Ravish Kumar's Speech: എന്നിട്ടും നിങ്ങള്‍ക്ക് വായിക്കണമെന്നുണ്ടെങ്കില്‍ ഹിന്ദുക്കളും മുസ്‌ലിംങ്ങളും ഒരുമിച്ച് നില്‍ക്കണമെന്ന് പറയുന്ന മാധ്യമങ്ങള്‍ വായിക്കൂ
Media Criticism
Ravish Kumar's Speech: എന്നിട്ടും നിങ്ങള്‍ക്ക് വായിക്കണമെന്നുണ്ടെങ്കില്‍ ഹിന്ദുക്കളും മുസ്‌ലിംങ്ങളും ഒരുമിച്ച് നില്‍ക്കണമെന്ന് പറയുന്ന മാധ്യമങ്ങള്‍ വായിക്കൂ
രവീഷ് കുമാര്‍
Wednesday, 11th September 2019, 3:20 pm

റമോണ്‍ മഗ്‌സസേ പുരസ്‌കാരം നേടിയ ശേഷം ഫിലിപ്പീന്‍സില്‍ വെച്ച് എന്‍.ഡി.ടി.വി മാനേജിങ് എഡിറ്റര്‍ രവീഷ് കുമാര്‍ നടത്തിയ പ്രസംഗത്തിന്റെ സ്വതന്ത്ര മൊഴിമാറ്റം

ഇന്ത്യ ചന്ദ്രനെ കീഴടക്കി. വളരെ അഭിമാനാര്‍ഹമായ ആ നിമിഷത്തില്‍ ഞാന്‍ ചന്ദ്രനെ നോക്കി. അതേസമയം തന്നെ ഞാന്‍ എന്റെ കാല്‍ച്ചുവട്ടിലെ ഭൂമിയിലേക്കും നോക്കി. ചന്ദ്രനില്‍ ധാരാളമായിക്കാണുന്ന ചെറിയ കുഴികളും ഗര്‍ത്തങ്ങളും എന്റെ തെരുവുകളിലുമുണ്ട്. സൂര്യപ്രകാശത്തില്‍ കത്തിയെരിയുമ്പോള്‍ ചന്ദ്രനിലെ ശീതളിമയ്ക്കു വേണ്ടി ജനാധിപത്യ രാജ്യങ്ങള്‍ യാചിക്കുകയാണ്.

പക്ഷേ, ഈ തീ കെടുത്താന്‍ മായമില്ലാത്ത, ധീരമായ വിവരങ്ങള്‍ കൊണ്ടു മാത്രമേ സാധിക്കൂ, വെറും വാചകക്കസര്‍ത്ത് കൊണ്ടു മാത്രം കഴിയില്ല. നമ്മള്‍ നല്‍കുന്ന വിവരങ്ങള്‍ എത്രത്തോളം മായമില്ലാത്തതാണോ, ശുദ്ധമാണോ, അത്രത്തോളം ആഴത്തില്‍ നമ്മുടെ ജനതയുടെ വിശ്വാസം നമുക്ക് ആര്‍ജിക്കാന്‍ കഴിയും. വിവരങ്ങള്‍ രാജ്യം കെട്ടിപ്പടുക്കാന്‍ സഹായിക്കും. മറിച്ച്, വ്യാജ വാര്‍ത്തയും പ്രചാരണവും തെറ്റായ ചരിത്രവും ഉണ്ടാക്കുന്നത് ആള്‍ക്കൂട്ടങ്ങളെയായിരിക്കും.

രണ്ടുമാസം മുന്‍പ്, ചാനലിനു വേണ്ടി ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ എന്റെ മൊബൈലില്‍ ഒരു കോള്‍ വന്നു. ഒറ്റ ഫ്‌ളാഷില്‍ ഫിലീപ്പിന്‍സില്‍ നിന്നുള്ള ഒരു നമ്പറായാണ് അതു കണ്ടത്. ഒരു ട്രോള്‍ കോളാവുമെന്നാണു ഞാന്‍ പ്രതീക്ഷിച്ചത്. ഏതോ കാരണത്താല്‍ എന്റെ ട്രോള്‍ കോളിങ്ങൊക്കെ വരുന്നത് ഫിലിപ്പീന്‍സില്‍ നിന്നാണ്. അവരെല്ലാം ഫിലിപ്പീന്‍സില്‍ താമസിക്കുന്നവരാണെങ്കില്‍ അവരെ സ്വാഗതം ചെയ്യാന്‍ ഞാനീ അവസരം ഉപയോഗിക്കുകയാണ്. ഞാനിപ്പോള്‍ ഇവിടെയുണ്ടല്ലോ.

