ചെന്നൈ: എന്‍ജോയ് എന്‍ജാമി, നീയേ ഒലി എന്നീ പാട്ടുകളെ പ്രതിപാദിക്കുന്ന ലക്കത്തില്‍ വരികളെഴുതിയ റാപ്പര്‍ അറിവിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം കടുത്തതിന് പിന്നാലെ ട്വീറ്റില്‍ അറിവിനെ ഉള്‍പ്പെടുത്തി സംഗീതമാസികയായ റോളിംഗ്‌സ്‌റ്റോണ്‍. പാട്ടുകള്‍ക്ക് ഇത്രയും ശക്തമായ വരികളൊരുക്കിയത് അറിവാണെന്നാണ് ട്വീറ്റില്‍ റോളിംഗ്‌സ്‌റ്റോണ്‍ പറയുന്നത്.
‘എന്‍ജോയ് എന്‍ജാമിയ്ക്കും നീയേ ഒലിക്കും ശക്തമായ വരികളൊരുക്കിയ തീപ്പൊരി തമിഴ് റാപ്പറും ഗാനരചിയിതാവും കംപോസറുമായ അറിവ്,’ എന്നാണ് ഈ ട്വീറ്റില്‍ പറയുന്നത്.
പാട്ടുകള്‍ സ്വതന്ത്രമായി പുറത്തിറക്കിയ എ.ആര്‍ റഹ്മാന്‍ പിന്തുണക്കുന്ന മാജാ എന്ന മ്യൂസിക് പ്ലാറ്റ്‌ഫോം, സംഗീതമൊരുക്കിയ സന്തോഷ് നാരായണന്‍, നീയേ ഒലി പാടിയവരിലൊരാളായ നാവ്‌സ്-47 എന്നിവരെ കുറിച്ചും ഈ ട്വീറ്റില്‍ പറയുന്നുണ്ട്.
റോളിംഗ്‌സ്‌റ്റോണിന്റെ ഓഗസ്റ്റ് ലക്കത്തിനെതിരെയായിരുന്നു കഴിഞ്ഞ ദിവസം മുതല്‍ വ്യാപക പ്രതിഷേധമുയര്‍ന്നത്. ഇരു പാട്ടുകളുടെയും വിജയവും ദക്ഷിണേന്ത്യന്‍ കലാകാരന്മാരുടെ കുതിപ്പും വിഷയമാക്കിയിട്ടായിരുന്നു റോളിംഗ്സ്റ്റോണിന്റെ ഓഗസ്റ്റ് ലക്കത്തിന്റെ കവര്‍.
ഇതില്‍ എന്‍ജോയ് എന്‍ജാമിയിലെ ഒരു ഭാഗം പാടിയ ധീയും നീയേ ഒലി പാടിയ ഷാന്‍ വിന്‍സന്റ് ഡീ പോളും മാത്രമാണ് കടന്നുവന്നിരിക്കുന്നത്. ഇരുവരുടെയും അഭിമുഖം മാത്രമായിരുന്നു മാസികയിലുണ്ടായിരുന്നത്.
അടുത്ത കാലത്ത് അന്താരാഷ്ട്രതലത്തില്‍ വരെ ശ്രദ്ധ നേടിയ ഈ രണ്ട് പാട്ടുകള്‍ക്കും വരികളെഴുതുകയും എന്‍ജോയി എന്‍ജാമിയില്‍ പാടുകയും ചെയ്ത റാപ്പര്‍ അറിവിനെ പാട്ടിന് ലഭിക്കുന്ന അംഗീകാരങ്ങളില്‍ നിന്നും പ്രൊമോഷന്‍ പരിപാടികളില്‍ നിന്നും ഒഴിവാക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.
റോളിംഗ് സ്റ്റോണിനെയും പാട്ടുകളിറക്കിയ മാജായെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് സംവിധായകന്‍ പാ.രഞ്ജിത് രംഗത്തുവന്നിരുന്നു.
‘നീയേ ഒലിയുടെയും എന്‍ജോയ് എന്‍ജാമിയുടെയും വരികളെഴുതിയ അറിവിനെ ഒരിക്കല്‍ കൂടി അദൃശ്യനാക്കിയിരിക്കുകയാണ്. ഇത്തരം അംഗീകാരങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനെയാണ് ആ രണ്ട് പാട്ടുകളും ചോദ്യം ചെയ്യുന്നതെന്ന് മനസിലാക്കാന്‍ റോളിംഗ്സ്റ്റോണിനും മാജായ്ക്കും ഇത്ര ബുദ്ധിമുട്ടാണോ?’ എന്നായിരുന്നു പാ.രഞ്ജിതിന്റെ ട്വീറ്റ്.
