Kerala News
സ്ത്രീകള്‍ പൊതുഇടങ്ങളിലേക്ക് ഇറങ്ങരുതെന്നത് പിന്തിരിപ്പന്‍ നിലപാട്; കാന്തപുരത്തിന് എം.വി ഗോവിന്ദന്റെ പരോക്ഷ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 21, 10:32 am
Tuesday, 21st January 2025, 4:02 pm

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ പരോക്ഷ വിമര്‍ശവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

പൊതു ഇടങ്ങളിലേക്ക് സ്ത്രീകള്‍ ഇറങ്ങരുതെന്നത് പിന്തിരിപ്പന്‍ നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

നേരത്തെ സ്ത്രീയും പുരുഷനെയും ഒരുമിച്ചിരിക്കുന്നതിനെതിരെ വിമര്‍ശനവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ രംഗത്തെത്തിയിരുന്നു. മെക്‌സെവനെതിരെയും കാന്തപുരം വിമര്‍ശനം ഉന്നയിച്ചിരുന്നു.

ശരീരം കാണിച്ചുകൊണ്ടാണ് സ്ത്രീകള്‍ വ്യായാമത്തിന്റെ ഭാഗമാകുന്നതെന്നും ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചുകൂടുന്നതില്‍ പ്രശ്നമില്ലെന്നാണ് മെക്‌സെവന്‍ പഠിപ്പിക്കുന്നതെന്നും അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞിരുന്നു.

അന്യപുരുഷന്മാരുടെ മുമ്പില്‍ സ്ത്രീകള്‍ വ്യായാമം ചെയ്യരുതെന്നും സ്ത്രീകളും പുരുഷന്മാരും തമ്മില്‍ ഇടകലര്‍ന്നുള്ള വ്യായാമം വേണ്ടെന്നും കാന്തപുരം വിഭാഗം പറഞ്ഞിരുന്നു.

വ്യായാമം മത നിയമങ്ങള്‍ക്ക് അനുസരിച്ചായിരിക്കണമെന്നും മതത്തിന് ഹാനികരമാകുന്ന വിധത്തിലുള്ള ഗാനങ്ങളും പ്രചരണങ്ങളും പാടില്ലെന്നും മതത്തിനെതിരായ ക്ലാസുകള്‍ സംഘടിപ്പിക്കരുതെന്നും കാന്തപുരം വിഭാഗം പറഞ്ഞിരുന്നു.

Content Highlight: It is a reactionary position that women should not go to public places; MV Govindan’s indirect reply to Kanthapuram