എന്തായാലും ആ ദിവസത്തിലേക്കു തിരിച്ചുവരാം. എന്റെ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകയോട് ഞാന്‍ ചോദിച്ചു, എനിക്കു വരുന്ന ട്രോള്‍ കോളിലെ ഭാഷ കേള്‍ക്കാന്‍ താത്പര്യമുണ്ടോയെന്ന്. ലൗഡ്‌സ്പീക്കറിലിട്ടാണ് ഞാന്‍ കോളെടുത്തത്. ‘എനിക്ക് മിസ്റ്റര്‍ രവീഷ് കുമാറിനോട് സംസാരിക്കാന്‍ കഴിയുമോ?’ എന്നായിരുന്നു മറുതലയ്ക്കല്‍ നിന്ന് ചോദിച്ചത്. അതും സ്ത്രീശബ്ദത്തില്‍. ആയിരക്കണക്കിന് ട്രോള്‍കോളുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഒരു സ്ത്രീയില്‍ നിന്നുണ്ടാവുന്നത് ആദ്യമാണ്. ഞാന്‍ ഉടന്‍തന്നെ സ്പീക്കര്‍ ഓഫാക്കി ഫോണ്‍ ചെവിയില്‍ വെച്ചു. ആ സ്ത്രീ എന്നോടു പറഞ്ഞു, നിങ്ങള്‍ക്ക് മഗ്‌സസേ പുരസ്‌കാരം ലഭിച്ചുവെന്ന്.

ആ ഒരൊറ്റ ഫ്‌ളാഷാണ് ഞാനിവിടെ നിങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കാരണം. പക്ഷേ ഞാനിവിടെ ഒറ്റക്കല്ല വന്നത്. ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥിയും പീര്‍ മുനിസ് മുഹമ്മദും പ്രാക്ടീസ് ചെയ്ത ഹിന്ദി മാധ്യമപ്രവര്‍ത്തന ലോകത്തെ ആകമാനം ഞാന്‍ എന്റെയൊപ്പം കൊണ്ടുവന്നിട്ടുണ്ട്.

നമ്മള്‍ പരീക്ഷണ കാലഘട്ടത്തില്‍ക്കൂടിയാണു കടന്നുപോകുന്നത്, മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയിലും പൊതുജനം എന്ന നിലയിലും. നമ്മുടെ പൗരത്വം ഇപ്പോള്‍ വിചാരണ നേരിടുകയാണ്. അതില്‍ തെറ്റ് വരുത്താന്‍ നമുക്കാവില്ല, നമുക്ക് തിരിച്ചു പോരാടേണ്ടതുണ്ട്. ഒരു പൗരന്‍ എന്ന നിലയിലുള്ള നമ്മുടെ കടമകളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ചു വീണ്ടും ചിന്തിക്കണം.

പൗരത്വത്തിനു നേര്‍ക്കുള്ള ആക്രമണവും ഭരണകൂടത്തിന്റെ നിരീക്ഷണ ഉപകരണങ്ങളും മുന്‍പത്തേക്കാളും നിഷ്ഠുരമായിരിക്കുന്ന ഈ സാഹചര്യത്തെ എതിര്‍ക്കാനും പ്രതിരോധിക്കാനും കഴിയുന്ന വ്യക്തികളും കൂട്ടായ്മകളും ശക്തിയാര്‍ജിക്കേണ്ടതുണ്ട്. അവര്‍ക്കു മാത്രമേ ഒരു നല്ല ജനതയ്ക്കുള്ള അടിത്തറ പാകാന്‍ കഴിയൂ. ഭാവിയില്‍ അതുവഴി മെച്ചപ്പെട്ട സര്‍ക്കാരുകളുണ്ടാക്കാനും കഴിഞ്ഞേക്കും.

ഈ നിശ്ചയദാര്‍ഢ്യമുള്ള മനുഷ്യര്‍ പ്രതീക്ഷ നഷ്ടപ്പെട്ട മരുഭൂമിയിലുണ്ടാകുന്ന കള്ളിമുള്‍ച്ചെടിയെപ്പോലെ വിടരും. എല്ലാ വശങ്ങളിലും മരുഭൂമിയുണ്ടെങ്കിലും, ഒറ്റയ്ക്കു നില്‍ക്കുകയാണെങ്കിലും കള്ളിമുള്‍ച്ചെടി അതിന്റെ നിലനില്‍പ്പിനെക്കുറിച്ച് ആലോചിക്കാറില്ല. എവിടെയാണോ ജനാധിപത്യത്തിന്റെ ഫലഫൂയിഷ്ടമായ നിലങ്ങളുണ്ടായിരുന്നത്, അവിടം ഇന്ന് മരുഭൂമികളായി അട്ടിമറിക്കപ്പെട്ടുകഴിഞ്ഞു. പൗരത്വവും വിവരാവകാശവും ആപത്കരമായിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ, അസാധ്യമല്ല.