ഈ ട്വീറ്റ് പുറത്തുവന്നതിന് ശേഷമാണ് റോളിംഗ് സ്‌റ്റോണിന്റെ അറിവിനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റ് വന്നത്. എന്നാല്‍ ഈയൊരു ട്വീറ്റ് കൊണ്ട് അറിവിനോട് ചെയ്ത അനീതിയെ മറയ്ക്കാനാവില്ലെന്നാണ് നിരവധി പേര്‍ പ്രതികരിച്ചിരിക്കുന്നത്. അറിവിനെ ഉള്‍പ്പെടുത്തിയുള്ള പോസ്റ്ററും ചിലര്‍ തയ്യാറാക്കിയിട്ടുണ്ട്.
സംവിധായിക ലീന മണിമേഘല ഉള്‍പ്പെടുയുള്ളവര്‍ ഈ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. അറിവ് കവറിന്റെ നടുവില്‍ വരുന്ന തരത്തിലാണ് ഷൈനു എന്ന ഡിസൈനര്‍ ചെയ്ത പോസ്റ്റര്‍. ഇത്തരത്തിലായിരുന്നു ശരിക്കും റോളിംഗ്‌സ്റ്റോണ്‍ ആ പാട്ടുകളെ കുറിച്ചുള്ള കവറും എഡിഷനും ഇറക്കേണ്ടിയിരുന്നതെന്നാണ് വിമര്‍ശനകുറിപ്പുകളില്‍ പറയുന്നത്.
തമിഴ് സ്വതന്ത്ര സംഗീതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച എന്‍ജോയ് എന്‍ജാമി ടൈം സ്‌ക്വയറില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും അറിവിനെ ഒഴിവാക്കുകയായിരുന്നു. പാട്ടിന്റെ റീമിക്സ് ചെയ്ത ഡി.ജെ സ്നേക്കും ധീയും മാത്രമായിരുന്നു ഇവിടെയും ഫീച്ചര്‍ ചെയ്യപ്പെട്ടത്.
How it should have been done ❗️@TherukuralArivu @beemji @RollingStoneIN #EnjoyEnjaami https://t.co/UzreY8KcH2 pic.twitter.com/3XbOrobRum
— shynumash (@shynu_mash) August 22, 2021
സ്പോട്ടിഫൈയിലെത്തിയ ഈ റീമിക്സിലും അറിവിന്റെ പേരുണ്ടായിരുന്നില്ല. നീയേ ഒലി മാജാ സ്വതന്ത്ര ആല്‍ബമായി ഇറക്കിയപ്പോഴും യൂട്യൂബ് ഡിസ്‌ക്രിപ്ഷനില്‍ അറിവുണ്ടായിരുന്നില്ല. പിന്നീട് കടുത്ത വിമര്‍ശനമുയര്‍ന്നതിന് ശേഷമാണ് മാജാ അറിവിന്റെ പേരുള്‍പ്പെടുത്തിയത്.
(1) @arrahman-backed label and platform @joinmaajja stands apart for its refreshing South Asian-focused approach.
(2) Firebrand Tamil rapper, lyricist and composer @TherukuralArivu who packed a punch in tracks like “Enjoy Enjaami” and “Neeye Oli” pic.twitter.com/1Aqd3JObJi
— Rolling Stone India (@RollingStoneIN) August 22, 2021
സന്തോഷ് നാരായണനാണ് ഈ രണ്ട് പാട്ടുകള്‍ക്കും സംഗീതം നല്‍കിയത്. എ.ആര്‍ റഹ്മാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മാജായായിരുന്നു ഇവ പുറത്തിറക്കിയത്. ഇരുവര്‍ക്കുമെതിരെയും ഇപ്പോള്‍ വിമര്‍ശനമുയരുന്നുണ്ട്. ധീയും ഡി.ജെ സ്‌നേക്കും ഷാ വിന്‍സന്റ് ഡീ പോളും സംഭവത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Rolling Stone includes Arivu in their tweet about new edition featuring Enjoy Enjaami and Neeye Oli, Netizens says it’s not enough