സമ്പൂര്‍ണ ലോക്ക്ഡൗണിനോട് താത്പര്യമില്ല; വാരാന്ത്യ ലോക്ക്ഡൗണ്‍ സ്വീകാര്യം: ചെന്നിത്തല
Kerala
സമ്പൂര്‍ണ ലോക്ക്ഡൗണിനോട് താത്പര്യമില്ല; വാരാന്ത്യ ലോക്ക്ഡൗണ്‍ സ്വീകാര്യം: ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th April 2021, 11:34 am

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്പൂര്‍ണ ലോക്ക്ഡൗണിനോട് യു.ഡി.എഫിന് യോജിപ്പില്ലെന്നും എന്നാല്‍ വാരാന്ത്യ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് സ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിച്ചുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ഇക്കാര്യമാണ് യോഗത്തില്‍ പറയാന്‍ പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

‘ലോക്ക്ഡൗണ്‍ വന്നുകഴിഞ്ഞാല്‍ ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലേക്ക് പോകും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും പൊതുവായ ലോക്ക്ഡൗണ്‍ ഒഴിവാക്കുകയും വേണം. ഞായറാഴ്ചത്തെ നിയന്ത്രണം നന്നായി, അതുപോലുള്ളവ ആവാം. പക്ഷേ കേരളം അടച്ചിടുന്ന നിലവന്നാല്‍ ജനങ്ങളുടെ ജീവിതത്തെ ബാധിക്കും. അത്രമാത്രം രൂക്ഷമായ വ്യാപനുണ്ടോയെന്ന കാര്യം സര്‍ക്കാര്‍ പറയുമ്പോള്‍ ഞങ്ങളുടെ പ്രതികരണം അപ്പോള്‍ പറയാം’-ചെന്നിത്തല പറഞ്ഞു.

കച്ചവടക്കാര്‍ക്ക് എത്രമണിവരെ പ്രവര്‍ത്തിക്കാമെന്ന കാര്യത്തില്‍ വ്യക്തത വരുത്തണം. 9 മണിവരെ നീട്ടിക്കൊടുക്കുന്നതില്‍ തെറ്റില്ലെന്നാണ് അഭിപ്രായം. സമയം നീട്ടിനല്‍കുമ്പോള്‍ ആളുകള്‍ പ്രോട്ടോക്കോളുകള്‍ പാലിച്ച് എത്തും. എന്നാല്‍ സമയം കുറവാണെങ്കില്‍ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനൊപ്പം പ്രതിപക്ഷം യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കൊവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തില്‍ അതിനെ നേരിടാനുള്ള സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നെന്നും രണ്ടാം തരംഗത്തിന്റെ ഈ നിര്‍ണ്ണായകഘട്ടത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും പ്രതിപക്ഷം പ്രഖ്യാപിക്കുകയാണെന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്.

ഒന്നാം ഘട്ടത്തില്‍ പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നും, ആവശ്യക്കാര്‍ക്ക് സഹായമെത്തിച്ചും യു.ഡി.എഫ്. പ്രവര്‍ത്തകരെ രംഗത്തിറക്കിയും പ്രതിപക്ഷം കോവിഡിനെതിരായ പോരാട്ടത്തില്‍ പങ്കാളികളായിട്ടുണ്ടെന്നും രണ്ടാം തരംഗത്തില്‍ കെ.പി.സി.സി. ഓഫീസില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Ramesh Chennithala About Kerala Covid and lockdown