ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള സ്‌ക്വാഡിനെയാണ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചത്.
റിഷബ് പന്തിന്റെ അഭാവം സ്‌ക്വാഡിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കാറപകടത്തില്‍ പരിക്കേറ്റതിന് പിന്നാലെയാണ് ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ടീമില്‍ നിന്നും പുറത്തായത്.
റെഡ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച ട്രാക്ക് റെക്കോഡാണ് പന്തിനുള്ളത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ ഗാബ കീഴടക്കിയപ്പോള്‍ അതിന്റെ അമരത്ത് റിഷബ് പന്ത് തന്നെയായിരുന്നു.
പന്തിന്റെ അഭാവം മറികടക്കാന്‍ വേണ്ടിയാണ് വമ്പനടിക്കാരായ സൂര്യകുമാര്‍ യാദവിനെയും ഇഷാന്‍ കിഷനെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് ടീമില്‍ ഇരുവരുടെയും അരങ്ങേറ്റത്തിനാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സാക്ഷ്യം വഹിക്കുക.
റിഷബ് പന്ത് ടീമിനൊപ്പമില്ലാത്ത സാഹചര്യത്തില്‍ മിഡില്‍ ഓര്‍ഡറില്‍ അറ്റാക്കിങ് ഓപ്ഷന്‍സ് ആവശ്യമായതിനാലാണ് സൂര്യകുമാറും ഇഷാന്‍ കിഷനും സ്‌ക്വാഡിന്റെ ഭാഗമായത് എന്നാണ് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിക്കറ്റ് കീപ്പര്‍ ബാറ്ററായതിനാല്‍ തന്നെ ഇഷാന്‍ കിഷന് തന്നെയാകും പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
‘റിഷബ് പന്തിന് പകരം ഒരു വിക്കറ്റ് കീപ്പറെ കളിപ്പിക്കുക എന്നത് വലിയൊരു പ്രശ്‌നമുള്ള കാര്യമല്ല. എന്നാല്‍ അഞ്ചാം നമ്പറില്‍ പന്ത് കളിക്കുന്നത് പോലെ കളിക്കുന്ന ഒരു താരത്തെയാണ് ടീമിന് ആവശ്യം, അതുകൊണ്ടാണ് ഇഷാന്‍ കിഷനെ തെരഞ്ഞെടുത്തത്.
അത്തരത്തില്‍ ഒരു ഓപ്ഷനായി തന്നെയാണ് സൂര്യകുമാറിനെയും ടീമില്‍ ഉള്‍പ്പെടുത്തിയത്. വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്ന ഒരാളെയാവും ടീം പരിഗണിക്കുക,’ ബി.സി.സി.ഐ വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.