Kerala News
ടാറ്റൂ സെന്റര്‍ ആര്‍ട്ടിസ്റ്റിനെതിരായ പീഡനക്കേസ്; ഒളിവിലുള്ള പ്രതിയെക്കുറിച്ച് വിവരം ലഭിച്ചെന്ന് പൊലീസ്; അറസ്റ്റ് ഉടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 05, 06:26 am
Saturday, 5th March 2022, 11:56 am

കൊച്ചി: ടാറ്റൂ സെന്റര്‍ കേന്ദ്രീകരിച്ച് യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയും ടാറ്റൂ സെന്റര്‍ ആര്‍ട്ടിസ്റ്റുമായ പി.എസ്. സുജീഷിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്.

ഒളിവില്‍ കഴിയുന്ന പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് പൊലീസ് അറിയിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കൊച്ചിയിലെ ഇന്‍ക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റാണ് സുജീഷ്.

ആറ് യുവതികളാണ് സുജീഷിനെതിരെ ഇതുവരെ മീടൂ ആരോപണമുന്നയിച്ചിരിക്കുന്നത്. പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയടക്കം അഞ്ച് വകുപ്പുകള്‍ ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

ആറ് കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാല് കേസുകള്‍ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പരാതികള്‍ വന്നതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

ടാറ്റൂ ചെയ്യുന്നതിനിടെ സുജേഷ് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന് കഴിഞ്ഞ ദിവസമായിരുന്നു ഒരു യുവതി തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെ സമാനമായ അനുഭവങ്ങള്‍ പറഞ്ഞുകൊണ്ട് കൂടുതല്‍ യുവതികള്‍ രംഗത്തെത്തുകയായിരുന്നു.

2017 മുതല്‍ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതികള്‍ പറയുന്നത്.

ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയാണ് അവസാനമായി ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ മെയില്‍ വഴി പരാതി നല്‍കുകയായിരുന്നു.


Content Highlight: Rape case against Kochi Tattoo artist, police said will soon arrest the accused Sujeesh