കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അവസാന നിമിഷ മലക്കംമറിച്ചില്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ദിനേശ് ബജാജിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി. ഇതോടെ മറ്റ് അഞ്ച് സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികള്‍ മത്സരമില്ലാതെ തെരഞ്ഞെടുക്കപ്പെടും.
പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യസാങ്മൂലത്തില്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിനേശ് ബജാജിന്റെ പത്രിക തള്ളിയത്. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലമായിരുന്നു ദിനേശ് സമര്‍പ്പിച്ചത്.
ദിനേശ് ബജാജിന്റെ പത്രിക തള്ളിയതോടെ കോണ്‍ഗ്രസ്-സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ബികാഷ് രഞ്ജന്‍ ഭട്ടാചാര്യക്കാണ് നറുക്ക് വീണിരിക്കുന്നത്. നാല് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചെടുക്കാനുള്ള അംഗസംഖ്യ തൃണമൂല്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. അഞ്ചാം സീറ്റില്‍ സാധാരണ ഗതിയില്‍ സി.പി.ഐ.എം-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് വിജയിക്കേണ്ടത്. എന്നാല്‍, സി.പി.ഐ.എമ്മിന് വോട്ട് ചെയ്യാന്‍ ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തയ്യാറാവില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ വോട്ടുകള്‍ തങ്ങള്‍ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മറിഞ്ഞാല്‍ വിജയം നേടാമെന്നായിരുന്നു തൃണമൂലിന്റെ കണക്കുകൂട്ടല്‍.
സി.പി.ഐ.എമ്മുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യം തകര്‍ക്കാന്‍ മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും അവസാന ഘട്ട ശ്രമം നടത്തിയിരുന്നു. ഇതിനെ തള്ളി ബംഗാള്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മുന്‍ ലോക്സഭ സ്പീക്കര്‍ മീരാകുമാറിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുകയാണെങ്കില്‍ പിന്തുണക്കാം എന്ന തൃണമൂല്‍ കോണ്‍ഗ്രസ് വാഗ്ദാനത്തെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് തള്ളിയത്.