ഇന്ന് ഭരണകൂടം മാധ്യമങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും മേല്‍ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞു. മാധ്യമങ്ങള്‍ക്കു മേലുള്ള ഈ നിയന്ത്രണം പൗരത്വത്തിന്റെ സാധ്യത ഇടുങ്ങിയതാക്കുകയാണ്. മറ്റൊരു രീതിയില്‍പ്പറഞ്ഞാല്‍, വാര്‍ത്തകളുടെ വൈവിധ്യത്തിന്റെ നിയന്ത്രണം മാധ്യമങ്ങള്‍ക്കാണ്. എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാണ്. അതിനി ഒരിക്കലും നാലാം തൂണായി തുടരില്ല, മറിച്ച് ഒന്നാം തൂണാവുകയാണ് ചെയ്യുക.

ന്യൂസ് ചാനലുകളിലെ ചര്‍ച്ചകള്‍ ദേശീയതയുടെ ശബ്ദകോശത്തിനുള്ളില്‍ നിന്നായിരിക്കും. ഭരണപക്ഷത്തിന്റെ കാഴ്ചപ്പാടിലുള്ള ചരിത്രമാകും പ്രേക്ഷകരിലേക്ക് അവരെത്തിക്കുക. വാര്‍ത്താ പ്രപഞ്ചത്തില്‍ രണ്ടുതരം ആളുകളാണുണ്ടാവുക. ഒന്ന്, ദേശവിരുദ്ധരും, മറ്റൊന്ന് നമ്മളും. ‘നമ്മള്‍’ എന്നതും ‘അവര്‍’ എന്നതും ഉപയോഗിക്കുകയാണ് ഏറ്റവും ക്ലാസ്സിക്കായ ആശയം. അവര്‍ ചോദ്യങ്ങള്‍ ചോദിക്കും, വിയോജിക്കും എന്നിവയാണ് ദേശവിരുദ്ധരുമായി പ്രശ്‌നമുണ്ടാകാനുള്ള കാരണമെന്നാണ് അവര്‍ നമ്മളോടു പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിയോജിപ്പാണ് ജനാധിപത്യത്തിന്റെയും പൗരത്വത്തിന്റെയും ആത്മാവ്. ഈ ജനാധിപത്യത്തിന്റെ ആത്മാവ് ദിനംപ്രതി ആക്രമണത്തിനിരയായിക്കൊണ്ടിരിക്കുകയാണ്. ഹോങ്കോങ്ങിലും കശ്മീരിലും എന്താണു സംഭവിക്കുന്നതെന്നു നോക്കുക. അപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും, ജനങ്ങള്‍ ഇപ്പോഴും അവരുടെ പൗരത്വത്തിനു വേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണെന്ന്.

ജനാധിപത്യത്തിനു വേണ്ടി പോരാടുന്ന ഹോങ്കോങ്ങിലെ ലക്ഷണക്കണക്കിനു ജനങ്ങള്‍ എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയെ തിരസ്‌കരിക്കുന്നത്? കാരണം തങ്ങളെക്കാള്‍ നന്നായി തങ്ങളുടെ സര്‍ക്കാര്‍ സംസാരിക്കുമെന്നതിനാല്‍ അവര്‍ മറ്റൊരു ഭാഷയെയും വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ സ്വന്തം ഭാഷയുണ്ടാക്കിയത്. അതിനുവേണ്ടിയാണ് അവര്‍ ആശയവിനിമയത്തിനായി സ്വന്തമായി പദവിന്യാസം കണ്ടെത്തിയത്. പൗരത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിലെ ഏറ്റവും നൂതനമായ ആശയമാണത്. ഇതുവഴിയാണ് ലക്ഷക്കണക്കിനു ജനങ്ങള്‍ സംസാരിക്കുന്നത്.

അവര്‍ സ്വന്തമായി ആപ്പുകളുണ്ടാക്കി, ഇലക്ട്രോണിക് മെട്രോ കാര്‍ഡുകളുണ്ടാക്കി. അവര്‍ സിം കാര്‍ഡുകള്‍ മോഡിഫൈ ചെയ്തു. പൗരത്വത്തെ ഭരണകൂടം കീഴ്‌പ്പെടുത്തിയിട്ടില്ലെന്നാണ് അവര്‍ നമ്മളോടു പറയുന്നത്.

