പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ബ്രോ ഡാഡിയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ലാലു അലക്സിന്റെ കുര്യന്‍ മാളിയേക്കല്‍. കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച അന്നയുടെ അച്ഛനായി ജീവിക്കുകയായിരുന്നു ലാലു അലക്സ് സിനിമയിലുടനീളം.
പല രംഗങ്ങളിലും സഹതാരങ്ങളുടെ പ്രകടനങ്ങളെപ്പോലും നിഷ്പ്രഭമാക്കി മുന്നേറുകയായിരുന്നു ലാലു അലക്സ്.
പ്രേക്ഷകര്‍ ബ്രോ ഡാഡിയിലെ തന്റെ കഥാപാത്രത്തെ സ്വീകരിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ലാലു അലക്‌സ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതാരംഭത്തെ കുറിച്ചും സിനിമയിലെ സൗഹൃദങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ലാലു അലക്‌സ്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.
മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനമുണ്ടെന്ന് ലാലു അലക്സ് പറയുന്നു.
‘ഞാന്‍ നായകനായി അഭിനയിച്ച പടങ്ങള്‍ എത്രയോ കുറവാണ്. തരക്കേടില്ലാത്ത വേഷങ്ങള്‍ ലഭിച്ചിരുന്നു. ഇന്നും ലഭിക്കുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ എക്കാലത്തേയും നായക നടന്മാരാണ്. വലിയ അഭിനേതാക്കളുമാണ്. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന ഒരു നടനാണ് ഞാന്‍,’ താരം പറഞ്ഞു.
തന്റെ നല്ല സുഹൃത്തായിരുന്ന അന്തരിച്ച നടന്‍ രതീഷെന്നും അദ്ദേഹത്തിന്റെ മരണം വളരെയധികം തളര്‍ത്തിയെന്നും ലാലു അലക്‌സ് പറഞ്ഞു.
”എന്റെ നല്ല സുഹൃത്തായിരുന്നു രതീഷ്. രതീഷിന്റെ മരണ ശേഷം വീട്ടില്‍ പോയി തിരിച്ചുവരുമ്പോള്‍ എന്റെ കൈയില്‍ നിന്ന് കാറിന്റെ സ്റ്റിയറിങ്ങിന്റെ കണ്‍ട്രോള്‍ പോയി. എവിടെയോ ചെന്നിടിച്ചു. വിഷമം കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അവന്റെ നന്മ കൊണ്ടാവും എനിക്കന്ന് കാര്യമായി ഒന്നും സംഭവിക്കാതിരുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് സിനിമയില്‍ ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അതൊന്നും ഇപ്പോളില്ലെന്നും ലാലു അലക്‌സ് പറഞ്ഞു.
‘അടുത്ത സൗഹൃദങ്ങള്‍ എനിക്ക് കുറേ ഉണ്ടായിരുന്നു. പിന്നെ ആ സൗഹൃദങ്ങള്‍ ഒക്കെ വിട്ടുപോയി. കാരണം അവരൊക്കെ കൂടുതല്‍ തിരക്കിലായി. അത് നമ്മള്‍ മനസിലാക്കണം. അതുകൊണ്ട് ആരോടും പരാതിയുമില്ല,’ താരം പറയുന്നു.
ഒരു നീണ്ട ഇടവേളക്ക് ശേഷമുള്ള ലാലു അലക്‌സിന്റെ തിരിച്ചുവരുവുകൂടിയായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബ്രോ ഡാഡി എന്ന ചിത്രത്തില്‍ നമ്മള്‍ കണ്ടത്.
പൃഥ്വിരാജ്, മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, മല്ലിക സുകുമാരന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഹോട്ട്സ്റ്റാറിലായിരുന്നു ചിത്രം റിലീസ് ചെയ്തത്.
ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
Content Highlights: Ratheesh’s death left me paralyzed and lost control of my car on the way home; Says Lalu Alex