ഇന്ത്യൻ വിമൻസ് ലീഗിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ആർ സി.ബി ദൽഹി ക്യാപിറ്റൽസിനെതിരെ പരാജയത്തോടെ ലീഗിൽ അരങ്ങേറിയിരിക്കുകയാണ്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദൽഹി ക്യാപിറ്റൽസ് ഷെഫാലി വർമയുടെയും മെഗ് ലാനിങ്‌സിന്റെയും ബാറ്റിങ് മികവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 223 റൺസാണ് സ്കോർ ചെയ്തത്. ഷെഫാലി 84ഉം ക്യാപ്റ്റൻ മെഗ് ലാനിങ്‌സ് 72 റൺസും സ്വന്തമാക്കിയതോടെയാണ് കൂറ്റൻ സ്കോർ സ്വന്തമാക്കാൻ ദൽഹി ക്യാപിറ്റൽസിന് സാധിച്ചത്.
39 റൺസെടുത്ത് പുറത്താവാതെ നിന്ന മരിസാനെ കാപ്പും 22 റൺസെടുത്ത ജെമീമ റോഡ്രിഗസും ഷെഫാലിക്കും മെഗ് ലാനിങ്‌സിനും വേണ്ട പിന്തുണയും നൽകി.
എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർ. സി.ബിക്ക് ബാംഗ്ലൂരിന്റെ കൂറ്റൻ സ്കോർ മറികടക്കാനുള്ള പ്രകടനം മത്സരത്തിന്റെ ഒരു വേളയിലും പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.
35 റൺസെടുത്ത സ്മൃതി മന്ദാന, 31 റൺസെടുത്ത എലൈസ് പെരി, 34 റൺസെടുത്ത ഹീതർ ക്നൈറ്റ് എന്നിവർക്ക് ഒഴികെ മറ്റാർക്കും ബാംഗ്ലൂർ ബാറ്റിങ് നിരയിൽ തിളങ്ങാൻ സാധിച്ചില്ല.
എന്നാലിപ്പോൾ ആർ.സി.ബിയുടെ പുരുഷ ടീമും വനിതാ ടീമും അരങ്ങേറ്റ മത്സരത്തിൽ വൻ സ്കോറുകൾ വഴങ്ങിയിട്ടുണ്ട് എന്ന കാര്യമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം.
2008ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയായിരുന്നു ആർ.സി.ബി പുരുഷ ടീമിന്റെ അരങ്ങേറ്റ മത്സരം. ആ കളിയിൽ 222 റൺസാണ് കൊൽക്കത്ത ബാംഗ്ലൂരിനെതിരെ സ്കോർ ചെയ്തത്. വനിതാ ടീം അരങ്ങേറ്റ മത്സരത്തിൽ 223 റൺസ് ദൽഹിക്കെതിരെ വനിതാ ടീമും വഴങ്ങി.