മഹാരാഷ്ട്രയില്‍ വിമതര്‍ക്ക് ആശ്വാസം; അയോഗ്യരാക്കാനുള്ള നടപടി തടഞ്ഞ് സുപ്രീം കോടതി
national news
മഹാരാഷ്ട്രയില്‍ വിമതര്‍ക്ക് ആശ്വാസം; അയോഗ്യരാക്കാനുള്ള നടപടി തടഞ്ഞ് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th June 2022, 7:50 am

ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ഡെപ്യൂട്ടി സ്പീക്കറുടെ നടപടിയെ താത്ക്കാലികമായി തടഞ്ഞ് സുപ്രീം കോടതി. നോട്ടീസിന് മറുപടി നല്‍കാന്‍ ജൂലൈ 12 വരെ എം.എല്‍.എമാര്‍ക്ക് കോടതി സമയം അനുവദിച്ചിട്ടുണ്ട്. വൈകീട്ട് അഞ്ച് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

ശിവസേനയില്‍ നിന്നും ഏക് നാഥ് ഷിന്‍ഡെയോടൊപ്പം ചേര്‍ന്ന 16 വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വലിയുടെ നടപടിയാണ് സുപ്രീം കോടതി തടഞ്ഞത്. ഡെപ്യൂട്ടി സ്പീക്കര്‍ക്ക് അയോഗ്യരാക്കാനുളള നടപടിയുമായി മുന്നോട്ടുപോകാനാകുമോ എന്നത് പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വിമത എം.എല്‍.എമാരുടെ കുടുംബത്തിനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചെന്ന് വിമത നേതാവ് ഏക് നാഥ് ഷിന്‍ഡെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നടപടി.

മന്ത്രിസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടുന്നതിനെതിരെ ഇടക്കാല ഹരജി നല്‍കാന്‍ കോടതി വിസമ്മതിച്ചിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ. ബി. പര്‍ദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കാന്‍ തയ്യാറാകാതിരുന്നത്.

അതേസമയം അയോഗ്യരാക്കാനുള്ള നടപടി ചോദ്യം ചെയ്ത് ഏക് നാഥ് ഷിന്‍ഡെയുള്‍പ്പെടെയുള്ള വിമതര്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഹരജിയില്‍ മഹാരാഷ്ട്ര സര്‍ക്കാരും ഡെപ്യൂട്ടി സ്പീക്കറും അഞ്ച് ദിവസത്തിനകം മറുപടി പറയണമെന്നാണ് കോടതി ഉത്തരവ്. കേസ് ജൂലൈ 11 ന് കോടതി വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ദിവസം വിമത മന്ത്രിമാരെ ഏക്‌നാഥ് ഷിന്‍ഡെ അവര്‍ക്ക് നിയോഗിച്ച ചുമതലകളില്‍ നിന്നും ഒഴിവാക്കിയിരുന്നു.

മന്ത്രിസഭയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാകാതിരിക്കാനാണ് നടപടിയെന്നും ചുമതല ഉടന്‍ തന്നെ പാര്‍ട്ടിയിലെ മറ്റുള്ളവര്‍ക്ക് കൈമാറുമെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഒമ്പത് വിമത മന്ത്രിമാരുടെ ചുമതലകളാണ് താക്കറെ പിന്‍വലിച്ചത്.

ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, അനില്‍ പരാബ്, സുഭാഷ് ദേശായ് തുടങ്ങി നാല് കാബിനറ്റ് മന്ത്രിമാരാണ് ശിവസേനയ്ക്കുള്ളത്.

ശിവസേനയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ നേരത്തെ 10 കാബിനറ്റ് മന്ത്രിമാരും സേന ക്വാട്ടയില്‍ നിന്നുള്ള രണ്ട് സഹമന്ത്രിമാരുമുള്‍പ്പെടെ നാല് സഹമന്ത്രിമാരുമുണ്ടായിരുന്നു.

Content Highlight: Relief for rebels in Maharashtra as Supreme Court stays disqualification proceedings