Sports News
അമ്പരപ്പിക്കുന്ന തോല്‍വി; റയലിനെ പൂട്ടി എസ്പാനിയോള്‍!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 02, 04:32 am
Sunday, 2nd February 2025, 10:02 am

ലാലിഗയില്‍ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. ആര്‍.സി.ഡി.ഇ സ്റ്റേഡിയത്തില്‍ എസ്പാനിയോള്‍ എതിരില്ലാത്ത ഒരു ഗോളിനാണ് റയലിനെ പരാജയപ്പെടുത്തിയത്. വമ്പന്‍ താരങ്ങള്‍ അണിനിരന്നിട്ടും റയല്‍ മാഡ്രിഡ് എസ്പാനിയോളിനോട് പരാജയപ്പെട്ടതിന്റെ നടുക്കത്തിലാണ് ആരാധകര്‍.

ആവേശം നിറഞ്ഞ മത്സരത്തിലെ അവസാനത്തെ 85ാം മിനിട്ടില്‍ കാര്‍ലോസ് റൊമേരിയോ നേടിയ ഗോളിലാണ് എസ്പാനിയോള്‍ വിജയം ഉറപ്പിച്ചത്. എന്നാല്‍ സമനിലക്ക് പോലും ഒരു ഗോള്‍ നേടാന്‍ സാധിക്കാതെ റയല്‍ മാഡ്രിഡ് തകരുകയായിരുന്നു. ഫോര്‍വേര്‍ഡ് കിലിയന്‍ എംബാപ്പെ, ലെഫ്റ്റ് വിങ് വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്ഹാം എന്നിവര്‍ അടങ്ങുന്ന ട്രയാങ്കിളിന് പോലും എതിരാളികളുടെ വലയിലേക്ക് പന്ത് എത്തിക്കാന്‍ സാധിച്ചില്ല.

21 തവണയാണ് റയല്‍ എതിരാളികളുടെ വലയിലേക്ക് ബോള്‍ എത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അഞ്ചു തവണ മാത്രമാണ് എസ്പാനിയോള്‍ ശ്രമം നടത്തിയത്. മാത്രമല്ല ടാര്‍ഗറ്റിലേക്ക് ഏഴ് തവണയാണ് റയലിന് പന്ത് അടിക്കാന്‍ സാധിച്ചത്, പക്ഷെ വെറും രണ്ട് ശ്രമങ്ങളില്‍ നിന്നും ഒരു ഗോള്‍ കണ്ടെത്താന്‍ എസ് പാനിയോളിന് സാധിച്ചു.

പാസിന്റെ കാര്യത്തിലും ബോള്‍ കൈവശം വെക്കുന്നതിലും ഏറെ മുന്നിലായിരുന്ന റയലിന് എസ്പാനിയോളിന്റെ 4-2-3-1 എന്ന് ഫോര്‍മേഷന്‍ മറികടക്കാന്‍ സാധിച്ചില്ല. എതിരാളികളുടെ അതേ ഫോര്‍മേഷന്‍ തന്നെയായിരുന്നു റയലിന്റെയും കളി. എന്നാല്‍ ഡിഫന്‍സ് മറികടന്ന് ഗോള്‍ നേടാന്‍ സൂപ്പര്‍ താരങ്ങള്‍ക്ക് സാധിച്ചില്ല.

നിലവില്‍ പോയിന്റ് പട്ടികയില്‍ 22 മത്സരങ്ങളില്‍ നിന്ന് 15 വിജയവും 4 സമനിലയും മൂന്ന് തോല്‍വിയും അടക്കം 49 പോയിന്റ് മായി റയല്‍ മാഡ്രിഡ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് 48 പോയിന്റ് അറ്റ്‌ലറ്റിക്കോ മാഡ്രിഡും ഉണ്ട്. ലീഗില്‍ റയലിന്റെ അടുത്ത മത്സരം ഫെബ്രുവരി ആറിനാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലഗാനസിനോടാണ് മാന്‍ഡ്രിഡ് കൊമ്പ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1:30നാണ് മത്സരം.

Content Highlight: Real Madrid Lose Against Espaniyol In Lal legia