തിരുവനന്തപുരം: കേരളത്തിലേക്ക് മയക്കുമരുന്നിന്റെ വരവ് കഴിഞ്ഞ കുറേ മാസങ്ങളായി ക്രമാതീതമായി വര്ധിച്ചെന്ന് മുന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തേക്ക് വരുന്ന മയക്കുമരുന്നുകളില് അഞ്ച് ശതമാനം പോലും പിടിക്കപ്പെടുന്നില്ല എന്നത് വളരെ ഞെട്ടിക്കുന്ന വസ്തുതയാണെന്നും ചെന്നിത്തല പറഞ്ഞു. ഇതിന് ആരാണ് ഉത്തരവാദിയെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില് രമേശ് ചെന്നിത്തല ചോദിച്ചു.
കഴിഞ്ഞ കുറേ മാസങ്ങളായി മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ ഭീമാകാരമായ വര്ധനവാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പത്തും പതിനഞ്ചും വയസുള്ള കുട്ടികളിലേക്കാണ് ആദ്യം ലഹരി മാഫിയ പടര്ന്ന് കയറുന്നത്. എത്ര എത്ര യുവത്വങ്ങളാണ് ഇതുമൂലം കുടുംബത്തിനും രാജ്യത്തിനും നഷ്ടപ്പെടുന്നത്. നമ്മുടെ പെണ്കുട്ടികളെ പോലും അവര് നശിപ്പിക്കുകയാണ്. തങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുവാന് അവര്ക്ക് നല്ല വിദ്യാഭ്യാസം വേണമെന്ന് ആഗ്രഹിക്കുന്ന അച്ഛനും അമ്മയും പകലന്തിയോളം പണിയെടുത്തു മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില് അഡ്മിഷന് വാങ്ങി അവരെ അവിടേക്ക് അയക്കുമ്പോള് മാതാപിതാക്കള് കാണുന്ന ഒരു സ്വപ്നമുണ്ട്, തങ്ങള് അനുഭവിച്ച ജീവിത കഷ്ടപ്പാടുകള് ഒരിക്കലും തങ്ങളുടെ കുട്ടികള് അനുഭവിക്കരുതെന്ന് അവര്ക്ക് മികച്ച വിദ്യാഭ്യാസം നല്കി മികച്ച തൊഴില് അവര്ക്ക് കിട്ടണമെന്നുമുള്ളതാണ് അവരുടെ ആ സ്വപ്നം. സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങളിലും അക്രമ സംഭവങ്ങളിലും 90 ശതമാനവും മയക്കുമരുന്ന് ഒരു പ്രധാന കാരണമാവുകയാണ്. നമ്മുടെ പൊലീസ് സംവിധാനവും എക്‌സൈസ് സംവിധാനവും എന്താണ് ചെയ്യുന്നത്? ആഭ്യന്തരത്തില് എന്താണ് സംഭവിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.
ഭരണാധികാരികളില് ഉണ്ടായ ഉള്ഭയം മൂലം പബ്ലിക് ഡ്യൂട്ടി ചെയ്യേണ്ട പൊലീസുകാര് ഭരണാധികാരികളുടെ പിറകെ പായുന്ന കാഴ്ചയാണ് കാണുവാന് സാധിക്കുന്നത്. ജനസംഖ്യക്ക് ആനുപാതികമായുള്ള പൊലീസ് അംഗബലവും വളരെയധികം അത്യാവശ്യമാണ്, രാഷ്ട്രീയം ഉപേക്ഷിക്കാതെ തന്നെ പൊലീസ് സേനകളില് കയറിപ്പറ്റിയ പലരുടെയും തനിനിറം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിന് ഒരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഇടുക്കിയില് മയക്കുമരുന്നുമായി പിടിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെത്. പൊലീസുകാര് പോലും മയക്കുമരുന്ന് ഉപയോഗിക്കുകയും അവ കച്ചവടം ചെയ്യുന്നു എന്നത് ഈ പ്രശ്‌നത്തിന്റെ ഭീബല്സമായ മുഖമാണ് നമ്മളെ കാണിച്ചുതരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കുറച്ചുദിവസം മുമ്പ് ഇടുക്കിയില് ഒരു സമരപരിപാടിയില് ഒരു യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകന്റെ കണ്ണടിച്ചുപൊട്ടിച്ച പൊലീസുകാരനും ഈ മയക്കുമരുന്നുമായി പിടിക്കപ്പെട്ട പൊലീസുകാരനും ഒരേ ക്യാമ്പില് ജോലി നോക്കുന്നവരാണ്. ഇതിലൂടെ നോക്കുമ്പോള് ആ പൊലീസുകാരനും മയക്കുമരുന്ന് ഉപയോഗമുണ്ടോ എന്ന് കൂടി സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി സമരം ചെയ്യുന്നവരോടുള്ള പൊലീസിന്റെ അതിക്രമം എന്തുകൊണ്ടാണ് വര്ധിക്കുന്നത്, എത്ര പൈശാചികമായിട്ടാണ് അവര് ആളുകളെ ഉപദ്രവിക്കുന്നത്. ഇതൊരു വലിയ ക്രമസമാധാന പ്രശ്‌നമാണ്. സര്ക്കാര് ഇപ്പോഴും ഈ പ്രശ്‌നത്തില് ഇരുട്ടില് തപ്പുന്ന കാഴ്ചയാണ് കാണുന്നത്. സര്ക്കാര് ഇടപെട്ടെ മതിയാകൂവെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.