എറണാകുളം: അറസ്റ്റിലായ രഹ്ന ഫാത്തിമയെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്.
എറണാകുളത്തു നിന്നാണ് രഹ്നയെ അറസ്റ്റു ചെയ്തത്. എറണാകുളം രവിപുരത്തുള്ള ബി.എസ്.എന്‍.എല്‍ ഓഫീസിലായിരുന്നു രഹ്ന ജോലി ചെയ്തിരുന്നത്.
മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടുവെന്ന പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു രഹ്നയ്‌ക്കെതിരെ കേസെടുത്തത്.കേസില്‍ രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
Also Read: ശബരിമലയിലെത്തിയ സിറ്റിങ് ജഡ്ജിയെ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു; ചില ഉദ്യോഗസ്ഥര്‍ പൊലീസിന് ചീത്തപ്പേരുണ്ടാക്കുകയാണ്: രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
താനൊരു മതവിശ്വാസിയാണ്. അതുകൊണ്ടുതന്നെ തനിക്ക് അവിടെ പോകാനുള്ള അവകാശമുണ്ടായിരുന്നു. താന്‍ ഒരുതരത്തിലും മതവിശ്വാസത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും രഹ്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കേസ് അനാവശ്യമാണെന്നും യുവതികള്‍ക്കും ശബരിമലയില്‍ പോകാമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് വ്രതമെടുത്താണ് ക്ഷേത്രത്തില്‍ പോയതെന്നും രഹ്ന സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ രഹ്നയുടെ സന്ദര്‍ശനം ശബരിമലയില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കിയെന്നും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലേക്ക് നീങ്ങിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചായിരുന്നു കോടതി രഹ്നയ്ക്ക് ജാമ്യം നിഷേധിച്ചത്.
പത്തനംതിട്ട പൊലീസാണ് രഹ്നയ്ക്കെതിരെ കേസ് എടുത്തത്. മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്ത ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചെന്നുമാരോപിച്ച് കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണമേനോനാണ് രഹ്നയ്ക്ക് എതിരെ പരാതി നല്‍കിയത്.