തിരുവനന്തപുരം: എ.എം.എം.എ സംഘടനയിലേക്ക് തിരിച്ചു പോകാനോ മാപ്പ് പറയാനോ ഉദ്ദേശിക്കുന്നില്ലെന്ന് രമ്യ നമ്പീശന്‍. ഇന്നത്തെ സംഭവങ്ങളില്‍ ഏറെ അസ്വസ്ഥയാണ്. ഒരു സ്ത്രീയെന്ന നിലയില്‍ കെ.പി.എ.സി ലളിത സ്വീകരിച്ച നിലപാട് തീര്‍ത്തും സ്ത്രീവിരുദ്ധമാണ്.
എല്ലാം സഹിച്ചാല്‍ മാത്രമെ എ.എം.എം.എയ്ക്കുള്ളില്‍ നിലനില്‍ക്കാന്‍ സാധിക്കൂ എന്നാണ് അവര്‍ പറയുന്നത്. ആ വാക്കുകളോട് തനിക്ക് മറുപടിയില്ല. പക്ഷേ ഞങ്ങള്‍ക്കതിന് സാധിക്കില്ല. ഞങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. എല്ലാം സഹിച്ച് നില്‍ക്കുന്നവരുടെ യുക്തി എന്താണെന്ന് അറിയില്ല. കെ.പി.എ.സി ലളിതയുടെ വാര്‍ത്താസമ്മേളനത്തിലെ സാന്നിധ്യം ഏറെ സങ്കടപ്പെടുത്തുന്നു.
സിനിമാ മേഖലയേയും മറ്റു സംഘടനകളയേും തകര്‍ക്കാന്‍ വേണ്ടി രൂപംകൊണ്ടതാണ് ഡബ്ല്യൂ.സി.സി എന്ന പ്രചരണങ്ങള്‍ മനപ്പൂര്‍വമാണ്. ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്നതാണ് രീതി. അതാണ് സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങളില്‍ കണ്ടത്. വിഷയത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകും. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ പെയിഡാണ് എന്നത് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. എല്ലാവരും കൈകോര്‍ത്ത് മുന്നോട്ട് പോകണമെന്ന് തന്നെയാണ് ആഗ്രഹം, പക്ഷേ ആവശ്യമായ സമയത്ത് പ്രതികരിക്കണമല്ലോയെന്നും രമ്യ നമ്പീശന്‍ പറഞ്ഞു.
എ.എം.എം.എ സംഘടന ആരുടെകൂടെ നില്‍ക്കുന്നു എന്നത് വ്യക്തമാണ്. അതിനേക്കാള്‍ ഉപരി ഇത്തരത്തില്‍ ഒരു നിലപാടെടുക്കാന്‍ അവര്‍ക്ക് എങ്ങനെ സാധിക്കുന്നു എന്നതിലാണ് എനിക്ക് അത്ഭുതം. പ്രത്യേക രീതിയിലാണ് എല്ലാം ഫാബ്രിക്കേറ്റ് ചെയ്തിരിക്കുന്നത്. ഡബ്ല്യൂ.സി.സി പുരുഷവിരുദ്ധവും “അമ്മ” വിരുദ്ധവും ആണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നു. ഡബ്യൂ.സി.സിക്ക് അങ്ങനെ ഒരു ലക്ഷ്യമില്ല. കൂടെയുള്ള ഒരള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. സിനിമാ വ്യവസായത്തില്‍ തന്നെ ശുദ്ധീകരണത്തിന്റെ ആവശ്യമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു- രമ്യ നമ്പീശന്‍ വ്യക്തമാക്കി.
കെ.പി.എ.സി ലളിതയും സിദ്ദിഖും നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡബ്യൂ.സി.സിക്കെതിരേയും അതിലെ അംഗങ്ങള്‍ക്കെതിരേയും രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. “മൂന്നോ നാലോ നടിമാര്‍ വിചാരിച്ചാല്‍ പറിച്ചെറിയാന്‍ സാധിക്കുന്ന സംഘടനയല്ല അമ്മ. അംഗങ്ങളെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സ്വയം രാജിവെച്ചവരെ തിരിച്ചുവിളിക്കുന്ന പ്രശ്‌നമില്ലെന്നും” സിദ്ദിഖ് പറഞ്ഞിരുന്നു.
ദിലീപ് കുറ്റാരോപിതനാണ് എന്നതുകൊണ്ട് അദ്ദേഹത്തിന്റെ കഞ്ഞികുടി മുട്ടിക്കാനാണ് ഡബ്യൂ.സി.സി ശ്രമിക്കുന്നതെന്നും മോഹന്‍ലാലിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ സമ്മതിക്കില്ലെന്നും സിദ്ദീഖ് പറഞ്ഞിരുന്നു. നിങ്ങളുടെ ഭാഗത്ത് തെറ്റുള്ളതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ നിങ്ങളെ തെറിവിളിക്കുന്നതെന്നാണ് ഡബ്യൂ.സി.സിയോട് സിദ്ദിഖ് പറഞ്ഞത്.