മുംബൈ: പരസ്പരസമ്മതത്തോടെയുള്ള വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക ബന്ധത്തിന് ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ലെന്ന് ബോംബെ ഹൈക്കോടതി. കീഴ്‌ക്കോടതി വിധിക്കെതിരായ അപ്പീല്‍ ഹരജിയിലാണ് കോടതി പരാമര്‍ശം.
വിവാഹം കഴിക്കാനെന്ന വ്യാജേന ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വഞ്ചിച്ചെന്ന സ്ത്രീയുടെ കേസില്‍ നിന്ന് യുവാവിനെ കോടതി വെറുതെവിടുകയും ചെയ്തു. 25 വര്‍ഷത്തിന് ശേഷമാണ് യുവാവിനെതിരെയുള്ള കേസ് കോടതി റദ്ദ് ചെയ്തത്.
പാല്‍ഘറിലെ കാശിനാഥ് ഗാരട്ട് എന്നയാള്‍ക്കെതിരെയാണ് കീഴ്‌ക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ബലാത്സംഗം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്.
എന്നാല്‍, വ്യാജ വിവരങ്ങള്‍ നല്‍കിയോ വഞ്ചനയിലൂടേയോ അല്ല പെണ്‍കുട്ടിയുമായി യുവാവ് ശാരീരികബന്ധത്തിലേര്‍പ്പെട്ടതെന്നും വിവാഹം കഴിക്കാന്‍ വിസമ്മതിക്കുന്നത് വഞ്ചനയായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.