Randu Review| തീവ്ര നിലപാടുകാരെ കൊത്തുന്ന രണ്ട്
Film Review
Randu Review| തീവ്ര നിലപാടുകാരെ കൊത്തുന്ന രണ്ട്
അന്ന കീർത്തി ജോർജ്
Sunday, 9th January 2022, 11:58 am

ഇന്നത്തെ ഇന്ത്യയില്‍ ഏറെ ചര്‍ച്ചയാകുന്ന മതവിഭാഗങ്ങള്‍ക്കുള്ളിലെ തീവ്രചിന്താഗതിക്കാരും അത്തരം ചിന്തകളെ അടിസ്ഥാനമാക്കി വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളും പ്രമേയമാക്കിയിരിക്കുന്ന ചിത്രമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ രണ്ട്. തൊട്ടാല്‍ പൊള്ളുന്ന വിഷയത്തെ ആത്മാര്‍ത്ഥതയോടെ സമീപിക്കാനുള്ള ഒരു ശ്രമം രണ്ട് നടത്തുന്നുണ്ട്. പക്ഷെ പ്രമേയത്തോടുള്ള ഉപരിപ്ലവമായ സമീപനവും സംവിധാനത്തിലും തിരക്കഥയിലും വന്ന പാളിച്ചകളും മൂലം ഒരു ഉപേദശം മോഡിലേക്ക് രണ്ട് ഒതുങ്ങിപ്പോകുകയാണ്.

രാജ്യമൊട്ടാകെ, ന്യൂനപക്ഷമായ മുസ്‌ലിങ്ങള്‍ക്കിടയിലും ഭൂരിപക്ഷമായ ഹിന്ദുക്കള്‍ക്കിടയിലും തീവ്രചിന്താഗതിക്കാര്‍ ചേര്‍ന്ന് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ഭിന്നതയും അതിന്റെ പേരില്‍ സാധാരണക്കാരായ മനുഷ്യര്‍ നേരിടേണ്ടി വരുന്ന കനത്ത പ്രതിസന്ധികളുമാണ് രണ്ടില്‍ കാണാനാകുക. ഇതിനെ അല്‍പം തമാശ രൂപത്തില്‍ ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യത്ത് നിരന്തരം നടക്കുന്ന സംഘപരിവാര്‍ ആക്രമണങ്ങളും, ബീഫിന്റെ പേരില്‍ വരെ മുസ്‌ലിങ്ങളെ കൊന്നൊടുക്കുന്നതുമെല്ലാം ചേര്‍ന്ന്, വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ഭയവും വെറുപ്പും അന്യരെ പോലെ പെരുമാറുന്ന രീതിയും വളര്‍ത്തിയെടുത്തിട്ടുണ്ടെന്നതും അത് നമ്മുടെ നാട്ടിലെ ചെറുഗ്രാമങ്ങളില്‍ വരെ വിദ്വേഷം നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നതുമാണ് സിനിമയില്‍ പറയുന്നത്. ഈയൊരു കഥാപരിസരത്തില്‍ നിന്നുകൊണ്ടാണ് കഥ തുടങ്ങുന്നത് തന്നെ.

വിഷ്ണു ഉണ്ണികൃഷ്ണന്റെ വാവ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയും അയാളുടെ നാടായ ചെമ്പരിക്കയിലൂടെയുമാണ് സിനിമ നീങ്ങുന്നത്. മതത്തിന്റെ പേരില്‍ ആളുകളെ വേര്‍തിരിച്ചു കാണാത്ത, നാട്ടിലെ ഏതൊരു കാര്യത്തിനും ഓടിയെത്തുന്ന, എല്ലാവരെയും സഹായിക്കുന്ന ചെറുപ്പക്കാരാനാണ് വാവ.

പക്ഷെ ചെമ്പരിക്കയില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. സൗഹൃദങ്ങളിലും, നാട്ടിലെ ക്ലബുകള്‍ തമ്മിലുള്ള കളികളിലും, അയല്‍വക്കങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും തുടങ്ങി പൊതുവിഷയങ്ങളെ കുറിച്ച് ചായക്കടയില്‍ വെച്ചുനടക്കുന്ന ചര്‍ച്ചകളില്‍ വരെ ഒരാളുടെ മതം അനുസരിച്ച് അയാള്‍ വിലയിരുത്തപ്പെടുന്ന സ്ഥിതിയുണ്ടാകുകയാണ്.

പെട്രോള്‍ വിലക്കയറ്റം, ബീഫ് നിരോധനം, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളൊക്കെ പല ഡയലോഗുകളിലൂടെ സിനിമയില്‍ കടന്നുവരുന്നുണ്ട്. സംഘപരിവാറിനെയും മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയിലെ തീവ്രചിന്താഗതിക്കാരെയും ഒരുപോലെ തുറന്നുകാണിക്കാന്‍ ശ്രമിക്കുന്ന ചിത്രത്തില്‍, കെ.ജി.പി എന്ന സംഘടനയിലൂടെയും നളിനന്‍ എന്ന ടിനി ടോം കഥാപാത്രത്തിലൂടെയും സംഘപരിവാര്‍ എങ്ങനെയാണ് ഓരോ സാഹചര്യങ്ങളെയും മുതലെടുക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.

