ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ മികച്ച തുടക്കമായിരുന്നില്ല ഇന്ത്യക്ക് ലഭിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലേ പിഴക്കുകയായിരുന്നു.
33.2 ഓവറില്‍ 109 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാന്‍ സാധിച്ചത്. പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ എറിഞ്ഞിട്ടാണ് മാറ്റ് കുന്‍മാനും നഥാന്‍ ലിയോണും ടോഡ് മര്‍ഫിയും അടങ്ങുന്ന സ്പിന്‍ നിര ഇന്ത്യയെ തകര്‍ത്തത്.
ഓസീസിനെ തുണച്ച സ്പിന്‍ തങ്ങളെയും തുണക്കുമെന്ന് കരുതിയ ഇന്ത്യക്ക് പാടെ തെറ്റി. ഓസീസ് ബാറ്റര്‍മാര്‍ റണ്ണടിച്ചുകൂട്ടുകയും ആദ്യ ദിവസം തന്നെ കങ്കാരുക്കള്‍ക്ക് ലീഡ് നേടിക്കൊടുക്കുകയും ചെയ്തു.
Australia takes a lead of 47 runs into stumps on day 1.#INDvAUS
— cricket.com.au (@cricketcomau) March 1, 2023
ആദ്യ ദിവസം കളിയവസാനിക്കുമ്പോള്‍ 54 ഓവറില്‍ 154 റണ്‍സിന് നാല് എന്ന നിലയിലാണ് ഓസീസ്. 47 റണ്‍സിന്റെ ലീഡാണ് നിലവില്‍ കങ്കാരുക്കള്‍ക്കുള്ളത്.
ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ജഡേജയാണ് നാല് വിക്കറ്റുകളും സ്വന്തമാക്കിയത്.
ഓപ്പണര്‍ ട്രാവിസ് ഹെഡിനെ പുറത്താക്കിയതിന് പിന്നാലെ ഒരു വമ്പന്‍ റെക്കോഡും ജഡേജയെ തേടിയെത്തിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 5000 റണ്‍സും 500 വിക്കറ്റും എന്ന നേട്ടമാണ് ജഡേജയെ തേടിയെത്തിയത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത് മാത്രം ഇന്ത്യന്‍ താരമാണ് ജഡേജ.
ക്രിക്കറ്റ് ലെജന്‍ഡും ഇന്ത്യയുടെ വേള്‍ഡ് കപ്പ് വിന്നിങ് ക്യാപ്റ്റനുമായ കപില്‍ ദേവാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. 9031 റണ്‍സും 687 വിക്കറ്റുമാണ് കപില്‍ ദേവിന്റെ പേരിലുള്ളത്.
ഇന്ത്യക്കായി 36 ടെസ്റ്റ്, 171 ഏകദിനം, 64 ടി-20 മത്സരം എന്നിങ്ങനെ 271 മത്സരങ്ങളാണ് ജഡേജ കളിച്ചത്. ഇതില്‍ നിന്നും യഥാക്രമം 2623, 2447, 457 റണ്‍സും നേടി. ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും 260ഉം ഏകദിനത്തില്‍ നിന്നും 189ഉം കുട്ടി ക്രിക്കറ്റില്‍ നിന്നും 51 വിക്കറ്റുകളുമാണ് ജഡേജ സ്വന്തമാക്കിയത്.
അതേസമയം, പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഓസീസിന് പരമ്പര നേടാന്‍ സാധിക്കില്ല എന്ന കാര്യം ഉറപ്പാണ്. എങ്കിലും ഇനിയുള്ള രണ്ട് മത്സരത്തില്‍ രണ്ടും ജയിച്ച് പരമ്പര സമനിലയിലാക്കാനായിരിക്കും ഓസീസ് ശ്രമിക്കുക.
Content Highlight: Ravindra Jadeja is the second Indian player to complete 5000 runs and 500 wickets