തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് അനുകൂലമായ വിധിക്കെതിരെ പുനഃപരിശോധനക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാതെയും മുഖ്യമന്ത്രിയെ കക്ഷിചേര്‍ക്കണമെന്ന തന്റെ വാദം അംഗീകാരിക്കാതെയുള്ള വിധിയാണ് ലോകായുക്തയുടേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കണ്ണൂര്‍ വി.സി നിയമനത്തില്‍ ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മന്ത്രി ബിന്ദുവിനെതിരായ പരാതിയില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ കൂടി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന തന്റെ പുതിയ പരാതി ഫയല്‍ ചെയ്തിരുന്നു.
അത് പരിഗണിക്കാന്‍ തയ്യാറാകാതെയാണ് വിധി പ്രഖ്യാപനം നടത്തിയത്. വിധി പ്രഖ്യാപനത്തിനുശേഷം തന്റെ പരാതി കേള്‍ക്കാമെന്ന ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിനു സമാനമാണെന്ന് ചെന്നിത്തല പറഞ്ഞു.
ചട്ടങ്ങള്‍ പാടേ അവഗണിച്ചു നടത്തുന്ന ഏത് ശുപാര്‍ശകളും ഗൗരവതരമാണ്. ഇക്കാര്യങ്ങള്‍ പരിഗണിക്കാതെയുള്ള വിധി പ്രഖ്യാപനം ലോകായുക്തയുടെ നിക്ഷിപ്തമായ കടമയുടെ ലംഘനമാണ്.
യൂ.ജി.സി ചട്ടങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ട് കണ്ണൂര്‍ വി.സിയായി ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്ന് മന്ത്രി ബിന്ദു ശുപാര്‍ശ ചെയ്തുവെന്നതില്‍ മന്ത്രിക്കോ ലോകായുക്തയ്‌ക്കോ തര്‍ക്കമില്ല. മന്ത്രിയുടെ പ്രസ്തുത ശുപാര്‍ശ സ്വജനപക്ഷപാതത്തിനും അധികാര ദുര്‍വിനിയോഗത്തിനും മതിയായ തെളിവാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.