നു.
ഷഹാനയുടെ മരണത്തില്‍ ആത്മഹത്യ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതി അബ്ദുല്‍ വാഹിദിനെതിരെ ചുമത്തിയിട്ടുള്ളത്.
നവവധുവിന്റെ മരണത്തെ തുടര്‍ന്ന് അബ്ദുല്‍ വഹീദിന്റെ ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു.
നിറത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും തുടര്‍ച്ചയായി നടത്തിയ അവഹേളനത്തെ തുടര്‍ന്നാണ് കൊണ്ടോട്ടി സ്വദേശിനിയായ ഷഹാന മുംതാസ് (19) ആത്മഹത്യ ചെയ്തത്. പ്രതി അബ്ദുല്‍ വാഹിദില്‍ നിന്നും ഷഹാന നിരന്തര അവഹേളനം നേരിട്ടിരുന്നു. നിറം കുറഞ്ഞെന്നും ഇംഗ്ലീഷ് അറിയില്ലെന്നുമുള്‍പ്പെടെ നിരന്തരമായി ഷഹാനയെ ഇയാള്‍ ഉപദ്രവിച്ചിരുന്നു.
പഠിക്കാന്‍ മിടുക്കിയായിരുന്ന ഷഹാന അടുത്തിടെ പഠനത്തില്‍ പിന്നോട്ടായി. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മാനസിക പീഡനത്തിന്റെ വിവരം ഷഹാന തന്നെ നേരിട്ട് കുടുംബാംഗങ്ങളോട് പറഞ്ഞത്.
ഭര്‍ത്താവിന്റേയും കുടുംബത്തിന്റെയും മാനസിക പീഡനമാണ് ഷഹാന മുംതാസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. 2024 മെയ് 27 ന് ആയിരുന്നു ഇരുവരുടെയും വിവാഹം.
Content Highlight: Newlywed bride commits suicide over color insult; Husband in remand