കശ്മീര്‍ മറ്റൊരു കഥയാണ്. ആഴ്ചകളായി അവിടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ ഇല്ലാതാക്കിയിരിക്കുകയാണ്. ഒരു കോടിയിലധികം ആളുകളാണ് ഒരു വിവരവും അറിയാതെ കഴിയുന്നത്. അവിടെ ഇന്റര്‍നെറ്റ് പൂര്‍ണ്ണമായി തടസ്സപ്പെടുത്തിയിരിക്കുകയാണ്. മൊബൈലുകള്‍ ഉപയോഗശൂന്യമാക്കിയിരിക്കുകയാണ്. വിവരങ്ങളറിയാതെ ജീവിക്കേണ്ടിവരുന്ന ഒരു പൗരനെക്കുറിച്ചു നിങ്ങള്‍ക്കു ചിന്തിക്കാനാവുമോ? വാര്‍ത്തകള്‍ ശേഖരിക്കാനും വിതരണം ചെയ്യാനും കഴിയുന്ന മാധ്യമങ്ങള്‍ വരെ ഇതിനെ അനുകൂലിക്കുമ്പോള്‍ എന്താണ് സംഭവിക്കുക?

അങ്ങനെ വരുമ്പോള്‍ പൗരന്മാര്‍  മാധ്യമങ്ങള്‍ക്കെതിരായി നിലകൊള്ളും. അതിജീവനത്തിനും തങ്ങളുടെ കുടുംബത്തിന്റെ ക്ഷേമത്തിനും വേണ്ടിയാണ് അവരതു ചെയ്യുന്നത്.

ഇതില്‍ ദൗര്‍ഭാഗ്യകരമായ കാര്യമെന്തെന്നാല്‍, ഇന്ത്യയുടെ അയല്‍രാജ്യങ്ങളൊക്കെത്തന്നെയാണ് മാധ്യമ സ്വാതന്ത്ര്യ സൂചികയിലും അയല്‍ക്കാര്‍ എന്നുള്ളതാണ്. അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ അവസാന 50 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും പാക്കിസ്ഥാനും ചൈനയും ശ്രീലങ്കയും ബംഗ്ലാദേശും മ്യാന്‍മാറുമൊക്കെയുള്ളത്.

സ്വാതന്ത്ര്യത്തെ പല രീതിയില്‍ ആവിഷ്‌കരിക്കാം. തനിക്ക് ആവശ്യമുള്ളത് എന്താണെന്ന് അയാള്‍ക്കു പറയാന്‍ കഴിയുന്നതിനെ സ്വാതന്ത്ര്യമെന്നു പറയാന്‍ കഴിയാം. ഒരാള്‍ എന്തു സംസാരിക്കണമെന്നും ചിന്തിക്കണമെന്നും അയാള്‍ തന്നെ തീരുമാനിക്കുന്നതും സ്വാതന്ത്ര്യമാണ്. ഇവിടെ ഞാന്‍ പ്രത്യേകം പരാമര്‍ശിക്കാന്‍ പോകുന്നതു മാധ്യമങ്ങളെയാണ്. ഒപ്പം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രണ്ടു പ്രധാനപ്പെട്ട രാജ്യങ്ങളെക്കുറിച്ചും.

കശ്മീരിലെ സ്ഥിതിയെക്കുറിച്ച് എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്നതിനെക്കുറിച്ച് പാക്കിസ്ഥാനി ന്യൂസ് ചാനലുകള്‍ക്കു കൃത്യമായ നിര്‍ദേശം നല്‍കിയ പാക്കിസ്ഥാനി ഇലക്ട്രോണിക് മീഡിയാ റെഗുലറേറ്ററി അതോറിറ്റിയുടെ വിജ്ഞാപനത്തിനെതിരെ ഞാനെഴുതിയത് എന്റെ ട്വിറ്റര്‍ ഫീഡില്‍ക്കാണാം. വളരെ സൗകര്യാര്‍ഥം ‘അഭിപ്രായം’ എന്നാണ് ആ വിജ്ഞാപനത്തെക്കുറിച്ച് പറയുന്നത്.

അതില്‍ ദുഃഖസൂചകമായി ഈദ് ആഘോഷങ്ങള്‍ താത്കാലികമായി റദ്ദാക്കുന്നതിനെക്കുറിച്ചും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇന്ത്യന്‍ അതിക്രമങ്ങളെക്കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനെക്കുറിച്ചും കശ്മീരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാര്‍ത്ത പ്രക്ഷേപണം ചെയ്യേണ്ടതിനെക്കുറിച്ചും ഓഗസ്റ്റ് 15 കരിദിനമായി ആചരിക്കേണ്ടതിനെക്കുറിച്ചും പറയുന്നുണ്ട്.

ഓഗസ്റ്റ് 15-ന് ടി.വി ചാനല്‍ ലോഗോകളില്‍ കറുപ്പും വെള്ളയും നിറം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന ശുപാര്‍ശയും അതില്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. എങ്ങനെയാണ് ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കുക എന്നുള്ളതാലോചിച്ച് ആരായാലും ഒന്നു ഞെട്ടും. കടും ചുവപ്പ്, പച്ച, മഞ്ഞ എന്നീ നിറങ്ങളിലാണ് ടെലിവിഷന്‍ സ്‌ക്രീന്‍ നിലനില്‍ക്കുന്നതു തന്നെ.

ഓഗസ്റ്റ് 15-ന് എങ്ങനെയാണ് പാക്കിസ്ഥാനി ന്യൂസ് ചാനലുകള്‍ ഇത്തരമൊരു നിശ്ചിത കളര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാലോചിച്ച് ഞാന്‍ ഞെട്ടിയിരിക്കുകയാണ്. ഇന്ത്യന്‍ ടി.വി ചാനലുകള്‍ക്ക് 10 കളറിലും വലിപ്പത്തിലും കുറഞ്ഞ ലോഗോയിലും ഗ്രാഫിക്‌സിലും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നത് എനിക്കു ചിന്തിക്കാന്‍ കൂടി കഴിയില്ല.

എല്ലാ രാത്രിയിലും എട്ടുമണിക്കോ ഒമ്പതു മണിക്കോ നമ്മുടെ ഇന്ത്യന്‍ ടി.വി ചാനലുകളില്‍ വരുന്ന സാധാരണ വാര്‍ത്ത പോലും പാക്കിസ്ഥാനെ അപമാനിക്കുന്നതാണ്. പ്രേക്ഷകര്‍ അവരുടെ അത്താഴം അവതാരകരുടെ അപശ്രുതിയാര്‍ന്ന ഗര്‍ജനത്തിനു കീഴിലിരുന്നാണ് കഴിക്കുന്നത്. ചര്‍ച്ചയ്ക്കു വരുന്നവരാകട്ടെ പരുഷമായ വാക്കുകളിലാണ് സംസാരിക്കുന്നതും.

ദേശീയ താത്പര്യം മുന്‍നിര്‍ത്തി കശ്മീര്‍ താഴ്‌വരയിലെ മാധ്യമവിലക്കിനെ പിന്തുണച്ചുകൊണ്ട് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ ഒരു അപേക്ഷ നല്‍കിയിരുന്നു. പ്രസ്സ് കൗണ്‍സില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരാണെന്നു കാണിച്ച് വിഷയത്തില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ഒരു കത്ത് പുറപ്പെടുവിച്ചിരുന്നു.

സ്വാഭാവികമായും പ്രസ്സ് കൗണ്‍സില്‍ പിന്തിരിയുമല്ലോ. അങ്ങനെയുണ്ടായപ്പോഴാണ് മാധ്യമങ്ങള്‍ക്കു മേലുള്ള നിയന്ത്രണങ്ങളെ പിന്തുണയ്ക്കില്ലെന്ന് ബോള്‍ഡ് ലെറ്റേഴ്‌സില്‍ അവര്‍ പ്രസ്താവിച്ചത്. അത്തരം സംഭവങ്ങള്‍ പ്രേക്ഷകരെന്ന നിലയിലും പൗരര്‍ എന്ന നിലയിലുമുള്ള സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണ്.

സ്വാതന്ത്ര്യം ഇവിടെ ഒരു പ്രഹസനമായിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ ഇത്തരത്തില്‍ സ്വാതന്ത്ര്യത്തെ അപഹസിക്കുമ്പോള്‍ നമ്മുടെ ബുദ്ധി മാത്രമല്ല, സിറ്റിസണ്‍ ജേണലിസത്തിന്റെ അടിസ്ഥാന ഭാവന തന്നെ ദുര്‍ബലമാകാന്‍ തുടങ്ങും.

