ധര്‍മജനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ എന്റെ ആ ഡയറിയാണ് അവനെ രക്ഷിച്ചത്; അനുഭവം തുറന്ന് പറഞ്ഞ് രമേഷ് പിഷാരടി
Entertainment
ധര്‍മജനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ എന്റെ ആ ഡയറിയാണ് അവനെ രക്ഷിച്ചത്; അനുഭവം തുറന്ന് പറഞ്ഞ് രമേഷ് പിഷാരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th January 2021, 5:23 pm

ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചും സ്റ്റേജ് ഷോകള്‍ ചെയ്തും പ്രേക്ഷകമനസ്സുകളില്‍ ഇടം നേടിയ നടനാണ് രമേഷ് പിഷാരടി. കൊമേഡിയന്‍, ആങ്കര്‍, നടന്‍ എന്നീ മേഖലകളിലെല്ലാം അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.

ഡയറി എഴുതുന്ന തന്റെ ശീലത്തെക്കുറിച്ചും ആ ഡയറി കാരണം തന്റെ സുഹൃത്ത് ധര്‍മജന്‍ ഒരു കേസില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ചും പറയുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ രമേഷ് പിഷാരടി.

90 കള്‍ മുതലാണ് താന്‍ ഡയറി എഴുതാന്‍ തുടങ്ങിയതെന്നും മനസ്സില്‍ തോന്നുന്നതെന്തും കുത്തിക്കുറിച്ചിടുന്ന സ്വഭാവം തനിക്കുണ്ടെന്നും രമേഷ് പിഷാരടി പറയുന്നു. പണ്ടൊരു കേസുമായി ബന്ധപ്പെട്ട് ധര്‍മജനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ആ ഡയറിയാണ് അവനെ രക്ഷിച്ചത്. അതില്‍ ഞാനും അവനും കേസ് നടന്ന ദിവസം എവിടെയായിരുന്നെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ടായിരുന്നു. അങ്ങനെ എന്റെ എഴുത്തുശീലം കൊണ്ട് ചെറുതും വലുതുമായ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്. രമേഷ് പിഷാരടി പറയുന്നു.

എവിടെ പോവുമ്പോഴും ആ ഡയറി കൈവശം വെയ്ക്കുമെന്നും അത് പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കോളേജ് കാലത്ത് ഷൂട്ടിങ്ങ് കാണാന്‍ പോയപ്പോഴുണ്ടായ രസകരമായ ഒരു അനുഭവവും രമേഷ് പിഷാരടി അഭിമുഖത്തില്‍ പങ്കുവെച്ചു.

‘ കോളേജില്‍ പഠിക്കുമ്പോള്‍ ഉദയംപേരൂര്‍ ചെറുപുഷ്പം സ്റ്റുഡിയോയില്‍ ‘ രാക്ഷസരാജാവ് ‘ എന്ന മമ്മൂക്ക ചിത്രത്തിന്റെ ഷൂട്ടിങ് കാണാന്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ക്ലാസ് കട്ട് ചെയ്ത് പോയി. കയറുകെട്ടി തിരിച്ചിരിക്കുന്നതിനാല്‍ ദൂരെ നിന്ന് മാത്രമേ കാണാന്‍ സാധിക്കൂ. ലൊക്കേഷനില്‍ ചായയ്ക്ക് സമയമായി. സ്റ്റീല്‍ ബേസിനില്‍ ബിസ്‌ക്കറ്റുകള്‍ വിതരണം ചെയ്യുന്നു. കയറിനടിയിലൂടെ നൂണ്ടുകയറിയ കൂട്ടുകാരന്‍ സുജിത്തിന് ഒരു ബിസ്‌ക്കറ്റ് കിട്ടി. തിരിച്ചുപോരുന്ന വഴി അവന്‍ പറഞ്ഞു’ നമ്മള്‍ കഴിക്കുന്ന ബിസ്‌ക്കറ്റ് ഒന്നും അല്ലാ ട്ടോ അത്. എന്തോ ഒരു പോഷക ബിസ്‌ക്കറ്റാണ്, എനിക്ക് ഒരു ഉന്മേഷം ഒക്കെ തോന്നുന്നു’.

കാലം കടന്നുപോയി. നസ്രാണി എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കാന്‍ ഞാന്‍ പോയപ്പോള്‍ അങ്ങ് ദൂരെ നിന്നും അതാ വരുന്നു സ്റ്റീല്‍ ബേസിന്‍. അതില്‍ നിറയെ ബിസ്‌ക്കറ്റുകള്‍. അര്‍ഹതയോടെ ആദ്യമായി സിനിമാ ഭക്ഷണം കഴിക്കാന്‍ പോകുകയാണ്. അതും പോഷക ബിസ്‌ക്കറ്റ്. എനിക്ക് വല്ലാത്ത ഒരു സന്തോഷം തോന്നി. അത് കഴിക്കാതെ തന്നെ ഉള്ളില്‍ ആകെ ഒരു ഉന്മേഷം. അപ്പോ അത് കഴിച്ചാല്‍ എന്തായിരിക്കും. എടുത്തു കഴിച്ചു. സാധാരണ ബിസ്‌ക്കറ്റ്. കുറച്ചുകൂടി ലോകപരിചയമായ ഞാന്‍ ഒന്നും സംഭവിക്കാത്തതുപോലെ അതുകഴിച്ചു. ഈ ബിസ്‌ക്കറ്റിന് ഒരു പ്രത്യേകതയും ഇല്ലല്ലോ എന്ന് ചോദിക്കാന്‍ പഴയ പവിത്രത്തിന്റെ ലൊക്കേഷനില്‍ പോകാന്‍ പറ്റുന്ന കുട്ടിയല്ലല്ലോ ഞാന്‍.

ഇന്ന് ഭൂരിപക്ഷം ആളുകള്‍ക്കും സിനിമയ്ക്കുള്ളിലെ എല്ലാ കാര്യങ്ങളും അറിയാം. അവിടെ അസാധാരണമായി ഒന്നുമില്ലെന്ന സത്യവും,’ പിഷാരടി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Ramesh Pisharody shares experience about his dairy