വാഷിംഗ്ടണ്‍: അമേരിക്ക-റഷ്യ ബന്ധം അതിന്റെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. എന്‍.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് പുടിന്‍ സംസാരിച്ചത്.
‘ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ വിള്ളലുകളാണുണ്ടായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലവില്‍ മോശപ്പെട്ട നിലയിലാണ്,’ പുടിന്‍ പറഞ്ഞു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏറെ കഴിവുള്ള മികച്ച വ്യക്തിത്വമായിരുന്നെന്ന് പുടിന്‍ പറഞ്ഞു. ജോ ബൈഡന്‍ ട്രംപില്‍ നിന്നും ഏറെ വ്യത്യസ്തനാണെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ബൈഡന്‍ തന്നെ കൊലപാതകിയെന്നു വിളിച്ച സംഭവത്തെ കുറിച്ചുള്ള ചോദ്യത്തോടും പുടിന്‍ പ്രതികരിച്ചു. ഇത്തരത്തില്‍ ഒരു ആരോപണങ്ങള്‍ നേരത്തെയും നേരിട്ടുണ്ട്. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളേയല്ലെന്ന് പുടിന്‍ പറഞ്ഞു.