നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച മുന്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരിയും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമ പൊലീസില്‍ കീഴടങ്ങി. സുപ്രീംകോടതി മുന്‍കൂര് ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലാണ് കീഴടങ്ങല്‍. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.
ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് രഹ്ന നേരത്തെ അറിയിച്ചിരുന്നു. തുടര്‍ നിയമ നടപടികളോട് സഹകരിക്കുമെന്നും രഹ്ന ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘മുന്‍കൂര്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകും. തുടര്‍ അന്വേഷണത്തോടും നിയമ നടപടികളോടും പൂര്‍ണമായും സഹകരിക്കും. സാമൂഹിക മാറ്റത്തിനും, ലിംഗ സമത്വത്തിനും, സ്ത്രീ ശരീരത്തെ അമിത ലൈംഗികവത്കരിക്കുന്നതിന് എതിരെയും പോരാടാന്‍ സപ്പോര്‍ട്ട് ചെയ്ത എല്ലാവരോടും സ്‌നേഹം. നമ്മള്‍ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെ’, എന്നായിരുന്നു രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്.
നേരത്തെ ഹൈക്കോടതിയും രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചത് വീഡിയോ എടുത്ത് സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തത്.
കലയുടെ ആവിഷ്‌കാരവും ഇതിനൊപ്പം തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കലുമാണ് ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്നും കുട്ടികളെ അനുചിതമായ പ്രവൃത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നുമാണ് രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ വാദിച്ചിരുന്നത്.
എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ തെറ്റല്ലെന്ന് ചെയ്യുന്നവര്‍ക്ക് തോന്നാമെങ്കിലും മറിച്ചു ചിന്തിക്കുന്നവരും സമൂഹത്തിലുണ്ടെന്നായിരുന്നു കോടതി വാക്കാല്‍ പറഞ്ഞത്. പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വാസം അര്‍പ്പിക്കാനും മക്കളെ അതു പഠിപ്പിക്കാനും കഴിയും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം ദൃശ്യങ്ങള്‍ പോസ്റ്റുചെയ്യുന്നതോടെ സംഭവം മാറുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
അമ്മ കുട്ടികളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ചു ചെയ്യിച്ചതാണിതെന്നും ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.
രഹ്ന ഫാത്തിമയക്കെതിരെ പോക്സോ വകുപ്പിലെ, സെക്ഷന്‍ 13,14,15 കൂടാതെ ജാമ്യമില്ലാ വകുപ്പുകളായ സെക്ഷന്‍ 67,75, 120 (എ) എന്നിവയും ചുമത്തിയിരുന്നു.
വീഡിയോ പ്രചരിപ്പിച്ച സംഭവം എറണാകുളം സൈബര്‍ ഡോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്
കുട്ടികളെ ഉപയോഗിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷനും ഉത്തരവിട്ടിരുന്നു. തിരുവല്ല പൊലീസ് പോക്സോ, ഐ.ടി വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക