ഇന്ത്യൻ ടീമിലെ വമ്പൻ മാറ്റങ്ങൾ; സൂപ്പർതാരത്തിന്റെ ഏകദിന കരിയറിന് അവസാനമായോ?
Cricket
ഇന്ത്യൻ ടീമിലെ വമ്പൻ മാറ്റങ്ങൾ; സൂപ്പർതാരത്തിന്റെ ഏകദിന കരിയറിന് അവസാനമായോ?
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st July 2024, 8:49 am

പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടി-20യും മൂന്ന് ഏകദിനവുമടങ്ങുന്ന പരമ്പരക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ മൂന്ന് ഏകദിന മത്സരങ്ങളും നടക്കും. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രണ്ട് ഫോര്‍മാറ്റിലേയും സ്‌ക്വാഡ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

എന്നാല്‍ ശ്രീലങ്കക്കെതിരെയുള്ള ഏകദിന ടീമില്‍ നിന്നും സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ എന്നീ താരങ്ങള്‍ ഇടംനേടിയിരുന്നില്ല. ഇതിന് മുമ്പ് നടന്ന സിംബാബ്വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു അഭിഷേക് ശര്‍മ നടത്തിയത്.

ഇന്ത്യക്കൊപ്പം ഉള്ള തന്റെ രണ്ടാം മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിക്കൊണ്ടായിരുന്നു സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം കരുത്ത് കാട്ടിയത്. എന്നിട്ടുപോലും താരത്തെ ശ്രീലങ്കക്കെതിരെയുള്ള പരമ്പരയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

ഇന്ത്യക്കൊപ്പം കളിച്ച അവസാന ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജുവിനും ഏകദിന ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. സൗത്ത് ആഫ്രിക്കെതിരെ 114 പന്തില്‍ 108 റണ്‍സ് കൊണ്ടായിരുന്നു മലയാളി താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

ഇപ്പോള്‍ മറ്റൊരു സൂപ്പര്‍താരത്തെയും ഇന്ത്യന്‍ ടീം അവഗണിച്ചുവെന്നാണ് ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെയാണ് ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്നും ഒഴിവാക്കിയത്. ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ താരം കുട്ടി ക്രിക്കറ്റിന്റെ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിരുന്നു.

പിന്നീട് ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആയിരിക്കും താരം ശ്രമിച്ചത്. എന്നാല്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ താരത്തിന് സ്ഥാനം നഷ്ടമാവുകയായിരുന്നു. ഓള്‍ റൗണ്ടര്‍മാരായി റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഈ മൂന്നു താരങ്ങളുടെ വരവോടുകൂടി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ ജഡജയുടെ ഏകദിനം കരിയറിന്റെ ഭാവിയും എന്താകും എന്ന് കണ്ടുതന്നെ അറിയണം.

2009ലാണ് ജഡേജ ഇന്ത്യയ്ക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയ്ക്കായി 197 ഏകദിന മത്സരങ്ങളില്‍ കളിച്ച താരം ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപിടി മികച്ച സംഭാവനകള്‍ ആണ് നല്‍കിയിട്ടുള്ളത്. 13 അര്‍ധസെഞ്ച്വറികള്‍ നേടികൊണ്ട് 2756 റണ്‍സ് ആണ് ജഡേജ അടിച്ചെടുത്തത്. 32.4 ആവറേജിലും 85.1 പ്രഹര ശേഷിയിലുമാണ് താരം ബാറ്റ് വീശിയത്. ബൗളിങ്ങില്‍ 220 വിക്കറ്റുകളാണ് താരം നേടിയത്. 4.88 എക്കണോമിയിലാണ് ജഡേജ പന്തെറിഞ്ഞത്.

 

Content Highlight: Ravindra Jadeja not include For Srilanka Series