മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത സിനിമയാണ് ഗാനഗന്ധര്‍വ്വന്‍. സിനിമയുടെ ഷൂട്ടിനിടയിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് രമേഷ് പിഷാരടി. ഒരു സീന്‍ ചെയ്യാന്‍ കഴിയില്ലെന്ന് മമ്മൂട്ടി പറഞ്ഞിരുന്നുവെന്നും രമേഷ് പറഞ്ഞു.
സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം വീട്ടില്‍ നുണ പറഞ്ഞ് പുറത്തുപോകുന്ന രംഗമുണ്ട് അത് ചെയ്യാന്‍ കഴിയില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. നുണ പറയുന്നതായി അഭിനയിക്കാന്‍ കഴിയില്ലെന്നും ഏറ്റവും സ്വാഭാവികമായി മനുഷ്യന്‍ ചെയ്യുന്ന കാര്യം നുണപറച്ചിലാണെന്നും മമ്മൂട്ടി പറഞ്ഞുവെന്നാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ രമേഷ് പിഷാരടി പറഞ്ഞത്.
‘നമ്മള്‍ ജനിക്കുമ്പോള്‍ മമ്മൂക്ക സൂപ്പര്‍ സ്റ്റാറാണ്. ഇപ്പോഴും അദ്ദേഹം സൂപ്പര്‍ സ്റ്റാറാണ്. സിനിമയല്ലാതെ മറ്റൊരു വിഷയത്തിലും അദ്ദേഹം ഫോക്കസ് ചെയ്യില്ലെങ്കിലും എല്ലാത്തിനേയും കുറിച്ച് കൃത്യമായി അറിവുണ്ട്. എല്ലാം പഠിക്കുകയും ചെയ്യുന്നയാളാണ്.
അദ്ദേഹം എന്ത് വിഷയം സംസാരിച്ചാലും എനിക്ക് വലിയ അത്ഭുതം തോന്നും. എല്ലാ കാര്യങ്ങളെ കുറിച്ചും സംസാരിക്കുന്നയാളാണ്. വളരെ അക്കാദമിക്കായി പഠിച്ചാണ് എല്ലാ കാര്യങ്ങളെ കുറിച്ചും സംസാരിക്കുന്നത്. പണ്ട് ചെയ്ത സിനിമകളെക്കുറിച്ച് വരെ കൃത്യമായി ഓര്‍ത്തിരിക്കും. സിനിമയുടെ ഏറ്റവും പുതിയ ടെക്നോളജികളെക്കുറിച്ചും സംസാരിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയില്‍ മമ്മൂക്ക വീട്ടില്‍ നുണ പറഞ്ഞിട്ട് പോകുന്നൊരു സീനുണ്ട്. ഇക്ക നുണ പറയുന്നതാണ് അടുത്ത സീനെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അതിന്റെ ഒരു സാധനം വേണമെന്നും പറഞ്ഞു. പക്ഷെ ഞാനൊന്നും ചെയ്യില്ലെന്നാണ് ഇക്ക മറുപടി പറഞ്ഞത്. ഈ ലോകത്ത് മനുഷ്യന്‍ നുണ പോലെ സ്വാഭാവികമായി പറയുന്നൊരു സാധനമില്ല. ഞാന്‍ പറയുന്നത് നുണയാണെന്ന് തിരക്കഥയിലൂടെ മനസിലാക്കികൊള്ളണമെന്നാണ് അദ്ദേഹം പറഞ്ഞത്.
നുണ പറയുന്നത് പോലെ അഭിനയിച്ചാല്‍ അത് നുണയാണെന്ന് നാട്ടുകാര്‍ക്ക് മനസിലാകും. അതിനാല്‍ ഏറ്റവും സ്വാഭാവികമായി പറയുന്ന ഒന്നായിരിക്കും നുണ. ഇങ്ങനെ ഓരോ കാര്യങ്ങളും ചിന്തിച്ച് ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. അതിനാലാണ് അദ്ദേഹം ഇവിടെ എത്തി നില്‍ക്കുന്നത്,’ രമേഷ് പിഷാരടി പറഞ്ഞു.
content highlight: ramesh pisharody about mammootty and ganagandharvan movie