ന്യൂദല്‍ഹി: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ദല്‍ഹിയില്‍ നടത്തേണ്ടിയിരുന്ന തന്റെ സംഗീത പരിപാടി മാറ്റിവെച്ചതില്‍ പ്രതികരണവുമായി കര്‍ണാടിക് സംഗീതജ്ഞന്‍ ടി.എം കൃഷ്ണ.
ഇത്തരം ഭീഷണികള്‍ക്ക് നമ്മള്‍ കീഴ്‌പ്പെടരുതെന്നും ദല്‍ഹിയില്‍ എവിടെ പരിപാടി അവതരിപ്പിക്കാനും താന്‍ തയ്യാറാണെന്നും കൃഷ്ണ പറഞ്ഞു.
നവംബര്‍ 17, 18 തിയതികളിലായി ദല്‍ഹി ചാണക്യപുരിയിലെ നെഹ്റു പാര്‍ക്കില്‍ നടത്താനിരുന്ന പരിപാടിയില്‍ നിന്നാണ് അധികൃതര്‍ പിന്‍വാങ്ങിയത്. കൃഷ്ണയ്‌ക്കെതിരെ ജീസസിനും അല്ലാഹുവിനും വേണ്ടി പാടുന്നവന്‍, “ഇന്ത്യാവിരുദ്ധന്‍”, “അര്‍ബന്‍ നക്സല്‍”, എന്നിങ്ങനെ അഭിസംബോധന ചെയ്ത് സംഘപരിവാര്‍ ഓണ്‍ലൈന്‍ പ്രചരണം നടത്തിയിരുന്നു.
സംഘപരിവാര്‍ ഭീഷണി; ടി.എം കൃഷ്ണയുടെ സംഗീത കച്ചേരി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മാറ്റിവെച്ചു
പരിപാടിക്കെതിരെ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, സുരേഷ് പ്രഭു എന്നിവരെയെല്ലാം ടാഗ് ചെയ്താണ് സംഘപരിവാര്‍ അനുകൂലികള്‍ പ്രചരണം നടത്തിയിരുന്നത്.
നേരത്തെ പാക് ഗസല്‍ ഗായകനായ ഗുലാം അലിയുടെ സംഗീത പരിപാടി സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മുടങ്ങിയപ്പോള്‍ ഭീഷണി വകവെക്കാതെ കേരള, ദല്‍ഹി സര്‍്ക്കാരുകള്‍ അദ്ദേഹത്തെ പാടാന്‍ ക്ഷണിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് കോഴിക്കോടും തിരുവനന്തപുരത്തും ഗുലാം അലി പരിപാടി അവതരിപ്പിച്ചിരുന്നു.