മുഖ്യധാരാ മാധ്യമപ്രവര്‍ത്തനത്തിന് അതിന്റെ അവകാശങ്ങളെയും മാധ്യമപ്രവര്‍ത്തനം എന്നതിന്റെ പൂര്‍ണ ആശയത്തെയും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാതെ വരുമ്പോള്‍ സിറ്റിസണ്‍ ജേണലിസ്റ്റുകളും സിറ്റിസണ്‍ ജേണലിസവും നിലനില്‍പ്പിനെ ബാധിക്കുന്ന തരത്തിലുള്ള, സ്ഥായിയായ ഒരു ഭീഷണിക്ക് വിധേയപ്പെടുന്നു.

മാധ്യമപ്രവര്‍ത്തനം അതിന്റെ അടിസ്ഥാന ആശയങ്ങളില്‍നിന്നും തത്വങ്ങളില്‍ നിന്നും വ്യതിചലിച്ചിരിക്കുന്നു. വിഷയങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ ഞാന്‍ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വിരോധാഭാസവും ദുരന്തവും കാണുന്നില്ലെന്നതാണു യാഥാര്‍ഥ്യം. ന്യൂസ് റൂമുകള്‍ക്കുള്ളില്‍ത്തന്നെ ബ്ലോഗുകളും വെബ്‌സൈറ്റുകളും നിരോധിക്കപ്പെട്ടിരുന്നു. ഇന്നും പല മാധ്യമങ്ങളിലും മാധ്യമപ്രവര്‍ത്തകരെ അവരുടെ വ്യക്തിപരമായ അഭിപ്രായം പറയുന്നതില്‍ നിന്നും വിലക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

24-കാരിയായ ഒരു യുവതിയാണ് ഇറാഖ് യുദ്ധം ചിത്രീകരിക്കുകയും അവ ബ്ലോഗുകളുടെ രൂപത്തിലാക്കുകയും അതു പിന്നീട് 2005-ല്‍ ‘Baghdad Burning: Girl Blog from Iraq’ എന്ന പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തത്. പേര് വെളിപ്പെടുത്താത്ത ഈ പെണ്‍കുട്ടി സാമൂഹ്യമാധ്യമത്തിലൂടെ ചെയ്തതിന്റെ അത്രയുമൊന്നും തങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ ചെയ്തിട്ടില്ലെന്ന് ലോകത്തെ പ്രമുഖ മാധ്യമസ്ഥാപനങ്ങളൊക്കെയും സമ്മതിച്ചുകഴിഞ്ഞതാണ്.

ഇന്ന് ഒരു കശ്മീരി പെണ്‍കുട്ടിയാണ് ‘Baghdad burning’ എന്ന പേരില്‍ ബ്ലോഗ് എഴുതിയതെങ്കില്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ അവളെ ദേശവിരുദ്ധയെന്നു മുദ്രകുത്തിയേനെ.

മാധ്യമങ്ങള്‍ പൗരര്‍ക്കെതിരെ തിരിഞ്ഞാല്‍ പൗരര്‍ മാധ്യമങ്ങളുടെ റോള്‍ ഏറ്റെടുക്കണം. ഭരണകൂട നിരീക്ഷണത്തിന്റെയും ക്രൂരതയുടെയും ഇക്കാലത്ത് വിജയിക്കാനുള്ള സാധ്യതകള്‍ വളരെക്കുറവാണ്. കാരണം, ഭരണകൂടം വിവരങ്ങള്‍ ബ്ലോക്ക് ചെയ്തുകൊണ്ടേയിരിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങളാകട്ടെ, ലാഭം കൂട്ടുക എന്നതിനാണ് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കുന്നത്. ഈ ഏക ലക്ഷ്യം അവരെ ഭരണകൂടത്തിന്റെ പി.ആര്‍ ഏജന്റാക്കുന്നു.

ധാരാളം ചാനലുകളാണ് ടെലിവിഷനിലുള്ളത്. പക്ഷേ രീതിയും വാര്‍ത്തയുടെ ഉള്ളടക്കവുമെല്ലം ഇവിടെ ഒന്നുതന്നെയാണ്. പ്രതിപക്ഷമെന്നത് ഈ മാധ്യമങ്ങള്‍ക്ക് മോശമായതെന്തോ ആണ്. ഇന്ത്യന്‍ പൗരര്‍ക്ക് ജനാധിപത്യത്തോടുള്ള അഭിനിവേശം എല്ലാ രാത്രികളിലും ന്യൂസ് ചാനലുകള്‍ ചവിട്ടിമെതിക്കാറുണ്ട്.

