ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകരുടെ ഇടയില്‍ ഇക്കാലത്ത് ഏറ്റവും കൂടുതല്‍ തര്‍ക്കം നില്‍ക്കുന്ന കാര്യമാണ് വിരാട് കോഹ്‌ലിയാണോ, ബാബര്‍ അസമാണോ ബെസ്റ്റ് എന്നുള്ള കാര്യമെന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരായിട്ടാണ് ഇരുവരെയും ക്രിക്കറ്റ് ലോകം നോക്കിക്കാണുന്നത്.
നിലവില്‍ ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബാറ്ററാണ് ബാബര്‍ അസം. വിരാടാണെങ്കില്‍ ക്രിക്കറ്റിന്റെ രാജാവെന്ന് അറിയപ്പെടുന്ന താരവും. ഈ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഇരുവരുടെയും പ്രകടനം എല്ലാവരും ഉറ്റുനോക്കുന്നതാണ്.
അടുത്തിടെ, മുന്‍ പാകിസ്ഥാന്‍ പേസ് ബൗളര്‍ റാണ നവേദ് ഉല്‍ ഹസന്‍ രണ്ട് പേരെയും താരതമ്യം ചെയ്യുകയും ബാബറിനെ കോഹ്‌ലിക്ക് മുകളില്‍ റേറ്റുചെയ്യുകയും ചെയ്തു. നാദിര്‍ അലി പോഡ്കാസ്റ്റില്‍ സംസാരിക്കവെയായിരുന്നു റാണയുടെ താരതമ്യം. ബാബര്‍ വിരാടിനേക്കാള്‍ ടെക്‌നിക്കലി മികച്ചവനാണെന്നും അദ്ദേഹം പറയുന്നു.
‘ബാബര്‍ അസമിനെയും വിരാട് കോഹ്‌ലിയെയും താരതമ്യം ചെയ്യുമ്പോഴെല്ലാം, ബാബര്‍ വിരാടിനേക്കാള്‍ സാങ്കേതികമായി മികച്ചവനാണെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്, അതുകൊണ്ടാണ് അദ്ദേഹത്തിന് പരാജയങ്ങള്‍ കുറവ്. കോഹ്‌ലി അടുത്തിടെ ഒരു വര്‍ഷമോ ഒന്നര വര്‍ഷമോ മോശം ഫോമില്‍ നിന്നും കരകയറാന്‍ വിഷമിച്ചു, കാരണം അവന്‍ ഒരു ബോട്ടം ഹാന്‍ഡ് പ്ലെയറാണ്, ഈ കളിക്കാര്‍ പരാജയപ്പെടുമ്പോള്‍ അത് കൂടുതല്‍ കാലം നിലനില്‍ക്കും, ‘പോഡ്കാസ്റ്റില്‍ റാണ പറഞ്ഞു.
എന്നാല്‍ കോഹ്‌ലിക്ക് ബാബറിനേക്കാള്‍ കൂടുതല്‍ ഷോട്ടുകള്‍ ഉണ്ടെന്നും എന്നാലും ബാബര്‍ തന്റെ പരിമിതമായ ഷോട്ടുകള്‍ നന്നായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ പഴയ താളത്തിലായിരുന്നുവെങ്കില്‍ ഇവര്‍ രണ്ട് പേരില്‍ നിന്നും വിരാടിനെ എളുപ്പം പുറത്താക്കാന്‍ സാധിക്കുമെന്നും റാണ പറയുന്നു.
‘ഞാന്‍ എന്റെ പഴയ താളത്തിലായിരുന്നുവെങ്കില്‍, ബാബറിനേക്കാള്‍ എനിക്ക് കോഹ്‌ലിയെ എളുപ്പത്തില്‍ പുറത്താക്കാനാകും. എനിക്ക് നല്ല ഔട്ട് സ്വിങ്ങെറിയാനുള്ള കഴിവുണ്ടായിരുന്നു, അതിനാല്‍ എനിക്ക് അദ്ദേഹത്തെിന്റെ ബാറ്റ് എഡ്ജ് ചെയ്യിപ്പിച്ച് സ്ലിപ്പിലേക്കോ കീപ്പറിലേക്കോ ക്യാച്ച് എത്തിക്കാന്‍ സാധിക്കുമായിരുന്നു,’ റാണ കൂട്ടിച്ചേര്‍ത്തു.