Kerala News
'വന്ന വഴി മറക്കാത്ത വിഘ്‌നേഷും എല്ലാം അവന്റെ മാത്രം കഴിവാണെന്ന് പറയുന്ന ഷെരീഫ്‌ ഉസ്താദും' ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
1 day ago
Tuesday, 25th March 2025, 9:25 pm

മലപ്പുറം: സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി മുംബൈ ഇന്ത്യന്‍സ് താരമായ മലപ്പുറം സ്വദേശി വിഘ്‌നേഷ് പുത്തൂരിന് ചെറുപ്പകാലത്ത് പ്രചോദനമേകിയ ഷെരീഫ് ഉസ്താദ്. ഞായറാഴ്ച നടന്ന ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സ് തമ്മിലുള്ള മത്സരത്തെ തുടര്‍ന്നാണ് ഷെരീഫ് ഉസ്താദ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

തന്റെ ക്രിക്കറ്റ് കരിയറിയില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഷെരീഫ് ഉസ്താദെന്ന് വിഘ്നേഷും അദ്ദേഹത്തിന്റെ കുടുംബവും നേരത്തെ പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ഐ.പി.എല്‍ മത്സരത്തില്‍ വിഘ്‌നേഷ് മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഷെരീഫ് ഉസ്താദ് വീണ്ടും ചര്‍ച്ചയാകുകയായിരുന്നു.

തന്റെ ക്രിക്കറ്റ് ജീവിതത്തെ കുറിച്ച് ആര് ചോദിച്ചാലും ഷെരീഫ് ഉസ്താദ് തന്നിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ചാണ് വിഘ്നേഷ് പുത്തൂര്‍ സംസാരിക്കുക. എന്നാല്‍ അവനിലൊരു നാച്ചുറല്‍ ഗെയിമുണ്ടന്നും എല്ലാം അവന്റെ കഴിവ് മാത്രമാണെന്നുമാണ് ഷെരീഫ് ഉസ്താദ് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പറയുന്നത്.

ഷെരീഫ് ഉസ്താദിന്റെ ഈ വാക്കുകളെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

ക്രിക്കറ്റില്‍ നമ്മള്‍ ടെക്നിക്കലി പഠിച്ചെടുക്കുന്ന പലതും വിഘ്‌നേഷ് ചെറുപ്പത്തില്‍ നാച്ചുറലായി ചെയ്തിരുന്നുവെന്ന് ഷെരീഫ് ഉസ്താദ് പറയുന്നു. ആരും പഠിപ്പിക്കാതെ തന്നെ ഒരു നാച്ചുറല്‍ ഗെയിം വിഘ്‌നേഷില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണങ്ങളിലാണ് ഷെരീഫ് ഉസ്താദ് ഇക്കാര്യങ്ങൾ പറയുന്നത്.

പാടത്ത് കളിക്കാന്‍ വിടാതെ വിഘ്നേഷിനെ ക്രിക്കറ്റ് ക്യാമ്പിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും ഷെരീഫ് ഉസ്താദ് പറഞ്ഞു. അന്ന് കോച്ചായിരുന്ന വിജയനോട്, വിഘ്നേഷിന്റെ വീട്ടുകാരോട് അവന്റെ കഴിവുകളെ കുറിച്ച് സംസാരിക്കണമെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സമയങ്ങളില്‍ താനും ക്രിക്കറ്റ് വളരെ ഗൗരവമായി പഠിച്ചിരുന്ന കാലഘട്ടമായിരുന്നെന്നും ഏകദേശം 13 വര്‍ഷം താന്‍ ക്രിക്കറ്റ് കളിച്ചിരുന്നുവെന്നും ഷെരീഫ് ഉസ്താദ് പറയുന്നു.

ഇടത് കൈ ഉപയോഗിച്ച് ലെഗ്സ് സ്പിന്‍ എറിയാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ വെറൈറ്റിയാകുമെന്ന് വിഘ്നേഷിന് നിര്‍ദേശം നല്‍കിയിരുന്നെന്നും ഷെരീഫ് പറഞ്ഞു. വിഘ്നേഷിന്റെ കരിയറില്‍ തന്റെ ഇടപെടല്‍ അത് മാത്രമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.


കഴിഞ്ഞ ദിവസം എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടി വിഘ്‌നേഷ് പൂത്തൂരിനെ പരിചയപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു.

‘ഫുട്ബാളില്‍ മാത്രമല്ല ക്രിക്കറ്റിലുമുണ്ട് ഞങ്ങള്‍ക്ക് മലപ്പുറം പെരുമ. അരങ്ങേറ്റം ഗംഭീരമാക്കിയ വിഘ്‌നേഷ് പുത്തൂരിന് അഭിനന്ദനങ്ങള്‍,’ എന്ന് കുറിച്ചാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഇതിനിടെ വിഘ്നേഷിന് പ്രചോദനമേകിയ ഷെരീഫ് മാസ്റ്ററെ കുറിച്ച് അഡ്വ. സി. ഷുക്കൂറും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ഷിബു ഗോപാലകൃഷ്ണന്‍ എന്നയാളുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു ഷുക്കൂറിന്റെ പ്രതികരണം.

‘എല്ലാം ചെയ്യുകയും എന്നാല്‍ അതിന്റെയൊന്നും കര്‍തൃത്വം ഏറ്റെടുക്കാതെ മാറിനില്‍ക്കുകയും ചെയ്യുന്ന വല്ലാത്ത ജാതി മനുഷ്യന്‍,’ എന്നായിരുന്നു ഷെരീഫ് ഉസ്ദാതിനെ ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഷിബു ഗോപാലകൃഷ്ണന്റെ പോസ്റ്റ്.

Content Highlight: Sharif Ustad who inspired Mumbai Indians star Vignesh Puthur in his youth, is a topic of discussion on social media