യഥാര്‍ഥത്തില്‍ ജനാധിപത്യം ജീവനോടെയുണ്ട്. എല്ലാ ദിവസവും സര്‍ക്കാരിനെതിരെ പ്രകടനങ്ങള്‍ നടക്കാറുണ്ട്. പക്ഷേ തങ്ങളുടെ ബുള്ളറ്റിനില്‍ നിന്ന് ഇത്തരം പ്രതിഷേധങ്ങളെ മാറ്റിനിര്‍ത്താനുള്ള ഒരു സ്‌ക്രീനിങ് പ്രക്രിയ മാധ്യമങ്ങള്‍ നടത്താറുണ്ട്. ഈ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല.

ഇതിന്റെ ഫലമായി പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നയാളുകള്‍ സ്വയം വീഡിയോകള്‍ എടുക്കാന്‍ തുടങ്ങി. ഫോണുകളില്‍ അവര്‍ വീഡിയോ എടുക്കാന്‍ തുടങ്ങി. മാധ്യമപ്രവര്‍ത്തകരുടെ റോള്‍ അവര്‍ത്തന്നെ ഏറ്റെടുക്കാനും. പിന്നീട് അവര്‍ ആ വീഡിയോകള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യും.

ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കു പൗരത്വം നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറാകില്ല. അതുകൊണ്ടുതന്നെയാണ് സ്വയം വീഡിയോ എടുത്ത് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യാന്‍ പൗരര്‍ തയ്യാറാകുന്നത്. യൂട്യൂബില്‍ വരെ അവര്‍ വീഡിയോ അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങി. പ്രക്ഷോഭകര്‍ സിറ്റിസണ്‍ ജേണലിസം പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി. യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതോടുകൂടി അവര്‍ സിറ്റിസണ്‍ ജേണലിസ്റ്റുകളായി.

പൊതുജനങ്ങള്‍ ന്യൂസ് ചാനലുകളില്‍ നിന്നും തുടച്ചുമാറ്റപ്പെടുകയും രാഷ്ട്രീയ അജണ്ട മാത്രം തൊണ്ടയില്‍ നിന്നു വരികയും ചെയ്യുമ്പോഴും ചിലയാളുകള്‍ ഒന്നും അവസാനിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഈ അധിക്ഷേപങ്ങള്‍ക്കിടയില്‍ സര്‍ക്കാരില്‍ നിന്നും പലതും ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളാണ് എനിക്കു ലഭിച്ചത്. ജനങ്ങള്‍ അവരുടെ പ്രശ്‌നങ്ങള്‍ കൊണ്ടെന്നെ ട്രോളുകയായിരുന്നു. ‘നിങ്ങള്‍ എന്താണ് ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കാത്തത്? നിങ്ങള്‍ക്കു സര്‍ക്കാരിനെ ഭയമാണോ?’ അവരെന്നോടു ചോദിച്ചുകൊണ്ടേയിരുന്നു.

ഞാന്‍ അവരെ കേള്‍ക്കാന്‍ തുടങ്ങി. പ്രൈം ടൈം മാറി. ആയിരക്കണക്കിനു യുവതീ യുവാക്കള്‍ എനിക്ക് മെസ്സേജുകള്‍ അയക്കാന്‍ തുടങ്ങി. പ്രഖ്യാപനം കഴിഞ്ഞിട്ടും കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ ജോലിക്കുള്ള പരീക്ഷകള്‍ നടത്തുന്നില്ലെന്നും ഫലം വന്നതിന് അപ്പോയിന്റ്‌മെന്റ് ലെറ്ററുകള്‍ അയക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ഫലം കാത്ത് ഒരു കോടിയോളം പേരാണ് പുറത്ത് വേറെയുള്ളത്.

പ്രൈം ടൈമിന്റെ ‘ജോബ് സീരിസ്’ ഫലം ചെയ്തു. മുടങ്ങിക്കിടന്ന പല പരീക്ഷകളും നടന്നു. ഫലം പ്രസിദ്ധീകരിച്ചു. അപ്പോയിന്റ്‌മെന്റ് ലെറ്ററുകള്‍ അയച്ചു. എന്റെ വാട്‌സാപ്പ് നമ്പര്‍ ഒരു പൊതു ന്യൂസ് റൂമായി മാറി. രാഷ്ട്രീയപ്പാര്‍ട്ടികളിലെയും സര്‍ക്കാരിലെയും എന്റെ രഹസ്യ വൃത്തങ്ങള്‍ എന്നില്‍ നിന്ന് അകലം പാലിച്ചു. പൊതുജനങ്ങള്‍ എന്റെ പരസ്യ ഉറവിടമായി മാറി.

