രജിനീകാന്തിനെ വെച്ച് ചെയ്യേണ്ട ഒരു ബിഗ് ബജറ്റ് ചിത്രമുണ്ടെന്ന് രഞ്ജന്‍ പ്രമോദ്. താന്‍ അതിനെപ്പറ്റി മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഷോക്കായി പോയെന്നും രഞ്ജന്‍ പ്രമോദ് പറഞ്ഞു. ഒ. ബേബി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദി ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടനും സംവിധായകനുമായ ദിലീഷ് പോത്തനും അഭിമുഖത്തില്‍ പങ്കെടുത്തു.
‘രജിനീകാന്തിനെ വെച്ച് സിനിമയുണ്ടെന്ന് ഞാന്‍ മുന്‍പ് വെറുതെ പറഞ്ഞിരുന്നു. പക്ഷെ അങ്ങനെ ചെയ്യേണ്ടിയിരുന്ന ഒരു സിനിമ എന്റെ കയ്യില്‍ ഉണ്ട്. അത് രജിനി സാറിനെ വെച്ച് ചെയ്യേണ്ടുന്ന ഒന്ന് തന്നെയാണ്. ഞാന്‍ മമ്മൂക്കയോട് ആ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. അതിനെ ഉള്‍ക്കൊള്ളാന്‍ മാത്രം നമ്മുടെ സമൂഹം വളര്‍ന്നിട്ടില്ലെന്നാണ് അന്ന് മമ്മൂക്ക പറഞ്ഞത്. അതുകൊണ്ട് കുറെ കാലം കഴിഞ്ഞിട്ട് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. അത് ഒരു ബുക്കില്‍ എഴുതിവെക്കാന്‍ അദ്ദേഹം പറഞ്ഞു. കാരണം എപ്പോഴെങ്കിലും ഇത് വേറെ ആരെങ്കിലും ചെയ്യുന്ന സമയത്ത് എന്റെ അച്ഛന്‍ അതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടായിരുന്നെന്ന് നിന്റെ മക്കള്‍ക്ക് പറയാം എന്ന് അദ്ദേഹം പറഞ്ഞു. മമ്മൂക്ക അതിനെപ്പറ്റി വളരെ ഷോക്കായിട്ടാണ് കേട്ടുകൊണ്ടിരുന്നത്.
എങ്ങനെയായിരിക്കും സമൂഹം അതിനെ ഏറ്റെടുക്കുന്നതെന്നും അതിന്റെ പ്രൊഡക്ഷന്‍ എങ്ങനെ ആയിരിക്കുമെന്നും എനിക്കറിയില്ല. പക്ഷെ അത് എനിക്ക് ചെയ്യണമെന്നുണ്ട്,’ രഞ്ജന്‍ പ്രമോദ് പറഞ്ഞു.
താന്‍ പദ്ധതിയിടുന്ന ചിത്രത്തില്‍ മതത്തെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഉള്ളതുകൊണ്ടാണ് സിനിമ അംഗീകരിക്കാന്‍ സമൂഹത്തിന് കഴിയില്ലെന്ന് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
‘ചിത്രത്തിന്റെ കണ്ടന്റിന്റെ സ്വഭാവമാണ് ഇതിനെ സമൂഹത്തിന് ചിലപ്പോള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറയാന്‍ കാരണം. മതപരമായ ചില കാര്യങ്ങള്‍ ഈ സിനിമയില്‍ ചര്‍ച്ച ചെയ്‌തേക്കാം. അതുകൊണ്ടാണ് ഈ ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകാത്തത്,’ രഞ്ജന്‍ പ്രമോദ് പറഞ്ഞു.
ഒ.ബേബി ആണ് രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ദിലീഷ് പോത്തനെ നായകനാക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ രഘുനാഥ് പാലേരി, ഹാനിയ നസീഫ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.