ലഖ്‌നൗ: കുട്ടികളെ ‘മുല്ല’യോ ‘മൗലവികളോ’ അല്ല, ഡോക്ടര്മാരോ എഞ്ചിനീയര്‍മാരോ ശാസ്ത്രജ്ഞന്മാരോ ആക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ സര്‍ക്കാര്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണെന്നും ആധുനിക വിദ്യാഭ്യാസം ഉറപ്പാക്കാനാണ് ശ്രമമെന്നും യോഗി പറഞ്ഞു.
മത തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും അത്തരം സംസ്‌ക്കാരം പ്രോത്സാഹിപ്പിക്കില്ലെന്നും വിദ്യാഭ്യാസത്തിന്റെ ആധുനിക സാമൂഹിക പുരോഗതിക്ക് പ്രധാനമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
സമാജ് വാദി പാര്‍ട്ടിക്ക് ഇടുങ്ങിയ ചിന്താഗതിയാണെന്നും ന്യൂനപക്ഷ കുട്ടികളെ പരമ്പരാഗത മദ്രസകളില്‍ മാത്രം ഒതുക്കുകയാണെന്നും അത് ബി.ജെ.പി ആഗ്രഹിക്കുന്നില്ലെന്നും യോഗി പറഞ്ഞു.
കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഫണ്ട് ഉപയോഗിച്ച് തന്റെ സര്‍ക്കാര്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ കുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കി സജ്ജരാക്കുകയെന്നതും അവര്‍ സമൂഹത്തിന് വിലപ്പെട്ട സംഭാവന ചെയ്യുന്നവരാക്കി മാറുന്നുവെന്നത് ഉറപ്പാക്കുന്നതുമാണ് തങ്ങളുടെ ലക്ഷ്യമെന്നും യോഗി പറഞ്ഞു.
ആദിവാസി, അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ നേരിടുന്ന ഭയാനകമായ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് പ്രതിപക്ഷത്തിന് അജ്ഞതയുണ്ടെന്നും യോഗി ആരോപിച്ചു. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ തന്റെ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നും യോഗി പറഞ്ഞു.
Content Highlight: Don’t make children ‘mullahs or maulavis’; Modern education should be adopted: Yogi Adityanath