'ഭൂമിയില്‍ തെറ്റ് ചെയ്യാത്തവരായി ആരുമില്ല';പുനഃപരിശോധിക്കാനുള്ള ഹൃദയവിശാലതയുണ്ടോയെന്ന് കോടതി; മാറ്റമുണ്ടാകാന്‍ പോകുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ്‍
national news
'ഭൂമിയില്‍ തെറ്റ് ചെയ്യാത്തവരായി ആരുമില്ല';പുനഃപരിശോധിക്കാനുള്ള ഹൃദയവിശാലതയുണ്ടോയെന്ന് കോടതി; മാറ്റമുണ്ടാകാന്‍ പോകുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th August 2020, 2:34 pm

ന്യൂദല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസില്‍ വാദം കേള്‍ക്കവേ അദ്ദേഹത്തോട് പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി.

ഭൂമിയില്‍ തെറ്റ് ചെയ്യാത്തവരായി ആരുമില്ലെന്നും എന്നാല്‍ അത് ഹൃദയത്തില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയണമെന്നുമാണ് കോടതി പ്രശാന്ത് ഭൂഷണോട് പറഞ്ഞത്.

എന്നാല്‍ തന്നെ കുറ്റക്കാരനാക്കിയതില്‍ വേദനയുണ്ടെന്ന് പറഞ്ഞ പ്രശാന്ത് ഭൂഷണ്‍ മാപ്പ് പറയാന്‍ താന്‍ തയ്യാറല്ലെന്ന് കോടതിയെ അറിയിച്ചു.

കോടതി ആവശ്യപ്പെടുകയാണെങ്കില്‍ പുനര്‍വിചിന്തനം നടത്തുന്നത് പരിഗണിക്കാം എന്നു പറഞ്ഞ ഭൂഷണ്‍ അങ്ങനെ ചെയ്യുന്നതുകൊണ്ട് താന്‍ പറഞ്ഞ കാര്യങ്ങളില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടാവാന്‍ പോകുന്നില്ലെന്നും വ്യക്തമാക്കി. അതുകൊണ്ട് തന്നെ
കോടതിയുടെ സമയം പാഴാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ അഭിഭാഷകനെ സമീപിച്ചോളാമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

”നമ്മുടെ രാജ്യചരിത്രത്തിലെ ഈ നിര്‍ണ്ണായകഘട്ടത്തില്‍ ഞാന്‍ തീര്‍ച്ചയായും നിര്‍വഹിക്കേണ്ട കടമയുടെ ഒരു ചെറിയ ഭാഗമായിരുന്നു എന്റെ ട്വീറ്റുകള്‍. സ്വബോധമില്ലാത്ത സമയത്തല്ല ഞാന്‍ അത് ട്വീറ്റ് ചെയ്തത്. അതുകൊണ്ടു തന്നെ, ഞാന്‍ കാലങ്ങളായി പിന്തുടരുന്ന, തുടര്‍ന്നും വിശ്വസിക്കാന്‍ ആഗ്രഹിക്കുന്ന ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ആ പ്രസ്താവനകളില്‍ ഞാന്‍ മാപ്പ് പറഞ്ഞാല്‍ അത് വലിയ നെറികേടും നിന്ദ്യവുമായ പ്രവര്‍ത്തിയാകും. അതിനാല്‍ തന്റെ ഒരു വിചാരണ സമയത്ത് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി പറഞ്ഞ വാക്കുകള്‍ ഇവിടെ ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്, ‘ഞാന്‍ ദയക്കായി യാചിക്കുന്നില്ല. ഔദാര്യവും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ കോടതി കുറ്റകരമെന്ന് കണ്ടെത്തിയ പ്രവര്‍ത്തിക്ക് നിയമപരമായ ഏത് ശിക്ഷയും സന്തോഷത്തോടെ ഏറ്റുവാങ്ങാന്‍ തയ്യാറായാണ് ഞാന്‍ നില്‍ക്കുന്നത്.കോടതി കുറ്റകരമെന്ന് നിശ്ചയിച്ച എന്റെ പ്രവര്‍ത്തനങ്ങളെ ഒരു പൗരന്റെ ഏറ്റവും വലിയ കടമയായാണ് ഞാന്‍ കണക്കാക്കുന്നത്.’ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

CONTENT HIGHLIGHTS: Reconsider Statement, Show Some Remorse”: Top Court To Prashant Bhushan