ഞാന്‍ സഖാവ്, പാര്‍ട്ടിക്കാരന്‍; അടയ്ക്ക രാജു എന്ന പേര് വന്ന വഴി വെളിപ്പെടുത്തി രാജു
Kerala
ഞാന്‍ സഖാവ്, പാര്‍ട്ടിക്കാരന്‍; അടയ്ക്ക രാജു എന്ന പേര് വന്ന വഴി വെളിപ്പെടുത്തി രാജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th December 2020, 11:41 am

കോട്ടയം: സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയ അഭയ കേസില്‍ സ്വന്തം മൊഴിയില്‍ ഉറച്ചുനിന്ന ഏതാനും പേരില്‍ ഒരാളായിരുന്നു രാജു. കേസില്‍ കൊലക്കുറ്റം തെളിയിക്കാന്‍ നിര്‍ണായകമായതും ഈ സാക്ഷിമൊഴിയായിരുന്നു.

അഭയ കൊല്ലപ്പെട്ട രാത്രിയില്‍ കോണ്‍വെന്റില്‍ എത്തിയ രാജു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ട് വൈദികരെ അന്ന് പുലര്‍ച്ചെ അവിടെ കണ്ടെന്നായിരുന്നു മൊഴി നല്‍കിയത്.

അഭയയ്ക്ക് നീതി ലഭിച്ചതോടെ രാജുവിന്റെ നിശ്ചയദാര്‍ഢ്യത്തെയും സത്യസന്ധതയേയും അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. എന്നാല്‍ ഇത്തരം അഭിനന്ദനങ്ങളൊന്നും താന്‍ അര്‍ഹിച്ചിട്ടില്ലെന്നും എന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്ന ഒറ്റ ആഗ്രഹമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ എന്നും പറയുകയാണ് രാജു.

മാധ്യമപ്രവര്‍ത്തകന്‍ മാത്യൂ സാമുവലുമായുള്ള സംഭഷണത്തിനിടെ തന്റെ പേര് വന്ന വഴിയെ കുറിച്ചും തന്റെ രാഷ്ട്രീയത്തെ കുറിച്ചും രാജു പറയുന്നുണ്ട്.

ഞാന്‍ അടയ്ക്കാ മോഷണക്കാരനൊന്നും അല്ല. അത് പൊലീസുകാര്‍ ഇട്ടിരിക്കുന്ന പേരാണ്. ഞാന്‍ ആകെ ഇത്രയേ ഇരിക്കുന്നുള്ളൂ. പക്ഷേ നല്ല കട്ടയാണ്. എന്നെ രാധാകൃഷ്ണന്‍ എസ്.ഐ എന്നൊരു എസ്.ഐ ഉണ്ടായിരുന്നു. അയാള്‍ കുനിച്ചങ്ങ് നിര്‍ത്തി. ഇടിക്കാനായിട്ട്.

പുള്ളിക്കാണെങ്കില്‍ ഏഴടി എട്ടടി പൊക്കമുണ്ട്. ഞാന്‍ പുള്ളിയുടെ കാലിന്റെ ഇടയിലൂടെ ഇറങ്ങി ഓടിയങ്ങ് പോയി. അന്ന് കിട്ടിയ പേരാണ് അടയ്ക്ക എന്നത്. അല്ലാതെ ഞാന്‍ അടയ്ക്ക മോഷ്ടിക്കാനൊന്നും പോയിട്ടില്ല’, രാജു പറയുന്നു.

വീടിന്റെ മുന്‍പില്‍ കൊടി കണ്ടല്ലോ സഖാവാണോ എന്ന ചോദ്യത്തിന് അതെ സഖാവാണെന്നും പാര്‍ട്ടി പ്രവര്‍ത്തകനാണെന്നുമായിരുന്നു രാജുവിന്റെ മറുപടി. ‘ഇപ്പോള്‍ മരപ്പണിയാണ് ചെയ്യുന്നത്. ഞാന്‍ ഒരു സഖാവാണ്. ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ്. യൂണിയനില്‍ പണിയെടുന്നുണ്ട്’ രാജു പറഞ്ഞു.

അഭയകേസിന്റെ ഭാഗമായി തന്നെ പൊലീസില്‍ നിന്നും വലിയ മര്‍ദ്ദനം നേരിടേണ്ടി വന്നിരുന്നുവെന്നും ഉള്ളംകൈയ്ക്കകത്ത് മേശക്കാല്‍ വെച്ച് അവര്‍ ആ മേശയ്ക്ക് മുകളില്‍ കയറിയിരുന്ന് വരെ മര്‍ദ്ദിച്ചിരുന്നെന്നും രാജു പറയുന്നുണ്ട്. താന്‍ ഒരിക്കലും ഒരു തെറ്റിന് കൂട്ടുനില്‍ക്കില്ലെന്നും രാജു പറയുന്നു.

അഭയ കേസ് വിധി അമേരിക്കയില്‍ നിന്നുവരെ ആളുകള്‍ വിളിച്ചു. എത്രയോ പേര്‍ വിളിച്ചു. എനിക്ക് എന്റെ കുഞ്ഞിന് നീതി വേണമായിരുന്നു. ആ കുഞ്ഞിന് അച്ഛനുണ്ടോ അമ്മയുടെ ആങ്ങളമാരുണ്ടോ പെങ്ങളുണ്ടോ എന്നൊന്നും എനിക്ക് അറയില്ല. എന്റെ മകള്‍ക്ക് കിട്ടേണ്ട നീതി കിട്ടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Raju Explains His Connection With CPIM and reveal the story about his name