വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലെ മാതാവിന്റെ വേഷം ചെയ്ത് കൊണ്ട് അഭിനയം ആരംഭിച്ച നടിയാണ് നമിത പ്രമോദ്. പിന്നീട് അമ്മേ ദേവി, എന്റെ മാനസപുത്രി എന്നീ സീരിയലുകളിലും നമിത ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.
2011ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നടി സത്യന്‍ അന്തിക്കാട് ചിത്രമായ പുതിയ തീരങ്ങളിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. എന്നാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ആമേന്‍ എന്ന സിനിമയിലേക്ക് തന്നെ വിളിച്ചിരുന്നുവെന്ന് പറയുകയാണ് നമിത പ്രമോദ്.
അന്ന് താന്‍ മറ്റൊരു സിനിമയുടെ ഷൂട്ടിലോ മറ്റോ ആയിരുന്നെന്നും അങ്ങനെ ആ ചിത്രം ചെയ്യാന്‍ പറ്റിയില്ലെന്നും നടി പറയുന്നു. തന്റെ ഏറ്റവും പുതിയ മച്ചാന്റെ മാലാഖ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നമിത.
‘എനിക്ക് സിനിമയില്‍ ഓരോ ഘട്ടത്തിലും ഓരോ ആളുകളെയാണ് മാലാഖമാരായി തോന്നിയിട്ടുള്ളത്. എന്റെ ആദ്യത്തെ മാലാഖ ആന്റോ അങ്കിളായിരുന്നു (ആന്റോ ജോസഫ്). അങ്കിളാണ് ആദ്യമായി എന്നെ സത്യന്‍ അങ്കിളിന് പരിചയപ്പെടുത്തി കൊടുക്കുന്നത്.
ആന്റോ അങ്കിളുമായി എനിക്ക് ഒരു കണക്ഷനും ഉണ്ടായിരുന്നില്ല. കുറേ വര്‍ഷം മുമ്പ് അങ്കിള്‍ എന്നെ മല്ലുസിംഗ് എന്ന സിനിമയ്ക്ക് വേണ്ടി വിളിച്ചിരുന്നു. അന്ന് ഞാന്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒമ്പതാം ക്ലാസിന്റെ ബോര്‍ഡ് എക്‌സാം നടക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ട് ആ സിനിമ ചെയ്യാന്‍ പറ്റിയില്ല.
ഇതുവരെ എത്ര സിനിമക്ക് നോ പറഞ്ഞിട്ടുണ്ടെന്ന് ചോദിച്ചാല്‍, കുറേ സിനിമകള്‍ക്ക് ഞാന്‍ നോ പറഞ്ഞിട്ടുണ്ട്. ആമേന്‍ എന്ന സിനിമക്ക് വേണ്ടി എന്നെ വിളിച്ചിരുന്നു. അതില്‍ സ്വാതി റെഡ്ഡിയുടെ കഥാപാത്രത്തിലേക്കായിരുന്നു വിളിച്ചത്. അന്ന് ഞാന്‍ വേറെ സിനിമയുടെ ഷൂട്ടിലോ മറ്റോ ആയിരുന്നു. അങ്ങനെ ആ സിനിമ ചെയ്യാന്‍ പറ്റിയില്ല,’ നമിത പ്രമോദ് പറഞ്ഞു.
Content Highlight: Namitha Pramod Talks About Fahadh Faasil’s Amen Movie