നോര്‍ത്തിലെയും സൗത്തിലേയും നായികമാരെ താരതമ്യപ്പെടുത്തി സംസാരിക്കുകയാണ് നടി റെജീന കസാന്‍ഡ്ര. സിനിമ മേഖലയില്‍ സൗത്ത് ഇന്ത്യയില്‍ നിന്നുള്ള നായികയായി നില്‍ക്കുന്നത് എളുപ്പമല്ലെന്നും കാസ്റ്റിങ് സ്റ്റീരിയോടൈപ്പുകളെ കുറിച്ചും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ റെജീന പറയുന്നു.
‘എനിക്ക് ഒന്‍പത് വയസുള്ളപ്പോള്‍ മുതല്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നു. കഴിഞ്ഞ 25 വര്‍ഷമായി ഞാന്‍ പരസ്യങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്താണ് സിനിമയില്‍ സംഭവിക്കുന്നതെന്ന് മനസിലാക്കാനുള്ള ബോധം എനിക്കുണ്ട്.
സിനിമ വ്യവസായത്തില്‍ ഒരു പെണ്‍കുട്ടിയായിരിക്കുകയും പ്രത്യേകിച്ച് ഈ വ്യവസായത്തില്‍ ഒരു സൗത്ത് ഇന്ത്യന്‍ ആകുന്നതും എളുപ്പമല്ല.
എന്നെ ഹിന്ദി സിനിമക്ക് വേണ്ടി ഓഡിഷന്‍ നടത്തുമ്പോള്‍ അവര്‍ എനിക്ക് ഹിന്ദി സംസാരിക്കാന്‍ കഴിയുമോ? സംസാരിക്കുമ്പോള്‍ അവളുടെ സൗണ്ട് എങ്ങനെയായിരിക്കും? എന്നെല്ലാം ശ്രദ്ധിക്കും. ഹിന്ദി അറിയണമെന്ന് അവര്‍ക്ക് നിര്‍ബന്ധമാണ്. ഇനി ഞാന്‍ ആ ഹിന്ദി സിനിമയില്‍ ഒരു സൗത്ത് ഇന്ത്യനായാണ് അഭിനയിക്കുന്നതെങ്കില്‍ നമ്മുടെ രീതിയിലുള്ള ശൈലിയെല്ലാം കുറച്ചൊക്കെ ഉപയോഗിക്കാന്‍ പറ്റും. പക്ഷേ ഹിന്ദി മാത്രം സംസാരിക്കുന്നതാകുമ്പോള്‍ എന്റെ സൗത്ത് ഇന്ത്യന്‍ ശൈലി പരമാവധി കുറക്കാന്‍ ശ്രമിക്കും.
എന്നാല്‍ സൗത്ത് ഇന്ത്യന്‍ സിനിമകളുടെ കാര്യം വരുമ്പോള്‍ നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളായി നോര്‍ത്ത് ഇന്ത്യന്‍ നായികമാര്‍ വരും. സൗത്ത് ഇന്ത്യക്കാരിയായി മാറിയ ഒരുപാട് ഹിന്ദി നടിമാരുണ്ട്. അവരൊക്കെ പിന്നീട് തമിഴിലും തെലുങ്കിലും വലിയ താരങ്ങളായി മാറിയിട്ടുമുണ്ട്. ആ നടിമാര്‍ക്ക് തമിഴ് സംസാരിക്കാന്‍ കഴിയുമോ ഇല്ലയോ എന്നത് ഇവിടെയുള്ള സിനിമാക്കാര്‍ക്ക് വലിയ പ്രശ്‌നമായിരുന്നില്ല.
എന്റെ ഹിന്ദി ഭാഷ ആളുകള്‍ കരുതുന്ന നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ലാത്തതിനാല്‍ എനിക്ക് നിരവധി വേഷങ്ങള്‍ നഷ്ടമായിട്ടുണ്ട്. ഉദാഹരണത്തിന്, എനിക്ക് ഒരു പഞ്ചാബി പെണ്‍കുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയില്ല. അത് കുഴപ്പമില്ല. പക്ഷേ ഒരു പഞ്ചാബി നടിക്ക് ഒരു സൗത്ത് ഇന്ത്യയിലെ നായികയായി അഭിനയിക്കാന്‍ കഴിയും.
അത്തരത്തിലുള്ള എത്രയോ കഥാപാത്രങ്ങളെയും അഭിനേതാക്കളുടെയും നമ്മള്‍ കണ്ടിരിക്കുന്നു. ഹിന്ദിയിലെ നടിമാരെ അവിടെയുള്ള സിനിമകളിലും നമ്മുടെ നാട്ടിലെ, സൗത്ത് ഇന്ത്യയിലെ സിനിമകളിലും അഭിനയിപ്പിച്ചാല്‍ ഞാന്‍ എവിടേക്ക് പോകും?,’ റെജീന കസാന്‍ഡ്ര പറയുന്നു.
Content highlight: Regina Cassandra on unfair reason she lost roles in films