2024 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫില്‍. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 27 റണ്‍സിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു പ്ലേ ഓഫിലേക്ക് മുന്നേറിയത്. സീസണിലെ ആദ്യ എട്ട് മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രം ഉണ്ടായിരുന്ന ബെംഗളൂരു പിന്നീട് നടന്ന ആറ് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് ആദ്യ നാലിലേക്ക് മുന്നേറിയത്.
ആവേശകരമായ ഈ വിജയത്തോടൊപ്പം ചരിത്ര നേട്ടവുമാണ് ആര്‍.സി.ബി സ്വന്തമാക്കിയത്. ഒരു ടി-20 ടൂര്‍ണമെന്റിന്റെ സീസണില്‍ 150 സിക്‌സുകള്‍ നേടുന്ന ആദ്യ ടീം ആയി മാറാനാണ് റോയല്‍ ചലഞ്ചേഴ്‌സിന് സാധിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിനായി നായകന്‍ ഫാഫ് ഡുപ്ലസിസ് 39 പന്തില്‍ 54 റണ്‍സും വിരാട് കോഹ്‌ലി 29 പന്തില്‍ 47 റണ്‍സും രജത് പടിദാര്‍ 23 പന്തില്‍ 41 റണ്‍സും കാമറൂണ്‍ ഗ്രീന്‍ 17 പന്തില്‍ 38 റണ്‍സും നേടി മികച്ച പ്രകടനമാണ് നടത്തിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി രചിന്‍ രവീന്ദ്ര 37 പന്തില്‍ 61 റണ്‍സും രവീന്ദ്ര ജഡേജ 22 പന്തില്‍ പുറത്താവാതെ 42 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
ബെംഗളൂരുവിന് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്.
മെയ് 22നാണ് ബെംഗളൂരുവിന്റെ എലിമിനേറ്റര്‍ മത്സരം നടക്കുന്നത്. ഇന്ന് നടക്കുന്ന പഞ്ചാബ് കിങ്‌സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- രാജസ്ഥാന്‍ റോയല്‍സ് എന്നീ മത്സരഫലങ്ങള്‍ ആയിരിക്കും പ്ലേ ഓഫിലെ റോയല്‍ ചലഞ്ചേഴ്‌സിന്റെ എതിരാളികള്‍ ആരെന്ന് തീരുമാനിക്കുക.