ബാലഗംഗാധര തിലകന്‍, മഹാത്മാ ഗാന്ധി, ഡോ. അംബേദ്കര്‍, ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി, പിര്‍ മുഹമ്മദ് യൂനസ്.. ഈ പട്ടിക നീളും. ഇവരൊക്കെയും സിറ്റിസണ്‍ ജേണലിസ്റ്റുകളായിരുന്നു. 1917-ലെ ചമ്പാരന്‍ സത്യാഗ്രഹത്തില്‍ മഹാത്മാ ഗാന്ധി മാധ്യമങ്ങളോട് ചമ്പാരനിലേക്കു വരരുതെന്ന് ഒരു കത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹം കര്‍ഷകരുമായി സംവദിക്കാന്‍ തുടങ്ങിയത്, അവരുടെ കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. അവര്‍ അദ്ദേഹത്തിന്റെ അടുത്ത് അവരുടെ പരാതികള്‍ പറഞ്ഞു, തെളിവുകള്‍ നല്‍കി.

1947 ഏപ്രില്‍ 12-നു നടത്തിയ പ്രാര്‍ഥനാ യോഗത്തില്‍ മഹാത്മാ ഗാന്ധി പത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. അദ്ദേഹത്തിന്റെ അന്നത്തെ അഭിപ്രായങ്ങള്‍ ഇന്നത്തെ വിഭജിക്കപ്പെട്ട മാധ്യമങ്ങള്‍ക്കു തീര്‍ച്ചയായും ഉപകാരപ്പെടും. അന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലുള്ള ആരും തന്നെ ഗാന്ധിയെ കണക്കിലെടുക്കുന്നില്ലെന്നായിരുന്നു അക്കാലത്തെ ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഗാന്ധി സംസാരിച്ചത്. പത്രങ്ങള്‍ സത്യസന്ധമായില്ലെങ്കില്‍ സ്വാതന്ത്ര്യം കൊണ്ട് ഒരു കാര്യവുമില്ല. പത്രങ്ങള്‍ ഇന്നാകെ ഭീതിയിലാണ്. ഏത് വിമര്‍ശനവും രാജ്യത്തിനെതിരായ ആക്ഷേപമായി തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടാണത്.

രാജ്യത്തിന്റെ നേട്ടത്തിനു വേണ്ടി മാത്രമാണ് മുഖ്യധാരാ മാധ്യമങ്ങളെ, പ്രത്യേകിച്ച് വാര്‍ത്താ ചാനലുകളെ ഞാന്‍ വിമര്‍ശിക്കുന്നത്. ഇന്ത്യയിലെ പത്രങ്ങളും ന്യൂസ് ചാനലുകളും സമുദായങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അത്തരം നികൃഷ്ടമായ പത്രങ്ങള്‍ വലിച്ചെറിയാനാണ് ഗാന്ധി പറഞ്ഞിട്ടുള്ളത്. വാര്‍ത്തകളോ വിവരങ്ങളോ അറിയണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ പരസ്പരം സംസാരിക്കൂ.

എന്നിട്ടും നിങ്ങള്‍ക്കു വായിക്കണമെന്നുണ്ടെങ്കില്‍, ഇന്ത്യക്കാരുടെ, ഇന്ത്യന്‍ പൗരരുടെ സേവനത്തിനായി പ്രവര്‍ത്തിക്കുന്ന പത്രങ്ങള്‍ സൂക്ഷ്മതയോടെ തെരഞ്ഞെടുക്കൂ. ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒന്നിച്ചു നില്‍ക്കേണ്ടതിനെക്കുറിച്ച് അവ നിങ്ങളോടു പറയും. ഇപ്പോള്‍ ഗാന്ധി ജീവനോടെയുണ്ടായിരുന്നെങ്കില്‍ 1947 ഏപ്രില്‍ 12-ന് അദ്ദേഹം എന്താണോ ചെയ്തത്, അതുതന്നെ ഇപ്പോഴും ചെയ്‌തേനെ. അതുതന്നെയാണ് ഞാനിപ്പോഴും ആവര്‍ത്തിക്കുന്നതും.

മൊഴിമാറ്റം: ഹരിമോഹന്‍

രവീഷ് കുമാര്‍
മാധ്യമപ്രവര്‍ത്തകന്‍. എന്‍.ഡി.ടി.വി മാനേജിങ് എഡിറ്റര്‍. മഗ്സസേ പുരസ്കാര ജേതാവ്.