അമ്പിളിക്കൊപ്പം താമസിച്ചത് സ്വന്തം ഇഷ്ടപ്രകാരം, പീഡനക്കേസ് കെട്ടിച്ചമച്ചത്; അമ്പിളിയുടെ അക്കൗണ്ടില്‍ നിന്നും പെണ്‍കുട്ടിയുടേതെന്ന പേരില്‍ ശബ്ദ സന്ദേശം
Kerala News
അമ്പിളിക്കൊപ്പം താമസിച്ചത് സ്വന്തം ഇഷ്ടപ്രകാരം, പീഡനക്കേസ് കെട്ടിച്ചമച്ചത്; അമ്പിളിയുടെ അക്കൗണ്ടില്‍ നിന്നും പെണ്‍കുട്ടിയുടേതെന്ന പേരില്‍ ശബ്ദ സന്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th June 2021, 1:34 pm

തൃശൂര്‍: പീഡനക്കേസില്‍ അറസ്റ്റിലായ ടിക് ടോക് താരം അമ്പിളിയെന്ന വിഘ്‌നേഷ് കൃഷ്ണക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെടുന്ന ഓഡിയോ സന്ദേശം പുറത്ത്. പീഡിപ്പിച്ചുവെന്ന് പൊലീസ് പറയുന്ന പെണ്‍കുട്ടിയാണെന്ന് പരിചയപ്പെടുത്തുന്ന സ്ത്രീശബ്ദത്തിലുള്ള ഓഡിയോ സന്ദേശമാണ് അമ്പിളിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും പുറത്തുവന്നത്.

കഴിഞ്ഞ ദിവസമാണ് ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയനായ, പത്തൊന്‍പതുകാരന്‍ വിഘ്നേഷ് കൃഷ്ണ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുനിന്ന് യുവാവിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് അറിയിച്ചത്.

എന്നാല്‍ ഈ പരാതിയും പുറത്തുവരുന്ന വിവരങ്ങളുമെല്ലാം വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഓഡിയോ സന്ദേശത്തില്‍ പറയുന്നു. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിഘ്‌നേഷിനൊപ്പം താമസിച്ചു വന്നിരുന്നതെന്നും താന്‍ ഏഴ് മാസം ഗര്‍ഭിണിയാണെന്നും ഈ ഓഡിയോയിലെ പെണ്‍കുട്ടി പറയുന്നുണ്ട്.

വിഘ്‌നേഷിനെ പൊലീസ് ഓടിച്ചിട്ടു പിടിച്ചു എന്നെല്ലാം പറയുന്നത് പൂര്‍ണ്ണമായും തെറ്റാണെന്നും ഓഡിയോയിലുണ്ട്. ഇന്നലെ പൊലീസ് വീട്ടില്‍ വന്ന്, അവന്‍ എവിടെയെന്ന് ചോദിച്ച് മാനസികമായി തളര്‍ത്തുന്ന രീതിയില്‍ കുറെ സംസാരിച്ചു. അതെല്ലാം ഞാന്‍ സഹിച്ചു. പക്ഷെ പിന്നെ അവര്‍ അച്ഛന്റെ കാലുപിടിച്ചു തിരിച്ച് ഒടിക്കുന്ന അവസ്ഥയിലാക്കി. അപ്പോഴാണ് അമ്പിളി തന്നെ സ്വയം പിടികൊടുത്ത് അവരോടൊപ്പം പോയത്.

അമ്പിളിയ്ക്ക് എതിരെ മൊഴി കൊടുത്താല്‍ അഞ്ച് ലക്ഷം തരാം, എന്നെ സര്‍ക്കാര്‍ ഏറ്റെടുക്കും എന്നൊക്കെയാണ് പറയുന്നതെന്നും എന്നാല്‍ തനിക്ക് അതൊന്നും വേണ്ടെന്നും ഓഡിയോയിലെ പെണ്‍കുട്ടി പറയുന്നു. വ്യാജ വാര്‍ത്തകള്‍ കേട്ട് അമ്പിളിയെ ട്രോളാന്‍ ഇറങ്ങരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഓഡിയോ അവസാനിക്കുന്നത്.

വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പിലാണ് വിഘ്നേഷിന്റെ വീട്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസില്‍ പറയുന്നത്. ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്.

സി.ഐ. എം.കെ. മുരളിയുടെ നിര്‍ദേശപ്രകാരം എസ്.ഐ. ഉദയകുമാര്‍, സി.പി.ഒമാരായ അസില്‍, സജീവ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rape case against Tik Tok star Ambili is fake says in new audio message