മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ആദ്യ കപ്പ് മത്സരത്തിനിറങ്ങിയ റയല്‍ മാഡ്രിഡിന് തിരിച്ചടി. അത്‌ലറ്റിക്കോ മാഡ്രിഡിനൊട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ തോറ്റത്.
റയലിന് വേണ്ടി കരിം ബെന്‍സേമ, സെര്‍ജിയോ റാമോസ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍, അത്‌ലറ്റിക്കോ മാഡ്രിഡിനായി ഡിയേഗോ കോസ്റ്റ്, സൗള്‍, കോക്കെ എന്നിവര്‍ ഗോള്‍ നേടി. ഡിയേഗോ കോസ്റ്റ് ഇരട്ട ഗോളുകളാണ് നേടിയത്. ക്രിസ്റ്റ്യാനോ ഇല്ലാത്തതിനാല്‍ റയലിന് ലഭിച്ച പെനാല്‍റ്റി കിക്ക് എടുത്തത് റാമോസ് ആണ് എന്നതും ശ്രദ്ധേയമായി.
ജയത്തോടെ യുവേഫ സൂപ്പര്‍ കപ്പ് അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കി.
ക്രിസ്റ്റ്യാനോക്ക് പകരക്കാരന്‍ എന്ന് റയല്‍ കോച്ച് ലൊപ്പെട്ട്ഗുയ് പറഞ്ഞ ഗാരെത് ബെയ്ല് മത്സരത്തില്‍ ഒരു അസിസ്റ്റ് നല്‍കി എന്നാല്‍ റയലിനായി വിജയം കൊയ്യാന്‍ ആര്‍ക്കും സാധിച്ചില്ല.
നിശ്ചിത സമയത്ത് സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ അധിക സമയത്ത് നേടിയ രണ്ട് ഗോളുകളിലാണ് അത്‌ലറ്റിക്കോയുടെ വിജയം. നിശ്ചിത സമയത്ത് ഗോള്‍ നേടി റയലിന് വിജയം സമ്മാനിക്കാന്‍ ലഭിച്ച അവസരം മാര്‍സെലോ നഷ്ടപ്പെടുത്തി.
തന്റെ ആദ്യ പ്രധാന മത്സരം തന്നെ പരാജയമായതിനാല്‍ റയല്‍ കോച്ച് ലൊപ്പെട്ട്ഗുയ് സമ്മര്‍ദ്ദത്തിലാണ്.