സനാതന ധര്‍മ പരാമര്‍ശം; ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഗാര്‍ഖെക്കുമെതിരെ കേസെടുത്ത് യു.പി. പൊലീസ്
national news
സനാതന ധര്‍മ പരാമര്‍ശം; ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഗാര്‍ഖെക്കുമെതിരെ കേസെടുത്ത് യു.പി. പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th September 2023, 11:36 am

ന്യൂദല്‍ഹി: സനാതന ധര്‍മം ഉന്‍മൂലനം ചെയ്യണമെന്ന പരാമര്‍ശത്തില്‍ തമിഴ്‌നാട് കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഗാര്‍ഖെക്കുമെതിരെ കേസെടുത്ത് യു.പി പൊലീസ്. ഉയദനിധി സ്റ്റാലിന്റെ പ്രസ്താവനയെ പിന്തുണച്ചതിനാണ് കര്‍ണാടക ഗ്രാമവികസന, പഞ്ചായത്തീരാജ്. ഐടി വകുപ്പ് മന്ത്രി പ്രിയങ്ക് ഗാര്‍ഖെക്കെതിരെ കേസെടുത്തിരിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തല്‍, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത പടര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവര്‍ക്കുമെതിരെ ഐ.പി.സി 295 എ, 153 എ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യു.പിയെ രാംപൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അഭിഭാഷകരായ ഹര്‍ഷ് ഗുപ്തയുടെയും രാംസിങ് ലോധിയുടെയും പരാതിയിലാണ് കേസ്. തങ്ങള്‍ സനാതന ധര്‍മത്തില്‍ വിശ്വസിക്കുന്നവരാണെന്നും തങ്ങളുടെ മതവികാരത്തെ ഇരുവരും വ്രണപ്പെടുത്തിയെന്നുമാണ് അഭിഭാഷകരുടെ പരാതിയില്‍ പറയുന്നത്. ഇന്നലെ രാത്രിയിലാണ് അഭിഭാഷകര്‍ പരാതി നല്‍കിയത്.

ശനിയാഴ്ചയാണ് തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നടന്ന ഒരു പരിപാടിയില്‍ വെച്ച് ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മത്തിനെതിരെ പ്രസംഗിച്ചത്. സനാതന ധര്‍മത്തെ പകര്‍ച്ച വ്യാധികള്‍ ഉന്‍മൂലനം ചെയ്ത മാതൃകയില്‍ തുടച്ചുനീക്കണമെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. ഇതിനെതിരെ സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് വലിയ പ്രതിഷേധവും ഉദയനിധി സ്റ്റാലിന്റെ തലക്ക് വിലയിട്ടുകൊണ്ടുള്ള പ്രസ്താവനകളും വന്നു.

എന്നാല്‍ ഉദയനിധി സ്റ്റാലിന്‍ തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഉദയനിധി സ്റ്റാലിന്റെ ഈ പരാമര്‍ശത്തെ പിന്തുണച്ചതോട് കൂടിയാണ് കര്‍ണാടകയിലെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഗാര്‍ഖെ ഈ വിവാദങ്ങളുടെ ഭാഗമാകുന്നത്. ഹൈന്ദവ മതത്തില്‍ ചില ജാതീയമായ അസമത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നും പ്രിയങ്ക് ഗാര്‍ഖെ ഉദയനിധിയെ പിന്തുണച്ച് കൊണ്ട് പറഞ്ഞിരുന്നു.

ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന രാജ്യവ്യാപകമായി പ്രചാരണ ആയുധമാക്കാനാണ് സംഘപരിവാര്‍ സംഘടനകളും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രമുഖരെന്ന് അവകാശപ്പെടുന്ന 250ലേറെ പേര്‍ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചിട്ടുണ്ട്. ഈ രീതിയില്‍ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വലിയ ചര്‍ച്ചയായിരിക്കുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും രണ്ട് മന്ത്രിമാര്‍ക്കെതിരെ ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

content higlights; Reference to Sanatana Dharma; A case was filed against Udayanidhi Stalin and Priyank Garkhe in U.P. The police