സംഘപരിവാര്‍ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകൃതമായ കൃത്യമായ പദ്ധതികളോടെയാണ് നടക്കുന്നതെന്നും സിനിമയില്‍ നിന്നും വ്യക്തമാണ്. സംഘപരിവാറിന്റെ വിദ്വേഷം നടപ്പിലാകുന്ന വ്യത്യസ്തമായ രീതികളും ഇതില്‍ കാണാം. ഇന്ത്യ – പാക്കിസ്ഥാന്‍ കളിയുടെ പേരില്‍ മുസ്‌ലിങ്ങളെ ആക്രമിക്കുന്നതും, വാവയെ വാവാജിയാക്കി മാറ്റാനുള്ള ശ്രമവും, വാവ പറയുന്ന കാര്യങ്ങളെ ഒരു കെ.ജി.പി നേതാവ് വളച്ചൊടിച്ച് വര്‍ഗീയമായി അവതരിപ്പിക്കുന്ന രംഗവും സിനിമയിലെ ബുദ്ധിപൂര്‍വ്വമായ ഭാഗങ്ങളായിരുന്നു.

മറ്റെല്ലാ കാര്യങ്ങളിലും വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഹിന്ദുക്കളിലെയും മുസ്‌ലിങ്ങളിലെയും തീവ്രചിന്താഗതിക്കാര്‍ സദാചാരത്തിന്റെ കാര്യത്തില്‍ മാത്രം ഒന്നിച്ചു നില്‍ക്കുന്നതും, സദാചാര ഗുണ്ടായിസത്തിനെതിരെ നടക്കുന്ന പരിപാടിയെ ഒന്നിച്ചുനിന്ന് എതിര്‍ക്കുന്നതും ചിത്രത്തില്‍ കാണാം. മാത്രമല്ല ഇത്തരം പ്രശ്‌നങ്ങളെല്ലാം ആണുങ്ങള്‍ തമ്മിലുള്ള അഹങ്കാരത്തിന്റെയും എടുത്തുച്ചാട്ടത്തിന്റെയും പ്രതിഫലനം കൂടിയാണെന്നും വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാവുന്നതാണ്. വാവയും ഷാജഹാനും തമ്മിലുള്ള സൗഹൃദത്തിലൂടെയാണ് മതത്തിനുമപ്പുറം മനുഷ്യന്‍ വളരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സിനിമ പറയുന്നത്.

ഈ ആശയങ്ങളെയും രാഷ്ട്രീയത്തെയുമൊന്നും അതിന്റെ തീവ്രതയില്‍ പ്രേക്ഷകരിലെത്തിക്കാന്‍ കഴിയാതെ പോകുന്നതാണ് രണ്ടിന്റെ പോരായ്മയാകുന്നത്. ഓരോ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് പറയാനുള്ള ഓരോ കാര്യങ്ങളും ഉപദേശങ്ങളും ഒന്നിനു പുറകെ ഒന്നായി ചേര്‍ത്തുവെച്ചുകൊണ്ടാണ് സിനിമയുടെ കഥ നടക്കുന്നത്. ഒഴുക്കില്ലാത്ത തിരക്കഥയും കയ്യടക്കമില്ലാത്ത സംവിധാനവും മൂലം സിനിമ എന്ന നിലയില്‍ രണ്ട് അത്ര നല്ല അനുഭവമല്ല നല്‍കുന്നത്. ആദ്യം മുതല്‍ തന്നെ തുടങ്ങുന്ന ബോറടി അവസാനം വരെ തുടരുന്നുണ്ട്.

സിനിമയുടെ ക്ലൈമാക്‌സും അതില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം എന്ന നിലയില്‍ അവതരിപ്പിക്കുന്ന കാര്യങ്ങളും സിനിമാറ്റിക് എന്നതിനേക്കാള്‍ ഒരു ഉട്ടോപ്യന്‍ ശുഭപര്യവസാനമായിരുന്നു.

പ്രധാന കഥാതന്തുവുമായി ബന്ധമില്ലാത്ത മേഴ്‌സി എന്ന കഥാപാത്രവും എന്തിനാണെന്ന ചോദ്യമുണ്ടാക്കിയിരുന്നു. അവരെ അവതരിപ്പിച്ചിരിക്കുന്ന രീതിയും കുറച്ചധികം പ്രോബ്ലമാറ്റിക്കായാണ് തോന്നിയത്. വാവയുടെ ജീവിതത്തിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നായി മേഴ്‌സിയെ അവതരിപ്പിച്ചിരിക്കുന്നതും അനാവശ്യമായിരുന്നു.

നളിനിയായി ടിനി ടോം സിനിമ ആവശ്യപ്പെടുന്ന രീതിയില്‍ കട്ട സംഘപരിവാര്‍ പ്രവര്‍ത്തകനെ അവതരിപ്പിച്ചിട്ടുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണന്‍ തന്റെ ഭാഗം വലിയ തരക്കേടില്ലാതെ ചെയ്തിട്ടുണ്ട്. സുധി കോപ്പയാണ് ഷാജഹാനായി അഭിനയിച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള ചില കോമ്പിനേഷന്‍ സീനുകള്‍ നല്ല അനുഭവമായിരുന്നു. സുധി കോപ്പയുടെ അഭിനയമാണ് കൂട്ടത്തില്‍ സൂക്ഷ്മമായ എക്‌സ്പ്രഷനിലൂടെ മുന്നിട്ടുനില്‍ക്കുന്നത്.

മേക്കിങ്ങില്‍ പോരായ്മകളുണ്ടെങ്കില്‍ പോലും മതം വെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനെതിരെ, ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ അഡ്രസ് ചെയ്തുകൊണ്ട് ഒരു സിനിമയെടുക്കാന്‍ സംവിധായകന്‍ സുജിത് ലാലും തിരക്കഥാകൃത്ത് ബിനുലാല്‍ ഉണ്ണിയും നടത്തിയ ശ്രമം അഭിനന്ദിക്കപ്പെടേണ്ടതാണ്. ഈ സിനിമയില്‍ പറയുന്ന കാര്യങ്ങളോടുള്ള യോജിപ്പും എതിര്‍പ്പുമൊക്കെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Randu Movie Review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.